ചൊക്ളിയിൽ കോടിയേരി സ്മൃതി ഏകദിനസെമിനാർ; രാജ്യം കടന്നുപോകുന്നത് ആകുലമായ കാലത്തിലൂടെ:മണിക് സർക്കാർ

Saturday 20 September 2025 9:11 PM IST

ചൊക്ലി: ആകുലമായ ഒരു കാലത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് മുൻ ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാർ.ചൊക്ലിയിൽ കൊടിയേരി ബാലകൃഷ്ണൻ ലൈബ്രറിയും പുരോഗമന കലാസാഹിത്യ സംഘവും ലൈബ്രറി കൗൺസിലും ചേർന്ന് സംഘടിപ്പിച്ച കോടിയേരി സ്മൃതി 2025 ഏകദിന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

. തെറ്റായ സാമ്പത്തികനയം മൂലം വിലക്കയറ്റത്തിൽ രാജ്യം ഞെരിപിരികൊള്ളുകയാണ്. തൊഴിലില്ലായ്മയുടെ നിരക്ക് ഗണ്യമായി വർദ്ധിച്ചു. കർഷകർ നിരന്തര സമരത്തിലാണ്. സ്വകാര്യവത്ക്കരണം രാജ്യത്തിന്റെ സമ്പദ്ഘടനയെ തകർക്കുന്നു.ദേശീയ പണിമുടക്കിൽ 25 കോടി ജനങ്ങളാണ് അണിനിരന്നത്. അന്തർദ്ദേശീയ മാദ്ധ്യമങ്ങൾ ഇത് ലോകത്തെ വിളിച്ചറിയിച്ചെങ്കിലും ദേശീയ മാദ്ധ്യമങ്ങൾ കണ്ടില്ലെന്ന് നടിച്ചു.മതേതരത്വവും, ജനാധിപത്യവും ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് ബി.ജെ.പി. സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. മുസ്ലീങ്ങളെ മാത്രമല്ല സമീപകാലത്ത് കൃസ്ത്യൻ വിഭാഗവും ആക്രമിക്കപ്പെടുകയാണ്. പ്രതിപക്ഷത്തിന് പറയാനുളള അവസരങ്ങൾ പോലും പാർലിമെന്റിൽ നിഷേധിക്കപ്പെടുകയാണ്.തെരഞ്ഞെടുപ്പ് കമ്മീഷന്റെനിഷ്പക്ഷതയും, ജഡ്ജിമാരുടെ നീതി ബോധവും മുൻപൊരിക്കലുമില്ലാത്ത വിധം വിമർശിക്കപ്പെടുകയാണെന്നും മണിക് സർക്കാർ ചൂണ്ടിക്കാട്ടി.

സ്പീക്കർ അഡ്വ.എ.എൻ.ഷംസീർ അനുസ്മരണപ്രഭാഷണം നടത്തി. ഭരണഘടന; വർത്തമാനവും ഭാവിയും എന്ന വിഷയത്തിൽ മുൻ ലോകസഭ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരിയും വിദ്യാഭ്യാസരംഗത്തെ സമകാലികവിഷയങ്ങൾ എന്ന വിഷയത്തിൽ മുൻ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥും സംസാരിച്ചു. കവിയൂർ രാജഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെ അധികരിച്ച് എം.കെ.വിശ്വൻ ,​അഡ്വ.വി.പ്രദീപൻ ,സോഫിയാമ്മ,ഡോ: ടി.കെ.മുനിർ, ജ്യോതി കേളോത്ത് സിറോഷ് ലാൽ ദാമോദരൻ എന്നിവർ സംസാരിച്ചു.കെ.കെ.രാഗേഷ് സംസാരിച്ചു. പി.കെ.മോഹനൻ സ്വാഗതവും, ഒ.അജിത് കുമാർ നന്ദിയും പറഞ്ഞു.