വി.ഡി. സതീശൻ കാട്ടിയ മാതൃക

Sunday 21 September 2025 3:11 AM IST

എന്തെങ്കിലും അനീതി കണ്ടാൽ ഒളിച്ചുവയ്ക്കേണ്ടതില്ലെന്നും, അത് വെളിപ്പെടുത്തണമെന്നും ഒരുപക്ഷേ, അത്തരമൊരു കാര്യം സ്വയം ചെയ്തതാണെങ്കിലും തുറന്നുപറയാൻ മടിക്കരുതെന്നും മഹാത്മാഗാന്ധി പറഞ്ഞിട്ടുണ്ട്. അംഗങ്ങൾ പരസ്പരം ചെളിവാരിയെറിയുന്നതും ആരോപണ പ്രത്യാരോപണങ്ങൾ നടത്തുന്നതും പതിവായ കേരള നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കഴിഞ്ഞ ദിവസം നടത്തിയ ക്ഷമ പറച്ചിൽ സഭയ്ക്കാകെ മാതൃകയായെന്നു മാത്രമല്ല ജനാധിപത്യത്തിന്റെ സൗന്ദര്യം പ്രകടമാക്കുന്നതുമായിരുന്നു.

തെറ്റുപറ്റിയാൽ എന്തെങ്കിലും ന്യായം പറഞ്ഞ് ഉരുണ്ടുകളിക്കുന്ന സമീപനമാണ് പൊതുവെ രാഷ്ട്രീയ പ്രവർത്തകരിൽ നിന്ന് ഉണ്ടാകാറുള്ളത്. എന്നാൽ സ്വന്തം നാവിൽനിന്നും വന്ന പിഴവ് തിരിച്ചറിഞ്ഞ് അത് പിൻവലിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്തതിലൂടെ പാർലമെന്ററി സമ്പ്രദായത്തിനെന്നല്ല പൊതു സമൂഹത്തിനാകെ ഉത്തമമായ മാതൃകയാണ് സതീശൻ കാട്ടിയത്. ഉയർന്ന ചിന്തയും നീതിബോധവും രാഷ്ട്രീയ നേതാക്കളിൽ നിന്ന് പ്രതീക്ഷിക്കുന്ന പുതുതലമുറയ്ക്ക് പ്രത്യാശ പകരുന്ന സമീപനം കൂടിയാണിത്. മന്ത്രി ജി.ആർ. അനിൽ പച്ചക്കള്ളം പറയുന്നെന്ന് കഴിഞ്ഞദിവസം സതീശൻ നടത്തിയ പരാമർശമാണ് ഇതിനെല്ലാം നിമിത്തമായത്. വ്യാഴാഴ്ച വിലക്കയറ്റത്തിനെതിരെ കോൺഗ്രസിലെ പി.സി. വിഷ്ണുനാഥ് കൊണ്ടുവന്ന അടിയന്തര പ്രമേയത്തിലെ ചർച്ചയിലായിരുന്നു പരാമർശം. പറവൂരിലെ ഓണച്ചന്ത ഉദ്ഘാടനം ചെയ്തുള്ള പ്രസംഗത്തിൽ വിലക്കയറ്റം തടയാൻ സർക്കാർ സ്വീകരിച്ച നടപടികളെ സതീശൻ പ്രകീർത്തിച്ചിരുന്നെന്ന് മന്ത്രി അനിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ താൻ അവിടെ വിളക്കുകൊളുത്തുക മാത്രമാണ് ചെയ്തതെന്നും പ്രസംഗിച്ചിട്ടില്ലെന്നും മന്ത്രി പച്ചക്കള്ളമാണ് പറയുന്നതെന്നും സതീശൻ വാദിച്ചു. പ്രസംഗിച്ചതിന്റെ വീഡിയോ ക്ളിപ്പ് കൈവശമുണ്ടെന്നും സതീശന് വേണമെങ്കിൽ ഷെയർ ചെയ്യാമെന്നും മന്ത്രി മറുപടിയും നൽകി. വെള്ളിയാഴ്ച മന്ത്രി അനിൽ വിഷയം വീണ്ടും ഉന്നയിച്ചു.

