വരയാട് സംരക്ഷണത്തിന് കേരള-തമിഴ്നാട് സംയുക്ത പദ്ധതി

Saturday 20 September 2025 9:44 PM IST

ആലപ്പുഴ: വംശനാശഭീഷണി നേരിടുന്ന വരയാടുകളെയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിന് കേരള,​ തമിഴ്നാട് സർക്കാരുകളുടെ സംയുക്ത പദ്ധതിയുമായി വനംവകുപ്പ്. ഇരവികുളം നാഷണൽ പാർക്കിന്റെ 50-ാം വാർഷികത്തിന്റെ ഭാഗമായി ഇരു സംസ്ഥാനത്തെയും വനമേഖലകളിൽ നടത്തിയ സംയുക്ത കണക്കെടുപ്പിന്റെയും ശുപാർശകളുടെയും അടിസ്ഥാനത്തിലാണിത്. ഇരവികുളമുൾപ്പെടെ തിരുവനന്തപുരം മുതൽ വയനാടുവരെയുള്ള വരയാടുകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനാണ് മുൻഗണന. വരയാടുകളുടെ ആവാസകേന്ദ്രങ്ങളിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റമാണ് ഇവ നേരിടുന്ന പ്രധാന വെല്ലുവിളി. അതിനാൽ വരയാടുകളുടെ ആവാസ കേന്ദ്രങ്ങൾ സംരക്ഷിത മേഖലയാക്കി നിലനിറുത്തുകയാണ് ലക്ഷ്യം. സസ്യലതാദികൾ ആവാസമേഖലകളിൽ ഉറപ്പാക്കുന്നതും പദ്ധതിയുടെ ഭാഗമായുണ്ട്. സംരക്ഷിത വനമേഖലയല്ലാത്ത ആവാസവ്യവസ്ഥകളുടെ സംരക്ഷണം,അധിനിവേശ സസ്യങ്ങൾ നീക്കംചെയ്യൽ, പുൽമേടുകൾ രൂപപ്പെടുത്തൽ എന്നിവയാണ് മറ്റ് പദ്ധതികൾ. തമിഴ്നാട് സർക്കാരിന്റെ സഹകരണത്തോടെ ഗവേഷണങ്ങൾക്ക് ജനിതക പഠനവും റേഡിയോ ടെലിമെട്രിയുമുൾപ്പെടെ പുനഃസ്ഥാപിക്കാനുള്ള നിർദ്ദേശങ്ങളുമുണ്ട്.

വരയാടുകൾ കൂടുതൽ കേരളത്തിൽ

ജൈവപ്രകൃതിയാൽ സമ്പുഷ്ടമായ നീലഗിരിക്കുന്നുകളിൽ കാണപ്പെടുന്ന ആടിനമാണ് വരയാടുകൾ.മൂന്നാറിനടുത്തുള്ള ഇരവികുളം ദേശീയോദ്യാനം വരയാടുകളുടെ സംരക്ഷണകേന്ദ്രമാണ്.തമിഴ്‌നാടിന്റെ സംസ്ഥാന മൃഗമാണ് വരയാട്.

കടുത്ത വംശനാശ ഭീഷണിയിലായ ഇവ 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ 100 ആയി ചുരുങ്ങി. 1936-ലാണ് രാജമലയും പരിസര പ്രദേശങ്ങളും വരയാട് സംരക്ഷണത്തിന് ഊന്നൽ നൽകി ദേശീയപാർക്കായി പ്രഖ്യാപിച്ചത്. തമിഴ്നാട്- കേരള സംയുക്ത കണക്കെടുപ്പിൽ ആകെ 2,668 വരയാടുകളാണുള്ളത്. ഇതിൽ 1,365 എണ്ണം കേരളത്തിലും 1,303 എണ്ണം തമിഴ്നാട്ടിലുമാണ്. ഇരവികുളം നാഷണൽ പാർക്കിൽ 2024-ലെ കണക്കിൽ 827 വരയാടുകളുണ്ടായിരുന്നത് 841 ആയി.മൂന്നാർ ലാൻഡ്‌സ്കേപ്പിലാണ് കേരളത്തിലെ വരയാടുകളിൽ ഭൂരിഭാഗവും. തമിഴ്നാട്ടിൽ മുക്കൂർത്തി നാഷണൽ പാർക്കിലും കേരളത്തോട് ചേർന്നു കിടക്കുന്ന ഗ്രാസിൽസ് നാഷണൽ പാർക്കിലുമാണ് വരയാടുകൾ കൂടുതലുള്ളത്. തിരുവനന്തപുരം മുതൽ വയനാട്‌ വരെ 19 വനം ഡിവിഷനുകളിലായിരുന്നു കണക്കെടുപ്പ്.

തമിഴ്നാട് സർക്കാരിന്റെ പങ്കാളിത്തത്തോടെ ഇരു സർക്കാരുകളും സംയുക്തമായാകും പദ്ധതി നടപ്പാക്കുക

- ഡയറക്ടറേറ്റ്, വനം- വന്യജീവി വകുപ്പ്