വിദഗ്ദ്ധ സംഘം പാപ്പിനിശ്ശേരി താവം ഓവർബ്രിഡ്ജുകൾ സന്ദർശിച്ചു : ആശങ്ക അകറ്റാൻ അടിയന്തിര നടപടി
പാപ്പിനിശ്ശേരി: പിലാത്തറ കെ.എസ്.ടി.പി റോഡിലെ പാപ്പിനിശ്ശേരി, താവം റെയിൽവേ ഓവർബ്രിഡ്ജുകളിലെ തുടർച്ചയായുള്ള തകർച്ച അടിയന്തിരമായി പരിഹരിക്കുമെന്ന് കെ.എസ്.ടി.പി.കെ.എസ്.ടി.പി പ്രൊജക്ട് ഡയറക്ടർ എം.അഞ്ജനയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയശേഷമാണ് ഇത് സംബന്ധിച്ച് തീരുമാനമായത്.
ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനുള്ള നടപടി അടിയന്തിരമായി സ്വീകരിക്കും. ഇത് സംബന്ധിച്ച് റിപ്പോർട്ട് ഉടൻ സർക്കാരിന് സമർപ്പിക്കും. പാലക്കാട് ഐ.ഐ.ടി സംഘത്തിന്റെ പരിശോധന കൂടി നടത്തിയ ശേഷം ദീർഘകാലാടിസ്ഥാനത്തിലുള്ള നടപടികളിലേക്ക് കടക്കാനാകുകയുള്ളുവെന്ന് ഉദ്യോഗസ്ഥ സംഘത്തിനൊപ്പം ഉണ്ടായിരുന്ന എം.എൽ.എമാരായ കെ.വി.സുമേഷ്, എം.വിജിൻ എന്നിവർ പറഞ്ഞു.
ഇന്നലെ രാവിലെ പത്തിനാണ് ഉദ്യോഗസ്ഥർ പാപ്പിനിശ്ശേരി പാലത്തിൽ പരിശോധന തുടങ്ങിയത്. പാലത്തിലെ കോൺക്രീറ്റ് ഇളകിയുണ്ടായ ഗർത്തങ്ങളും രണ്ട് സ്ലാബുകൾക്കിടയിലെ കോൺക്രീറ്റ് പൊട്ടി നിൽകുന്ന എക്സ്പാൻഷൻ ജോയിന്റുകളും സംഘം വിശദമായി പരിശോധിച്ചു. പാലത്തിന്റെ അടിഭാഗത്തും ഉദ്യോഗസ്ഥർ പരിശോധിച്ചു. പ്രദേശവാസികളും വ്യാപാരികളും ഉദ്യോഗസ്ഥരുമായി ആശങ്ക പങ്കുവെച്ചു.പിന്നാലെ താവം മേൽപ്പാലത്തിലും പരിശോധന നടന്നു.
പൊതുമരാമത്ത് ചീഫ് എൻജിനീയർ ഐസക് വർഗ്ഗീസ്, കെ.എച്ച്.ആർ.ഐ ഡെപ്യൂട്ടി ഡയറക്ടർ സോണി, എക്സിക്യൂട്ടീവ് എൻജിനീയർ എസ്.ഷെമി, പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടീവ് എൻജിനീയർ കെ.ജിഷ, എക്സിക്യൂട്ടീവ് എഞ്ചിനീയർ എം.സജിത്ത്,എ.ഇ.സച്ചിൻ, എന്നിവരാണ് പരിശോധന സംഘത്തിലുണ്ടായിരുന്നത്.
കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി.ഷാജിർ,പാപ്പിനിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി.സുശീല, ചെറുകുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി.സജീവൻ എന്നിവരും എം.എൽ.എമാർക്കൊപ്പമുണ്ടായിരുന്നു
തകർച്ച തുടർക്കഥ;പരിശോധന മന്ത്രിയുടെ നിർദ്ദേശത്തിൽ
പാപ്പിനിശ്ശേരി പിലാത്തറ കെ.എസ്.ടി.പി റോഡിലെ രണ്ട് റെയിൽവേ ഓവർബ്രിഡ്ജുകളിലും തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന തകരാറുകൾ പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർദ്ദേശം നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
2013ൽ ഭരണാനുമതി ലഭിച്ച പാപ്പിനിശ്ശേരി, പിലാത്തറ കെ.എസ്.ടി.പി റോഡിന്റെ നവീകരണത്തിന്റെ ഭാഗമായാണ് പാപ്പിനിശ്ശേരിയിലും പഴയങ്ങാടി താവത്തും റെയിൽവേ ഓവർബ്രിഡ്ജുകൾ പണിതത്. 2018ലാണ് പ്രവൃത്തി പൂർത്തിയായത്. രണ്ട് ഓവർബ്രിഡ്ജുകളിലും തുടർച്ചയായി തകരാറുകൾ സംഭവിക്കുന്നത് എം.എൽ.എമാരായ കെ.വി.സുമേഷ്, എം.വിജിൻ എന്നിവരാണ് മന്ത്രിയുടെ ശ്രദ്ധയിൽ എത്തിച്ചത്.തുടർന്ന് ഇതുസംബന്ധിച്ച് തിരുവനന്തപുരത്ത് ഉന്നതതല യോഗവും ചേർന്നു. പാലക്കാട് എൻ.ഐ.ടി സംഘം പരിശോധന നടത്തണമെന്ന മന്ത്രിയുടെ നിർദ്ദേശവും ഉടൻ നടക്കും.