പറവൂരിൽ സതീശൻ പ്രസംഗിക്കുന്നതിന്റെ വീഡിയോ ഹാജരാക്കാമെന്നും അത് സഭാ രേഖയിൽ ഉൾപ്പെടുത്തണമെന്നുമായിരുന്നു മന്ത്രിയുടെ ആവശ്യം. ആ സമയത്ത് പ്രതിപക്ഷാംഗങ്ങൾ വാക്കൗട്ട് കാരണം സഭയിൽ ഉണ്ടായിരുന്നില്ല. അല്പ സമയം കഴിഞ്ഞ് തിരികെ സഭയിൽ എത്തിയപ്പോഴാണ് സതീശൻ തന്റെ പരാമർശം പിൻവലിച്ച് ക്ഷമ ചോദിച്ചത്. തനിക്ക് ഓർമ്മപ്പിശക് സംഭവിച്ചതാണെന്നും, പെട്ടെന്നുണ്ടായ പ്രകോപനത്താലാണ് മന്ത്രിയുടേത് പച്ചക്കള്ളമാണെന്ന് പറഞ്ഞതെന്നും സതീശൻ വിശദീകരിച്ചു. പച്ചക്കള്ളം എന്ന വാക്ക് അൺ പാർലമെന്ററിയാണെന്നും വാസ്തവ വിരുദ്ധം എന്നേ പറയാവൂ എന്നും മാത്യു ടി. തോമസ് സതീശന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. തുടർന്ന് പച്ചക്കള്ളം എന്ന വാക്ക് സഭാരേഖയിൽനിന്ന് നീക്കാനും സ്പീക്കർക്ക് കത്ത് നൽകി. പ്രതിപക്ഷ നേതാവിന്റേത് അനുകരണീയ മാതൃകയാണെന്ന് വിശേഷിപ്പിച്ച സ്പീക്കർ എ.എൻ. ഷംസീർ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു.

രാഷ്ട്രീയം ജയപരാജയങ്ങളുടെയും ലാഭനഷ്ടക്കണക്കുകളുടെയും വിലയിരുത്തലിനുള്ള വേദിയല്ലെന്നു മനസിലാക്കുന്നവർക്ക് മാത്രമേ ഈ രീതിയിൽ പ്രതികരിക്കാൻ കഴിയുകയുള്ളു. തെറ്റുപറ്റാത്ത മനുഷ്യരില്ല. എന്നാൽ അത് തെറ്റാണെന്ന് തിരിച്ചറിയുമ്പോൾ പരസ്യമായി തിരുത്താൻ ആർജ്ജവമുള്ളവർക്കേ കഴിയുകയുള്ളു. കഴിഞ്ഞ രണ്ടരപ്പതിറ്റാണ്ടായി നിയമസഭാ സാമാജികൻ ആയി തുടരുന്ന വി.ഡി. സതീശൻ കാര്യങ്ങൾ പഠിച്ചു അവതരിപ്പിക്കുന്നതിലും , പ്രതിപക്ഷ നേതാവിന്റെ ഉത്തരവാദിത്വം സമർത്ഥമായി പ്രകടിപ്പിക്കുന്നതിലും മികവ് കാട്ടുന്ന നേതാവാണ്.

രാഷ്ട്രീയത്തിൽ മാത്രമല്ല, പൊതുജീവിതത്തിന്റെ വിവിധ മേഖലകളിൽനിന്നും തന്നെ മൂല്യബോധം ചോർന്നുപോകുന്നകാലമാണിത് . അടുത്തിടെയായി മനുഷ്യർക്കിടയിൽ ഏറ്റുമുട്ടലുകളും പകവീട്ടലുമൊക്കെ വർദ്ധിച്ചുവരികയാണ്. വാർത്താ ചാനലുകൾ തുറക്കുമ്പോൾ തെരുവുകളിൽ നിസാര കാര്യങ്ങളുടെ പേരിൽ ഏറ്റുമുട്ടുന്ന കാഴ്ചകൾ പതിവായിരിക്കുന്നു. പൊതു സമൂഹത്തെ നയിക്കുന്നവർ ഉജ്ജ്വല മാതൃകകളാകുമ്പോഴാണ് അതിലൊക്കെ അല്പമെങ്കിലും മാറ്റം ഉണ്ടാകാനിടയുള്ളത്. എന്തായാലും വി.ഡി. സതീശനിൽ നിന്നുണ്ടായ പക്വതയാർന്ന പെരുമാറ്റം ഏവർക്കും അനുകരിക്കാവുന്ന ഒന്നാണ്. അദ്ദേഹത്തെ അഭിനന്ദിക്കാൻ കൂടി ഈ അവസരം വിനിയോഗിക്കുന്നു.