നിദ ഫാത്തിമയുടെ ദുരൂഹമരണം: ഉത്തരം കിട്ടാതെ മാതാപിതാക്കൾ
അമ്പലപ്പുഴ: മകൾ നഷ്ടമായി വർഷങ്ങൾ കഴിഞ്ഞിട്ടും മരണകാരണം തേടുകയാണ് മാതാപിതാക്കൾ.ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പോയ അമ്പലപ്പുഴ സ്വദേശി നിദ ഫാത്തിമ എന്ന പത്ത് വയസുകാരി നാഗ്പൂരിൽ വച്ച് 2023 ലാണ് മരിച്ചത്. എന്നാൽ,
മകൾക്ക് എന്ത് സംഭവിച്ചുവെന്ന ചോദ്യത്തിന് ഇനിയും വ്യക്തമായ ഒരു ഉത്തരം ഇവർക്ക് ലഭിച്ചിട്ടില്ല.
കേരള ടീം അംഗമായിരുന്ന നിദാ ഫാത്തിമയെ ഛർദ്ദിയെത്തുടർന്ന് നാഗ്പുരിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ പിന്നീട് കേട്ടത് മരണവാർത്തയായിരുന്നു. ശ്വാസകോശത്തിലെ വെള്ളക്കെട്ടും ഹൃദയഭിത്തികളിലെ തടിപ്പും കുടലിലെ തടസവുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുമ്പോഴും ഇതെങ്ങനെ സംഭവിച്ചുവെന്ന് പറയുന്നില്ല.ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലം കുടുംബത്തിന് ഇതുവരെ ലഭിച്ചിട്ടുമില്ല. മഹാരാഷ്ട്ര പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നും ദുരൂഹത നീക്കാൻ സംസ്ഥാന സർക്കാർ ഇടപെടണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.
വീടെന്ന സ്വപ്‌നം അകലെ
നാഗ്പൂർ പൊലീസിന്റെ കേസന്വേഷണവും നിലച്ചമട്ടാണ്. അന്വേഷണ പുരോഗതി അറിയാൻ പിതാവ് ഷിഹാബ് രണ്ടുതവണ നാഗ്പൂരിൽ പോയിരുന്നു. ഇടയ്ക്കിടെ അവിടം വരെ പോയിവരാൻ ഓട്ടോ ഡ്രൈവറായ ഷിഹാബിന്റെ കൈയിൽ പണവുമില്ല. തുടക്കത്തിൽ ഒപ്പം ഉണ്ടായിരുന്ന സൈക്കിൾ പോളോ അസോസിയേഷനും കൈയൊഴിഞ്ഞമട്ടാണ്. സംസ്ഥാന സർക്കാർ അഞ്ചുലക്ഷം രൂപ സഹായധനം നൽകി. സൈക്കിൾ പോളോ അസോസിയേഷൻ പ്രഖ്യാപിച്ച തുകയിൽ ബാക്കി കൂടി ലഭിച്ചാൽ വാടക വീട്ടിൽ നിന്ന് സ്വന്തമായൊരു വീട്ടിലേക്ക് മാറാം.നഷ്ടപ്പെട്ടതിന് പകരമാകില്ലെങ്കിലും സ്വന്തം വീടെന്ന മകളുടെ ആഗ്രഹം സഫലമാകുമെന്നാണ് മാതാപിതാക്കൾ പറയുന്നത്.