തലമുറമാറ്റം ചർച്ചയാകും: അമർജിത് കൗർ
ചണ്ഡിഗഡ്: ബി.ജെ.പിക്കെതിരായ പ്രതിരോധത്തിന്റെ മികച്ച മാതൃകയെന്ന നിലയിൽ കേരളത്തിലെ ഇടതു സർക്കാരിന്റെ തുടർ ഭരണം ഉറപ്പാക്കാനുള്ള ആശയങ്ങൾ ഇന്ന് തുടങ്ങുന്ന 25-ാം പാർട്ടി കോൺഗ്രസിൽ ചർച്ചയാകുമെന്ന് സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവും ,എ.ഐ.ടി.യു.സി ജനറൽ സെക്രട്ടറിയുമായ അമർജിത് കൗർ കേരളകൗമുദിയോട് പറഞ്ഞു.പഞ്ചാബ് സ്വദേശിയായ അമർജിത് കൗർ പാർട്ടിയുടെ ആദ്യ വനിതാ ജനറൽ സെക്രട്ടറിയാകാൻ സാദ്ധ്യതയുള്ള നേതാവാണ്.
?കേരളം നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുമ്പോഴാണ് പാർട്ടി കോൺഗ്രസ്
കേരളത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തണം. ബി.ജെ.പി വെല്ലുവിളിയെ പരാജയപ്പെടുത്തണം. ദേശീയ തലത്തിൽ ഒന്നിച്ചാണെങ്കിലും കേരളത്തിൽ യു.ഡി.എഫും എൽ.ഡി.എഫും മത്സരത്തിലാണ്. രാജ്യത്തിനായി കേരള ജനത ഈ മാതൃക തുടരണം.
?നിലവിലെ ജനറൽ സെക്രട്ടറി 75വയസ് പ്രായപരിധി പിന്നിട്ടതിനാൽ നേതൃമാറ്റം ഉണ്ടാകുമോ?
പാർട്ടി കോൺഗ്രസിൽ ചർച്ച ചെയ്‌ത് തീരുമാനിക്കേണ്ട കാര്യമാണത്.
?സി.പി.എമ്മിലേതു പോലെ തലമുറ മാറ്റം
പാർട്ടി കോൺഗ്രസിലേക്ക് കടക്കുന്ന വേളയിൽ അതിനെക്കുറിച്ച് അഭിപ്രായം പറയാൻ ആഗ്രഹിക്കുന്നില്ല. ചർച്ചയിൽ പുതിയ തലമുറയുടെ കാര്യവും വരും .
?യുവ നേതാക്കൾക്കുള്ള അവസരം
പാർട്ടി യുവാക്കൾക്ക് മികച്ച അവസരങ്ങൾ നൽകുന്നുണ്ട്.
?ശതാബ്‌ദി വർഷത്തിലെ പാർട്ടി കോൺഗ്രസ്
ഒരു നൂറ്റാണ്ട് മുൻപ് സി.പി.ഐയ്‌ക്കൊപ്പം രൂപമെടുത്ത ആർ.എസ്.എസുമായുള്ള ചരിത്രപരമായ ഏറ്റുമുട്ടൽ അടയാളപ്പെടുത്തുന്ന പാർട്ടി കോൺഗ്രസ്.സോഷ്യലിസം നടപ്പാക്കാൻ സി.പി.ഐ ശ്രമിച്ചതിന്റെ ഫലമായാണ് മതേതര മൂല്യങ്ങൾ, ജനാധിപത്യം തുടങ്ങിയവ രാജ്യം കൈവരിച്ചത്.സി.പി.ഐയെ ശക്തിപ്പെടുത്തുക, പുനഃസംഘടിപ്പിക്കുക. വേരുകൾ വ്യാപിപ്പിക്കുക, ഇടതുപക്ഷ ഐക്യമുറപ്പാക്കൽ, വിശാല മതേതര മുന്നണി രൂപീകരണം, ആർ.എസ്.എസ്-ബി.ജെ.പി സംഘത്തെ അധികാരത്തിൽ നിന്ന് പുറത്താക്കൽ എന്നിവ ലക്ഷ്യങ്ങളാണ്.
?ഒരേ വർഷം രൂപമെടുത്ത സി.പി.ഐയെക്കാൾ സ്വാധീനം ആർ.എസ്.എസുണ്ടാക്കി
1952, 57, 62 പൊതുതിരഞ്ഞെടുപ്പുകളിൽ ജയിച്ച് പ്രധാന പ്രതിപക്ഷ പാർട്ടിയായിരുന്ന സി.പി.ഐയ്‌ക്ക് 1964-ലെ പിളർപ്പും വർഗീയ ശക്തികളുടെ മുന്നേറ്റവും തിരിച്ചടിയായി. പണവും ഗുണ്ടായിസവും തിരഞ്ഞെടുപ്പുകളെ സ്വാധീനിച്ചു. എങ്കിലും പാവപ്പെട്ടവരുടെയും തൊഴിലാളികളുടെയും അവകാശങ്ങൾക്കായി പോരാടി.
?സ്വന്തം സംസ്ഥാനത്തെ പാർട്ടി കോൺഗ്രസ്
സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവുള്ള പാരമ്പര്യമുണ്ട് പഞ്ചാബിന്. ഇവിടെ പാർട്ടിയുടെ സ്വത്വം വീണ്ടെടുക്കണം.