കുണ്ടറയിൽ പൊലീസ് ഉദ്യാേഗസ്ഥന് മർദനം; ഒരാൾ പിടിയിൽ
കൊല്ലം: കുണ്ടറയിൽ പൊലീസ് ഉദ്യോഗസ്ഥന് മർദനമേറ്റു. സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഉദയകുമാറിനാണ് മർദനമേറ്റത്. പടപ്പക്കരയിൽ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട തർക്കം അന്വേഷിക്കുന്നതിനായി എത്തിയതായിരുന്നു പൊലീസ്. പടപ്പക്കര സ്വദേശികളായ സെബാസ്റ്റ്യൻ, പ്രദീപ് എന്നിവർ ചേർന്നാണ് ആക്രമിച്ചത്. ഇതിൽ സെബാസ്റ്റ്യനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രദീപിനായി തെരച്ചിൽ ഊർജിതമാക്കി.
അതേസമയം, മയക്കുമരുന്ന് പിടികൂടാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച് കൊച്ചിയിൽ നിന്ന് കടന്ന പ്രതിയെ ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് അറസ്റ്റ് ചെയ്തു. പശ്ചിമബംഗാൾ ഉത്തർബിനാജ്പൂർ സ്വദേശി തൻവീർ ആലമാണ് (32) എറണാകുളം ടൗൺ നോർത്ത് പൊലീസിന്റെ പിടിയിലായത്.
2024 സെപ്തംബർ 19നാണ് ഡാൻസഫ് സംഘത്തിലെ പൊലീസുകാരെ ആക്രമിച്ച് ഇയാൾ കടന്നത്. കലൂരിലെ ലോഡ്ജിൽ നിന്ന് 2.5 കിലോ കഞ്ചാവുമായി കസ്റ്റഡിയിലെടുത്തപ്പോഴായിരുന്നു സംഭവം. ഒരു കൊല്ലം നീണ്ട നിരീക്ഷണത്തിനൊടുവിൽ ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് സാഹസികമായിട്ടാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.