ഇന്ത്യയുമായി യുദ്ധമുണ്ടായാൽ പാകിസ്ഥാനെ സൗദി അറേബ്യ പിന്തുണക്കും; സംയുക്തമായി പ്രതിരോധിക്കുമെന്ന് പാക് പ്രതിരോധ മന്ത്രി

Saturday 20 September 2025 5:59 PM IST

ഇസ്‌ലാമാബാദ്: ഇന്ത്യയുമായി യുദ്ധം ഉണ്ടായാൽ പാകിസ്ഥാനെ സൗദി അറേബ്യ പിന്തുണയ്ക്കുമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പുവച്ച പുതിയ പ്രതിരോധ കരാറിനെ ഉദ്ധരിച്ചാണ് അദ്ദേഹത്തിന്റെ പ്രസ്താവന. ഏതെങ്കിലും ഒരു രാജ്യത്തിനെതിരെ ആക്രമണം ഉണ്ടായാൽ അത് ഇരു രാജ്യങ്ങൾക്കുമെതിരെയുള്ള ആക്രമണമായി കണക്കാക്കി സംയുക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

"കൂട്ടായ പ്രതിരോധത്തെക്കുറിച്ചുള്ള നാറ്റോ കരാറിലെ ആർട്ടിക്കിൾ അഞ്ചിന് സമാനമാണിത്. അതായത്, സഖ്യത്തിലെ ഒരു അംഗത്തിനെതിരെയുള്ള സൈനിക ആക്രമണം എല്ലാവർക്കുമെതിരെയുള്ള ആക്രമണമായി കണക്കാക്കും. സൗദി അറേബ്യയുമായുള്ള കരാറിന്റെ ലക്ഷ്യം ആക്രമണമല്ല, പ്രതിരോധമാണ്. സൗദി അറേബ്യയ്‌ക്കോ പാകിസ്ഥാനോ നേരെ ആക്രമണം ഉണ്ടായാൽ, ഞങ്ങൾ സംയുക്തമായി അതിനെ പ്രതിരോധിക്കും. ഈ കരാർ ഏതെങ്കിലും ആക്രമണത്തിന് ഉപയോഗിക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല.'- ഖ്വാജ ആസിഫ് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധം ഉണ്ടായാൽ സൗദി അറേബ്യ തീർച്ചയായും ഇടപെടും. അതിൽ സംശയമില്ലെന്നാണ് ഖ്വാജ ആസിഫിന്റെ പ്രഖ്യാപനം.

പാകിസ്ഥാന്റെ ആണവായുധങ്ങൾ ഉപയോഗിക്കാനുള്ള അനുമതി സൗദി അറേബ്യക്കും അനുവദിക്കും. സൗദി അറേബ്യയെ സംബന്ധിച്ച് ഇന്ത്യയുടെ നാലാമത്തെ വലിയ വ്യാപാര പങ്കാളിയാണ് ഇന്ത്യ. അതേസമയം, ഇന്ത്യക്ക് സൗദി അറേബ്യ രണ്ടാമത്തെ വലിയ പങ്കാളിയാണ്. 2024-25ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 4,188 കോടി രൂപയായിരുന്നു. എന്നാൽ പാകിസ്ഥാനുമായുള്ള പ്രതിരോധ കരാർ ഈ സൗഹൃദത്തെ ബാധിച്ചേക്കുമെന്ന ആശങ്കയുണ്ട്. അതേസമയം സമാനമായ തന്ത്രപ്രധാന പ്രതിരോധ കാരാറുകളിൽ മറ്റ് രാജ്യങ്ങളും താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ വ്യക്തമാക്കി.

സൗദി അറേബ്യയും പാകിസ്ഥാനും തമ്മിലുള്ള പുതിയ കരാറിനെക്കുറിച്ച് തങ്ങൾക്ക് അറിയാമായിരുന്നുവെന്നും, ഇന്ത്യയുടെ ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കിയിരുന്നു.