'ഇപ്പോഴാണ്  വിവരം  അറിഞ്ഞത്, ഇത് എന്റെ മാത്രം അംഗീകാരമല്ല';പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരിച്ച് മോഹൻലാൽ

Saturday 20 September 2025 7:26 PM IST

ചെന്നെെ: ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തിന് തന്നെ തിരഞ്ഞെടുത്തതിൽ ഒരുപാട് സന്തോഷവും നന്ദിയുമുണ്ടെന്ന് നടൻ മോഹൻലാൽ. ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം പ്രഖ്യാപിച്ചതിന് ശേഷം ഒരു മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഗ്ബോസിന്റെ സെറ്റിൽ വച്ചാണ് വിവരം അറിയുന്നതെന്നും നടൻ കൂട്ടിച്ചേർത്തു.

'ഇപ്പോഴാണ് വിവരം അറിഞ്ഞത്. ചെന്നെെയിലാണ് ഇപ്പോഴുള്ളത്. ഇതിനായി എന്നെ തിരഞ്ഞെടുത്ത ജൂറിയ്ക്കും കേന്ദ്ര സർക്കാരിനും നന്ദി. എന്റെ പ്രേക്ഷകരോടും എന്നെ ഞാൻ ആക്കിമാറ്റിയ എല്ലാവരോടും നന്ദി. സിനിമാ കുടുംബത്തിനോടും എന്റെ കുടുംബത്തോടും നന്ദി. ഇത് വലിയ ഒരു അംഗീകാരമാണ്. എന്റെ മാത്രം അംഗീകാരമല്ല. ഇത് മലയാള സിനിമയുടെ അംഗീകാരമാണ്. എന്നെ സ്നേഹിക്കുന്ന എല്ലാവരുമായും പുരസ്കാരം ഞാൻ പങ്കുവയ്ക്കുന്നു. ഒരുപാട് വലിയ മഹാന്മാർ കടന്നുപോയ വഴികളാണ്. ഈശ്വരനോടും നന്ദി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രശംസിച്ചതും ഞാൻ കണ്ടു. ഒരുപാട് നന്ദി'- മോഹൻലാൽ പറഞ്ഞു.

2023ലെ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ചൊവ്വാഴ്ച ഡൽഹിയിൽ നടക്കുന്ന ദേശീയചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മോഹൻലാലിന് സമ്മാനിക്കും. തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹൻലാലിന്റെ സിനിമായാത്രകളെന്ന് പുരസ്കാര വാർത്ത പുറത്തുവിട്ടുകൊണ്ടുള്ള കുറിപ്പിൽ പറയുന്നു. നടനും സംവിധായകനും നിർമാതാവുമായ മോഹൻലാലിനെ ആദരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ അതുല്യമായ പ്രതിഭ, വെെദഗ്ദ്ധ്യം, കഠിനാധ്വാനം തുടങ്ങിയവ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ സുവർണസ്ഥാനം നേടിയെന്നും കുറിപ്പിലുണ്ട്.