മലയാളത്തിന്റെ അഭിമാനം; മോഹൻലാലിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം, ചൊവ്വാഴ്ച സമ്മാനിക്കും

Saturday 20 September 2025 6:29 PM IST

ന്യൂഡൽഹി: മലയാളത്തിന്റെ അഭിമാന താരം മോഹൻലാലിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം. സിനിമാ മേഖലയിലെ സമഗ്ര സംഭവനയ്ക്കാണ് പുരസ്കാരം. 2023ലെ പുരസ്കാരം ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന ദേശീയചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ സമ്മാനിക്കും.

തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹൻലാലിന്റെ സിനിമായാത്രകളെന്ന് പുരസ്കാര വാർത്ത പുറത്തുവിട്ടുകൊണ്ടുള്ള കുറിപ്പിൽ പറയുന്നു. നടനും സംവിധായകനും നിർമാതാവുമായ മോഹൻലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വെെദഗ്ദ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സുവർണസ്ഥാനം നേടിയെന്നും കുറിപ്പിലുണ്ട്.

ഇന്ത്യൻ ചലച്ചിത്രത്തിന്റ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ സ്മരണാർത്ഥം 1969 മുതൽ ഭാരത സർക്കാർ നൽകുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണിത്. മലയാളിയായ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് 2004ൽ പുരസ്കാരം ലഭിച്ചിരുന്നു. ഇത് രണ്ടാം തവണയാണ് ഒരു മലയാളിക്ക് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്.