മോഷണ ബൈക്ക് കിട്ടിയില്ലെങ്കിലും മുടക്കമില്ലാതെ പെറ്റി കിട്ടുന്നുണ്ട്

Sunday 21 September 2025 1:24 AM IST

പാലോട്: വീട്ടുവളപ്പിൽ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷണം പോയി മാസങ്ങൾ കഴിഞ്ഞിട്ടും മോഷ്ടിക്കപ്പെട്ട ബൈക്ക് കിട്ടിയില്ല. എന്നാൽ പതിവായി നിയമം ലംഘിച്ചത് കാട്ടി പെറ്റി വരുന്നുണ്ട്. കല്ലറ പാകിസ്ഥാൻമുക്ക് പുത്തൻവിള വീട്ടിൽ അഷ്റഫിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന KL 21VO583 നമ്പർ ബൈക്കാണ് കഴിഞ്ഞ ഫെബ്രുവരി 24ന് രാത്രിയിൽ മോഷണം പോയത്. പാങ്ങോട് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണമാരംഭിച്ചു.മൂന്ന് മാസത്തിന് ശേഷം നിരവധി മോഷണക്കേസുകളിൽ പ്രതികളായ രണ്ടു പ്രതികളെ പൊലീസ് അഷ്റഫിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷ്ടാക്കളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ മോഷ്ടാക്കൾ പള്ളിക്കലിൽ നിന്ന് ഒരു ബൈക്ക് മോഷ്ടിച്ച് ഓടിച്ചു വരുന്നതിനിടയിൽ അഷ്റഫിന്റെ വീടിന് സമീപമെത്തിയപ്പോൾ പെട്രോൾ തീരുകയും തുടർന്ന് ആ ബൈക്ക് അവിടെ വച്ച് തീയിടുകയും ചെയ്തു.തുടർന്ന് അഷ്റഫിന്റെ വീട്ടിലിരുന്ന ബൈക്കെടുത്ത് കൊണ്ടുപോകുകയായിരുന്നെന്ന് പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.എന്നാൽ നാളിതുവരെ മോഷണം പോയ ബൈക്ക് കണ്ടെത്താൻ പാങ്ങോട് പൊലീസിനായിട്ടില്ല. നിലവിൽ സംഭവം നടന്ന് ആറ് മാസം പിന്നിടുമ്പോൾ മൂന്ന് പ്രാവശ്യം ഹെൽമറ്റ് ഇല്ലാതെ നെടുമങ്ങാട്,വർക്കല,കല്ലമ്പലം ഭാഗങ്ങളിൽ ബൈക്ക് ഓടിച്ചതിന് അഷ്റഫിന്റെ പേരിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് പെറ്റിക്കായുള്ള നോട്ടീസയച്ചു. എന്നാൽ ബൈക്കിന് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.