തോട്ടിൽ വീണ അമ്മയേയും കുഞ്ഞിനെയും രക്ഷപ്പെടുത്തി
കോട്ടയം : ദ്രവിച്ച് ഇളകിയ തടിപ്പാലത്തിൽ നിന്ന് തോട്ടിൽ വീണ അമ്മയേയും, കുഞ്ഞിനെയും രക്ഷപ്പെടുത്തി അയൽവാസി. മാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് കിഴക്കെ ഞാറക്കാട്ടിൽ ജോമോന്റെ ഭാര്യ അംബിക (33), ഇവരുടെ രണ്ടര മാസം പ്രായമായ കുഞ്ഞുമാണ് തോട്ടിൽ വീണത്. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ബന്ധു വീട്ടിൽ പോയ ശേഷം സ്വന്തം വീട്ടിലേക്കുളള ഗണപതി തോടിന്റെ കുറുകെ ഇട്ടിരുന്ന പാലം മുറിച്ച് കിടക്കുന്നതിനിടെയാണ് അപകടം. ഒടിഞ്ഞ തടി പാലത്തിന്റെ ഇടയിൽ അംബികയുടെ കാൽ കുടുങ്ങി പാലത്തിൽ വീണു കിടന്നു. ഈ സമയം ഒക്കത്തിരുന്ന കുഞ്ഞു തോട്ടിൽ വീണ് ഒഴുക്കിൽ പ്പെടുകയായിരുന്നു. ബഹളംകേട്ട് അയൽവാസിയായ തെക്കുംപുറത്ത് സലി എത്തി തോട്ടിൽ ചാടി കുഞ്ഞിനെ വെള്ളത്തിൽ നിന്ന് പുറത്തെടുത്തു. തുടർന്ന് ഇരുവരെയും മുട്ടുചിറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തടി പാലത്തിന് പകരം ഓട്ടോറിക്ഷ പോകാനുള്ള പാലം നിർമ്മിക്കാൻ മാഞ്ഞൂർ ഗ്രാമ പഞ്ചായത്ത് 12 ലക്ഷം രൂപ അനുവദിച്ചതാണ്. സമീപവാസി സ്ഥലം വിട്ടു കൊടുക്കാൻ തയ്യാറാകാത്തതാണ് പാലം പണിയാൻ കഴിയാത്തതെന്ന് പഞ്ചായത്ത് മെമ്പർ പ്രത്യക്ഷ സുര പറഞ്ഞു.