പെൺകുട്ടിയോട് ലെെംഗികാതിക്രമം; പിതാവിന്റെ സുഹൃത്തിനെ കെെയേറ്റം ചെയ്ത് നാട്ടുകാർ

Saturday 20 September 2025 6:45 PM IST

കൊച്ചി: സുഹൃത്തിന്റെ മകളോട് ലെെംഗികാതിക്രമം കാട്ടിയ യുവാവ് പിടിയിൽ. അഖിൽ എന്നയാളാണ് പിടിയിലായത്. പറവൂരിലെ ഹോട്ടലിലായിരുന്നു സംഭവം. പെൺകുട്ടിയോട് ലെെംഗികാതിക്രമം നടത്തുന്നത് കണ്ട ഹോട്ടൽ ജീവനക്കാരും നാട്ടുകാരും ചേർന്ന് അഖിലിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ പോക്‌സോ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

പറവൂരിലെ ഒരു ഹോട്ടലിൽ പെൺകുട്ടിയും സഹോദരനും പിതാവും പിതാവിന്റെ സുഹൃത്തുമായാണ് ഭക്ഷണം കഴിക്കാൻ എത്തിയത്. ഇതിനിടെ പെൺകുട്ടിയുടെ പിതാവ് പുറത്തേക്കിറങ്ങി. ഈ സമയത്ത് പ്രതിയായ അഖിൽ സുഹൃത്തിന്റെ മകളോട് അതിക്രമം കാണിക്കുകയായിരുന്നു. ഇത് കണ്ട ഹോട്ടൽ ജീവനക്കാർ ഇടപെട്ടതോടെ നാട്ടുകാരും സ്ഥലത്തെത്തി ഇയാളെ പിടികൂടി.

അഖിൽ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പെൺകുട്ടിയും പരാതി പറഞ്ഞതോടെ നാട്ടുകാർ അഖിലിനെ കെെയേറ്റം ചെയ്തതിന് ശേഷം പൊലീസിൽ ഏൽപ്പിച്ചു. അഖിലിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.