തുടരും, എമ്പുരാൻ എന്നിവയെ വീഴ്‌ത്തി; മലയാളത്തിലെ ഏറ്റവും പുതിയ ഇൻഡസ്ട്രിയൽ ഹിറ്റായി കല്യാണിയുടെ ലോക

Saturday 20 September 2025 3:40 PM IST

മലയാളത്തിലെ ഏറ്റവും പുതിയ ഇൻഡസ്ട്രിയൽ ഹിറ്റായി കല്യാണി പ്രിയദർശൻ ചിത്രം 'ലോക - ചാപ്ടർ വൺ: ചന്ദ്ര'. 267 കോടി രൂപ ആഗോള കളക്ഷൻ നേടിയാണ് ചിത്രം ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് വെറും 24 ദിവസം കൊണ്ടാണ് മലയാളത്തിലെ ഓൾടൈം റെക്കാഡ് ആഗോള ഗ്രോസർ ആയി ലോക മാറിയിരിക്കുന്നത്. തെന്നിന്ത്യൻ സിനിമയുടെ ചരിത്രത്തിലാദ്യമായി നായികാതാരം ടൈറ്റിൽ വേഷത്തിലെത്തിയ ചിത്രം നേടുന്ന ഏറ്റവും വലിയ ആഗോള കളക്ഷനാണിത്.

2025ൽ മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായ എമ്പുരാനെയും മറികടന്നാണ് ലോക മുന്നിലെത്തിയിരിക്കുന്നത്. 266 കോടിയാണ് എമ്പുരാന്റെ ആഗോള കളക്ഷൻ. ഇന്ത്യയിൽ നിന്നുമാത്രം 150 കോടി രൂപ കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമാണ് ലോക. കേരളത്തിൽ നിന്നുമാത്രം 100 കോടി നേടുന്ന രണ്ടാമത്തെ ചിത്രവും. ബുക്ക് മൈ ഷോയിലും ചിത്രം ഓൾടൈം റെക്കാഡ് നേടിയിരുന്നു. ഒരു മലയാള സിനിമയ്ക്ക് ബുക്ക് മൈ ഷോ വഴി ലഭിക്കുന്ന ഏറ്റവും ഉയ‌ർന്ന ടിക്കറ്റ് വിൽപനയാണ് ലോകയുടേത്. 4.51 ലക്ഷം ടിക്കറ്റുകൾ വിറ്റ മോഹൻലാൽ ചിത്രം 'തുടരും' മറികടന്നാണ് ലോകയുടെ നേട്ടം.

ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് ലോക നിർമിച്ചത്. അഞ്ച് ഭാഗങ്ങളുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കേരളത്തിലെ പ്രശസ്തമായ ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയത്. നസ്‌ലെൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിങ്ങനെ വൻ താരനിരയും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം: ജേക്‌സ് ബിജോയ്, എഡിറ്റർ: ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ: ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, വേഫെറർ ഫിലിംസ് ആണ് വിതരണം.