രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് പാലക്കാട്ട് എത്തിയേക്കില്ല, മണ്ഡലത്തിൽ നിയമസഭയ്ക്ക് ശേഷം മതിയെന്ന് ധാരണ

Saturday 20 September 2025 10:15 AM IST

പാലക്കാട്: ലൈംഗിക ആരോപണം നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഇന്ന് തന്റെ മണ്ഡലമായ പാലക്കാട്ടേക്ക് എത്തില്ലെന്ന് സൂചന. നിയമസഭാ സമ്മേളനം കഴിഞ്ഞ് മണ്ഡലത്തിൽ പ്രവേശിച്ചാൽ മതിയെന്നാണ് ധാരണ. ശനിയാഴ്ച പാലക്കാട്ടേക്ക് എത്തുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചത്. ഇപ്പോൾ പാർട്ടി ഇടപെട്ട് രാഹുലിന്റെ വരവ് മാറ്റിവച്ചെന്നാണ് വിവരം.

ഇന്നും നാളെയുമായി മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാനായിരുന്നു രാഹുലിന്റെ തീരുമാനം. എന്നാൽ പാലക്കാട്ടെത്തിയാൽ നിയമസഭയിൽ പ്രതിപക്ഷം ഉന്നയിക്കുന്ന വിഷയങ്ങൾ ഗൗരവത്തിലെത്തില്ലെന്നും വാർത്തകൾ രാഹുലിലേക്ക് ചുരുങ്ങുമെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ. ഇതോടെ രാഹുൽ തീരുമാനം മാറ്റുകയായിരുന്നു.

രാഹുൽ പാലക്കാട് എത്തിയാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം. എംഎൽഎ എന്ന നിലയിൽ പങ്കെടുക്കുന്ന പരിപാടികളിൽ പ്രതിഷേധമുണ്ടാകുമെന്നാണ് ബിജെപിയും ഡിവൈഎഫ്‌ഐയും മുന്നറിയിപ്പ് നൽകുന്നത്. എംഎൽഎ ഓഫീസിലേക്ക് എത്തിയാലും പ്രതിഷേധം ഉണ്ടാകുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

രാവിലെ നാല് മണി മുതൽ പാലക്കാടിന്റെ പല ഭാഗങ്ങളിലായി രാഹുലിനെ തടയാനായി ബിജെപി പ്രവർത്തകർ സജ്ജമായി നിൽക്കുകയാണ്. എംഎൽഎ ഓഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുന്നതിനുവേണ്ടിയും ഒരു സംഘം എത്തിയിട്ടുണ്ട്. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് എംഎൽഎ ഓഫീസിന് മുന്നിൽ എത്തിയത്. ഓഫീസിന് മുന്നിലെ മതിലിൽ രാഹുലിനെ പരിഹസിച്ചുകൊണ്ടുള്ള പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. 'സ്ത്രീപീഡന വീരനെ പാലക്കാടിന് വേണ്ട' എന്ന് തുടങ്ങിയ വാചകങ്ങൾ എഴുതിയ പ്ലക്കാർഡുകളും ഇവരുടെ കയ്യിലുണ്ട്.