ലാലേ ഈ കിരീടം ശരിക്കും നിനക്ക് അർഹതപ്പെട്ടതാണ്; അഭിനന്ദിച്ച് മമ്മൂട്ടി

Saturday 20 September 2025 8:02 PM IST

മലയാളത്തിന്റെ അഭിമാന താരമായ മോഹൻലാലിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചുവെന്ന വിവരം ഏറെ സന്തോഷത്തോടെയാണ് സിനിമാലോകം സ്വീകരിച്ചത്. ചലചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം നൽകിയത്. നിരവധി പ്രമുഖ വ്യക്തിത്വങ്ങൾ അദ്ദേഹത്തിന് ആശംസകളുമായി എത്തി. എല്ലാ ആശംസാ പ്രവാഹങ്ങൾക്കിടയിലും മെഗാസ്റ്റാ‌ർ മമ്മൂട്ടി ഫേസ്ബുക്കിൽ മോഹൻലാലിന് നൽകിയ ആശംസയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

'എന്റെ സഹപ്രവർത്തകൻ, സഹോദരൻ, പതിറ്റാണ്ടുകളായി സിനിമയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന കലാകാരൻ എന്നതിലുപരി,​ വെറുമൊരു അഭിനേതാവിന് ലഭിക്കുന്ന അംഗീകാരമല്ല ദാദാസാഹിബ് ഫാൽക്കെ അവാർഡ്. എന്നാൽ സിനിമയെ നെഞ്ചിലേറ്റി അതിനുവേണ്ടി ജീവിച്ച ഒരു യഥാർത്ഥ കലാകാരൻ ഈ അവാർഡിന് അർഹനാണ്. ലാലേ.. ഏറെ അഭിമാനവും സന്തോഷവും തോന്നുന്നു. ഈ കിരീടം ശരിക്കും നിനക്ക് അർഹതപ്പെട്ടതാണ്.' -മമ്മൂട്ടി കുറിച്ചു.