കണ്ണൂർ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ ഔഷധസസ്യ നഴ്സറി സ്ഥാപിക്കും
കണ്ണൂർ:ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നിർമ്മാണത്തിലിരിക്കുന്ന കല്യാട് അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ ഔഷധസസ്യ നഴ്സറി സ്ഥാപിക്കുന്നതിനുള്ള പ്രോജക്ട് പ്രൊപ്പോസലിന് സർക്കാരിന്റെ അംഗീകാരം. ഈ സാമ്പത്തിക വർഷത്തിൽ ഗവേഷണങ്ങൾക്കായി വകയിരുത്തിയിട്ടുള്ള ഒന്നര കോടി യിൽ നിന്ന് ആദ്യവർഷത്തെ നഴ്സറി പദ്ധതിക്കായി 62.60ലക്ഷം വിനിയോഗിക്കാനാണ് അനുമതി.
ഗവേഷണ കേന്ദ്രത്തിന്റെ 200 ഏക്കർ കാമ്പസിൽ 12 ഏക്കർ ഈ നഴ്സറിക്കും അനുബന്ധ പ്രവർത്തനങ്ങൾക്കും ഉപയോഗിക്കും. വടക്കൻ മലബാർ മേഖലയിലെ കണ്ണൂർ, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലയിലുള്ള കർഷകർക്കും പൊതുജനങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. പ്രദേശവാസികൾക്ക് നേരിട്ടും അല്ലാതെയും തൊഴിലവസരങ്ങൾ ലഭിക്കും. ഔഷധസസ്യങ്ങൾ കൃഷി ചെയ്യുന്നതിലൂടെ കർഷകർക്ക് അധിക വരുമാനം നേടാനാകും. സംസ്ഥാന മെഡിസിനൽ പ്ലാന്റ് ബോർഡാണ് പദ്ധതി നടപ്പാക്കുന്നത്.
അഞ്ചുവർഷം കൊണ്ട് പത്തുലക്ഷം തൈകൾ
അഞ്ച് വർഷം കൊണ്ട് 10,00000 തൈകൾ ഉൽപാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഓരോ വർഷവും രണ്ട് ലക്ഷം തൈകൾ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നു.ജൈവവെർമി കമ്പോസ്റ്റ് യൂണിറ്റുകൾ, ഔഷധ സസ്യങ്ങളുടെ ജെംപ്ലാസം ശേഖരണം, നഴ്സറി തുടങ്ങിയ മൂന്ന് ഘടകങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ പദ്ധതി. നഴ്സറിയിൽ പമ്പ്ഹൗസ്, സംഭരണ ഷെഡ്, പോട്ടിംഗ് ഷെഡ്, പ്രൊപ്പഗേഷൻ ഹൗസ്, ഗ്രീൻഹൗസ്, ഷേഡ് ഹൗസ്, ഹാർഡനിംഗ് ഹൗസ് തുടങ്ങിയവ നിർമ്മിക്കും. മഴവെള്ള സംഭരണവും നടപ്പാക്കും.
മികച്ച നടീൽവസ്തുക്കൾ ലഭിക്കും
കർഷകർക്കും ഗവേഷകർക്കും പൊതുജനങ്ങൾക്കും മികച്ച നിലവാരമുള്ള നടീൽ വസ്തുക്കൾ ലഭ്യമാക്കുക, ഔഷധസസ്യങ്ങളുടെ സംരക്ഷണത്തിനും ഉത്പാദനത്തിനും ഊന്നൽ നൽകുക, നഴ്സറി ഡെവലപ്പർമാർക്ക് പരിശീലന കേന്ദ്രമായി പ്രവർത്തിക്കുക എന്നതാണ് നഴ്സറിയുടെ ലക്ഷ്യം.