ഉടവാൾ കൈമാറി; ആഘോഷമായി നവരാത്രി വിഗ്രഹ ഘോഷയാത്ര ആരംഭിച്ചു

Sunday 21 September 2025 1:04 AM IST

നാഗർകോവിൽ: അനന്തപുരിക്ക് നവരാത്രി പുണ്യം ചൊരിയാൻ വി​ഗ്ര​ഹ ​ഘോ​ഷ​യാ​ത്ര​,പ​ദ്മ​നാ​ഭ​പു​രം കൊട്ടാരത്തിൽ നിന്ന്​ ​ഇന്നലെ​ പു​റ​പ്പെ​ട്ടു.​ ​​ തേ​വാ​ര​ക്കെ​ട്ട് ​സ​ര​സ്വ​തി​ദേ​വീ,​ വേ​ളി​മ​ല​ ​കു​മാ​ര​സ്വാ​മി,​ശുചീ​ന്ദ്രം​ ​മു​ന്നൂ​റ്റി​ന​ങ്ക​ ​വി​ഗ്ര​ഹ​ങ്ങ​ളാ​ണ് ​എഴുന്നള്ളുന്നത്.

പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പരിക്ക മാളികയിൽ നടന്ന ഉടവാൾ കൈമാറ്റ ചടങ്ങിനു ശേഷമായിരുന്നു ഘോഷയാത്ര. പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിച്ച ഉടവാൾ സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ.ദിനേശനിൽ നിന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സ്വീകരിച്ചു. തുടർന്ന് തമിഴ്നാട് മന്ത്രി മനോ തങ്കരാജും കന്യാകുമാരി എം.പി വിജയ് വസന്തും വാൾ ഏറ്റുവാങ്ങിയതിനുശേഷം ആചാരപ്രകാരം തമിഴ്നാട് ഹിന്ദു റിലീജിയൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്സ് വകുപ്പ് ജോയിന്റ് കമ്മിഷണർ ജാൻസി റാണിക്ക് കൈമാറി.

ഘോഷയാത്രയ്ക്ക് അകമ്പടി പോകുന്ന ദേവസ്വം ജീവനക്കാരൻ മോഹനകുമാറിന് ജാൻസി റാണി വാൾ നൽകി. മഹാരാജാവ് ഘോഷയാത്ര അനുഗമിക്കുന്നതിന്റെ പ്രതീകമായാണ് ഉടവാൾ കൊണ്ടുപോകുന്നത്. തിരുവനന്തപുരത്ത് എത്തുമ്പോൾ തിരുവിതാംകൂർ രാജകുടുംബാംഗം വാൾ ഏറ്റുവാങ്ങും.

എം.എൽ.എമാരായ സി.കെ.ഹരീന്ദ്രൻ,എം.വിൻസന്റ്,കന്യാകുമാരി ജില്ലാകളക്ടർ ആർ.അളഗമീന,സബ്കളക്ടർ വിനയ് കുമാർ മീണ,കന്യാകുമാരി ദേവസ്വം ബോർഡ് ചെയർമാൻ പ്രഭാരാമകൃഷ്ണൻ,തിരുവിതാംകൂർ കൊട്ടാരം പ്രതിനിധി രാജരാജ വർമ്മ തുടങ്ങിയവർ പങ്കെടുത്തു.

കേരള, തമിഴ്നാട് സായുധ പൊലീസിന്റെ ഗാർഡ് ഓഫ് ഓണറിന് ശേഷം ഘോഷയാത്ര കൊട്ടാരമുറ്റത്തേക്ക് നീങ്ങി.തുടർന്ന് തലസ്ഥാനത്തേക്കു പുറപ്പെട്ടു. തേവാരക്കെട്ട് സരസ്വതിദേവീ വിഗ്രഹം ആനപ്പുറത്തും.വേളിമല കുമാര സ്വാമിയും ശുചീന്ദ്രം മുന്നൂറ്റി നങ്കയും പല്ലക്കുകളിലുമാണ് പുറപ്പെട്ടത്. രാത്രി കുഴിത്തുറ മഹാദേവക്ഷേത്രത്തിലെത്തി വിഗ്രഹങ്ങൾ അവിടെ ഇറക്കി പൂജ നടത്തി.

സംസ്ഥാനത്തേക്ക്

ആനയിക്കാൻ ഗവർണർ

ഇന്ന് ഉച്ചയ്ക്ക് 12ന് കളിയിക്കാവിളയിൽ എത്തുന്ന ഘോഷയാത്രയ്ക്ക് ഗവർണർ രാജേന്ദ്ര അർലേക്കറുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. കേരള തമിഴ്‌നാട് സായുധ സേനാവിഭാഗങ്ങളുടെ നേതൃത്വത്തിൽ ഘോഷയാത്രയ്ക്ക് ഗാർഡ് ഒഫ് ഓണർ നൽകും.

പാറശാല മഹാദേവ ക്ഷേത്രത്തിൽ വിഗ്രഹങ്ങൾ ഇറക്കി പൂജ നടത്തും. തുടർന്ന് ഘോഷയാത്ര നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെത്തും.

22ന് വൈകിട്ട് തിരുവനന്തപുരത്ത് എത്തുന്നതോടെ നവരാത്രി ആഘോഷങ്ങൾ തുടങ്ങും. സന്ധ്യയോടെ ഘോഷയാത്ര കിഴക്കേകോട്ടയിൽ എത്തുമ്പോൾ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഉടവാൾ ഏറ്റുവാങ്ങി ആചാരപ്രകാരം വരവേൽക്കും. പദ്മതീർത്ഥത്തിലെ ആറാട്ടിനുശേഷം നവരാത്രി മണ്ഡപത്തിൽ സരസ്വതിദേവീയെ ഒക്ടോബർ 4 വരെ പൂജയ്ക്കിരുത്തും. കരമന മുതൽ വെള്ളിക്കുതിരപ്പുറത്ത് എഴുന്നള്ളിക്കുന്ന കുമാരസ്വാമിയെ ആര്യശാല ദേവീക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും പൂജയ്ക്കിരുത്തും.

നവരാത്രി പൂജയ്ക്ക് ശേഷം ഒരു ദിവസത്തെ നല്ലിരുപ്പിന് ശേഷം മൂന്ന് വിഗ്രഹങ്ങളും തിരുവനന്തപുരത്ത് നിന്നും തിരിച്ചെഴുന്നള്ളത്തായി പദ്മനാഭപുരത്തേക്ക് പുറപ്പെടും.