നീല സമ്പദ് വ്യവസ്ഥയുടെ മികച്ച സാദ്ധ്യതകൾ

Sunday 21 September 2025 3:26 AM IST

വളർച്ചയുടെ പുതിയ അവസരങ്ങളാവും സമുദ്രം ഭാവിയിൽ കേരളത്തിന് പ്രദാനം ചെയ്യുക. യൂറോപ്യൻ യൂണിയന്റെയും കേന്ദ്ര സർക്കാരിന്റെയും സഹകരണത്തോടെ സംസ്ഥാന ഫിഷറീസ് വകുപ്പ് കോവളത്ത് സംഘടിപ്പിച്ച ദ്വിദിന കോൺക്ളേവ്, സമുദ്ര മേഖലയിലെ പദ്ധതികൾ കേരളത്തിന് വലിയ നേട്ടമായി മാറുമെന്നാണ് വിലയിരുത്തിയത്. വിഴിഞ്ഞം തുറമുഖം ഒരു വർഷത്തിനിടെ 10 ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തത് ശ്രദ്ധേയമായ നേട്ടമാണെന്ന് കോൺക്ളേവിൽ പങ്കെടുത്ത ഫിന്നിഷ് അംബാഡഡർ കിമ്മോ ലഹ്‌ദേവിത്ര ചൂണ്ടിക്കാട്ടിയത് രാജ്യാന്തര നിക്ഷേപകരെ ആകർഷിക്കാൻ സഹായകരമായി മാറാതിരിക്കില്ല.

സംസ്ഥാനത്ത് മത്സ്യമേഖല, ഷിപ്പിംഗ്, പുനരുപയോഗ ഊർജ്ജം തുടങ്ങി വിവിധ മേഖലകളിലായി 7288 കോടിയുടെ ആഭ്യന്തര നിക്ഷേപത്തിന് കോൺക്ളേവിന്റെ ഭാഗമായി ധാരണാപത്രം ഒപ്പിടുകയും ചെയ്തു. 'രണ്ട് തീരങ്ങൾ, ഒരേ കാഴ്ച‌പ്പാട്" എന്ന പ്രമേയത്തിലാണ് 'ബ്ളൂ ടൈഡ്‌സ്: കേരള- യൂറോപ്യൻ യൂണിയൻ ബ്ളൂ എക്കണോമി" എന്ന കോൺക്ളേവ് സംഘടിപ്പിച്ചത്. യൂറോപ്യൻ യൂണിയനുമായുള്ള സഹകരണത്തിൽ വലിയ സാദ്ധ്യതയാണ് കേരളം കാണുന്നതെന്ന് കോൺക്ളേവ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. യൂറോപ്യൻ യൂണിയനുമായി സഹകരിക്കുന്നതിലൂടെ നമ്മുടെ മത്സ്യത്തൊഴിലാളികൾക്കും സംരംഭകർക്കും അവസരങ്ങൾ വർദ്ധിക്കും. അതിനാൽ ഏറ്റവും പ്രധാനമായി നീല സമ്പദ്‌വ്യവസ്ഥയുടെ ദർശനം കേരളം സ്വീകരിക്കുന്നു. സമുദ്ര സാങ്കേതിക വിദ്യകൾ, സമുദ്ര ഭരണം, സുസ്ഥിരതാ ചട്ടക്കൂടുകൾ എന്നിവയിൽ ആഗോള നേതൃത്വം നൽകുന്ന യൂറോപ്യൻ യൂണിയനുമായുള്ള പങ്കാളിത്തം വാണിജ്യ ബന്ധങ്ങൾ വിപുലീകരിക്കാൻ കേരളത്തിന് അവസരമൊരുങ്ങുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

18 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാരും പ്രതിനിധികളുമാണ് സമ്മേളനത്തിൽ പങ്കെടുത്തത്. സമ്മേളനത്തിൽ പങ്കെടുത്ത വിദഗ്ദ്ധർ നീല സമ്പദ് വ്യവസ്ഥയെക്കുറിച്ച് ഇന്ത്യയിലെയും യൂറോപ്പിലെയും വ്യത്യസ്ത ചിന്തകൾ പങ്കുവച്ചു. മുന്നോട്ടുള്ള പ്രയാണത്തിൽ സഹകരിക്കാനുള്ള സന്നദ്ധതയും ഇവർ പ്രകടിപ്പിച്ചു. സുസ്ഥിര തുറമുഖ സംവിധാനം, കണക്ടിവിറ്റി, സർവകലാശാലകളും തുറമുഖ അധികാരികളും ഉൾപ്പെടുന്ന ഗവേഷണ സംവിധാനം എന്നിവയിൽ വർഷങ്ങളുടെ പരിചയസമ്പത്ത് ഉള്ളതിനാൽ റൊമേനിയൻ കമ്പനികൾക്ക് ഇന്ത്യൻ തുറമുഖങ്ങളിൽ വളരെയധികം താത്‌പര്യമുണ്ടാകുമെന്ന് റൊമേനിയൻ അംബാസഡർ സെന ലത്തീഫ് ചൂണ്ടിക്കാട്ടി.

സമുദ്രങ്ങളിലുടനീളമുള്ള പങ്കാളിത്തങ്ങൾക്ക് എങ്ങനെ കൂടുതൽ തിളക്കമുള്ള ഭാവി കെട്ടിപ്പടുക്കാനാവുമെന്ന് യൂറോപ്യൻ യൂണിയനുമായുള്ള സഹകരണത്തിലൂടെ കേരളം ലോകത്തിന് കാണിച്ചു നൽകാൻ ശ്രമിക്കുമെന്ന് ഉദ്ഘാടന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. വിഴിഞ്ഞത്തേക്കുള്ള 18 അംബാസഡർമാരുടെ സന്ദർശനം സംസ്ഥാനത്തെ സംബന്ധിച്ച് സുപ്രധാനമാണെന്നും റെയിൽ, റോഡ് കണക്ടിവിറ്റി വേഗത്തിൽ രൂപപ്പെടുന്നതോടെ അന്താരാഷ്ട്ര കമ്പനികൾക്ക് ധാരാളം നിക്ഷേപാവസരങ്ങൾ തുറന്നുകിട്ടുമെന്നുമാണ് സംസ്ഥാന തുറമുഖ സെക്രട്ടറി ഡോ.എ. കൗസിഗൻ പറഞ്ഞത്. അതിനാൽ യുദ്ധകാലാടിസ്ഥാനത്തിൽ റോഡ്, റെയിൽ കണക്റ്റിവിറ്റി പൂർത്തിയാക്കുന്നതിന് സംസ്ഥാന സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് പ്രതീക്ഷിക്കാം. തീര മേഖലയുടെ സമൃദ്ധിയും അടിസ്ഥാന സൗകര്യങ്ങളുടെ മികവും കേരളത്തിന് നീല സമ്പദ് വ്യവസ്ഥയിൽ ഏറെ മുന്നേറാനുള്ള സാദ്ധ്യതയാണ് ഒരുക്കിയിരിക്കുന്നത്.