എച്ച് 1 ബി വിസ; യാത്രകൾ റദ്ദാക്കി ഇന്ത്യക്കാർ, വിമാനത്താവളങ്ങളിൽ വൻ തിരക്ക്

Saturday 20 September 2025 11:00 PM IST

വാഷിംഗ്ടൺ: എച്ച്- 1 ബി വർക്കർ വിസയ്ക്ക് ട്രംപ് ഭരണകൂടം ഒരു ലക്ഷം ഡോളർ വാർഷിക ഫീസ് പ്രഖ്യാപിച്ചതിന് പിന്നാലെ വിമാനത്താവളങ്ങളിൽ തിരക്ക്. എച്ച് 1 ബി വിസക്കാർ യു എസിൽ തുടരണമെന്നും യു എസിന് പുറത്താണെങ്കിൽ ഇന്ത്യൻ സമയം നാളെ രാവിലെ 9.30ന് മുമ്പ് തിരിച്ചെത്തണമെന്നും അമേരിക്കൻ കമ്പനികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ നാട്ടിലേക്ക് പോകാനിരുന്നവർ കൂട്ടത്തോടെ യാത്രകൾ റദ്ദാക്കി.

യാത്ര തുടങ്ങി ട്രാൻസി​റ്റ് വിമാനത്താവളങ്ങളിലെത്തിയ ശേഷം തിരിച്ച് യുഎസിലേക്ക് മടങ്ങിയവരും ഏറെയാണ്. എച്ച് 1 ബി വിസക്കാരിൽ ഏറെയും ഇന്ത്യക്കാരാണ്. നവരാത്രി അടക്കം ആഘോഷങ്ങളിൽ പങ്കെടുക്കാൻ നാട്ടിലെത്തിയ ഇന്ത്യക്കാർ ഇന്നലെ അറിയിപ്പ് ലഭിച്ചയുടൻ യുഎസിലേക്ക് തിരിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ഇതോടെ ഇന്ത്യ-യു.എസ് ഫ്ലൈറ്റ് ടിക്കറ്റ് നിരക്കും കുതിച്ചുയർന്നു.

ന്യൂഡൽഹിയിൽ നിന്ന് ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിലേക്കുള്ള ഫ്ലൈറ്റ് നിരക്ക് ട്രംപിന്റെ പ്രഖ്യാപനം വന്ന് രണ്ട് മണിക്കൂറിനുള്ളിൽ 37,000 രൂപയിൽ നിന്ന് 70,000 - 80,000 രൂപ വരെ എത്തി. എച്ച്‌ 1 ബി വിസ അപേക്ഷകർക്ക് ഒരു ലക്ഷം ഡോളർ വാർഷിക ഫീസ് (ഏകദേശം 90 ലക്ഷംരൂപ) ഏർപ്പെടുത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരവിറക്കിയിരുന്നു. ഉയർന്ന വൈദഗ്‌ദ്ധ്യം ആവശ്യമായ തൊഴിൽ മേഖലകളിൽ ജോലി നേടാൻ ഇന്ത്യയടക്കം രാജ്യങ്ങളിൽ നിന്നുള്ളവർ ആശ്രയിക്കുന്നത് പ്രധാനമായും എച്ച്1ബി വിസയാണ്. ഇന്ത്യയിൽ നിന്ന് ഐടി മേഖലയിലടക്കം ജോലിക്കായി പോകുന്നവർക്ക് ഈ നീക്കം തിരിച്ചടിയാണ്. അമേരിക്കക്കാർക്ക് കൂടുതൽ അവസരം ഒരുക്കുകയും കുടിയേറ്റം നിയന്ത്രിക്കുകയുമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.