ആർഎസ്എസുമായി ചർച്ചനടത്തി, സഹകരിച്ചത് ആറ് കേന്ദ്രസർക്കാരുകളുമായി: വെളിപ്പെടുത്തലുമായി വിഘടനവാദി  നേതാവ് 

Saturday 20 September 2025 10:18 AM IST

ശ്രീനഗർ: കാശ്‌മീരിൽ സമാധാനം കൊണ്ടുവരുന്നതിനും പ്രശ്നപരിഹാരത്തിനുമായി 1990മുതലുള്ള ആറ് കേന്ദ്രസർക്കാരുകളുമായി സഹകരിച്ചിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി വിഘടനവാദി നേതാവ് യാസീൻ മാലിക്ക്. ശ്രീനഗറിലെ തന്റെ വസതിയിൽ പലതവണ രണ്ട് ശങ്കരാചാര്യന്മാരുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും 2011ൽ ഡൽഹിയിൽ മുതിർന്ന ആർഎസ്എസ് നേതാക്കളുമായി അഞ്ചുമണിക്കൂറോളം ചർച്ചനടത്തിയെന്നും മാലിക്ക് പറയുന്നുണ്ട്. വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് എൻഐഎയുടെ ഹർജിയിൽ മാലിക്ക് നൽകിയ സത്യവാംഗ്‌മൂലത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. ഭീകരവാദ ഫണ്ടിംഗുമായി ബന്ധപ്പെട്ടകേസിൽ തീഹാർ ജയിലിൽ ജീവപര്യന്തം തടവിൽ കഴിയുകയാണ് ജമ്മുകാശ്മീർ ലിബറേഷൻ ഫ്രണ്ട് മേധാവി മാലിക്ക് ഇപ്പോൾ.

'ഞാൻ നടത്തിയ സമാധാനശ്രമങ്ങളെ പ്രധാനമന്ത്രിയായിരുന്ന എബി വാജ്‌പേയിയും ആഭ്യന്തരമന്ത്രിയായിരുന്ന എൽകെ അദ്വാനിയും പിന്തുണച്ചിരുന്നു. വാജ്‌പേയി കാശ്മീരിൽ ഐകകണ്ഠ്യേന റംസാൻ വെടിനിറുത്തൽ പ്രഖ്യാപിച്ചതിന് പിന്നിലും എന്റെ സ്വാധീനമുണ്ടായിരുന്നു. എൻഡിഎ സർക്കാരിന്റെ കാലത്ത് 2001ലാണ് ജീവിതത്തിലാദ്യമായി പാസ്‌പോർട്ട് ലഭിച്ചത്. അതുപയോഗിച്ച് യുഎസ്, യുകെ, സൗദിഅറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ യാത്രചെയ്തിട്ടുണ്ട്. വിവേകാനന്ദ ഇന്റർ നാഷണൽ ഫൗണ്ടേഷന്റെ അന്നത്തെ ചെയർപേഴ്‌സൺ അഡ്മിറൽ കെകെ നായർ പലതവണ ഉച്ചഭക്ഷണത്തിന് അദ്ദേഹത്തിന്റെ വീട്ടിലേക്കും ഇന്ത്യ ഇന്റർനാഷണൽ സെന്ററിലേക്കും ക്ഷണിച്ചിട്ടുണ്ട്.

സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ ആവശ്യപ്രകാരം 2006ൽ ലഷ്കർ ഇ തയ്ബ തലവനായ ഹാഫിസ് സയീദുമായി കൂടിക്കാഴ്ച നടത്തി. ഇതിന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അഭിനന്ദിച്ചു.1990ലെ അറസ്​റ്റിനുശേഷം വിപി സിംഗ്, ചന്ദ്രശേഖർ, നരസിംഹറാവു, ദേവഗൗഡ, ഐ.കെ. ഗുജ്റാൾ, വാജ്‌പേയി, മൻമോഹൻ സിംഗ് തുടങ്ങിയ പ്രധാനമന്ത്രിമാരുടെ കീഴിലുള്ള ഉദ്യോഗസ്ഥരുമായി നിരന്തരം ആശയവിനിമയം നടത്തിയിരുന്നു'-സത്യവാംഗ്മൂലത്തിൽ മാലിക്ക് പറയുന്നു.

സത്യാവാംഗ്‌മൂലത്തിലെ വിവരങ്ങൾ പുറത്തുവന്നെങ്കിലും അതിൽ സൂചിപ്പിച്ച നേതാക്കളോ സംഘടനകളോ ഇക്കാര്യത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.