സ്പാ ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതി അറസ്റ്റിൽ

Sunday 21 September 2025 12:41 AM IST

വർക്കല: പാപനാശം ബ്ലാക്ക് ബീച്ചിലെ സ്പാ ഉടമയെ പൊലീസിന്റെ ഇടനിലക്കാരൻ എന്ന വ്യാജേന ഭീഷണിപ്പെടുത്തി വൻതുക തട്ടിയെടുത്ത പ്രതിയെ വർക്കല പൊലീസ് പിടികൂടി. ചിലക്കൂർ അൻസി മൻസിലിൽ സജീറാണ്(33) അറസ്റ്റിലായത്.തമിഴ്നാട് സ്വദേശിയായ യുവതിയെ ഭീഷണിപ്പെടുത്തി 46,000 രൂപ സജീർ തട്ടിയെടുത്തെന്നാണ് പരാതി. യുവതി നടത്തുന്ന സ്പായിൽ എല്ലാ മാസവും പൊലീസ് റെയ്‌ഡ് നടത്തുമെന്നും,ഇതൊഴിവാക്കണമെങ്കിൽ ഇൻസ്പെക്ടർക്ക് പണം നൽകണമെന്നും ഇല്ലെങ്കിൽ സ്ഥാപനം പൂട്ടിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതിയിൽ പറയുന്നു.നഗരസഭയ്ക്കും പണം നൽകേണ്ടതുണ്ടെന്നും റെയ്ഡ് നടത്താതെ സ്ഥാപനം നടത്തണമെങ്കിൽ വീണ്ടും പണം നൽകണമെന്നും ആവശ്യപ്പെട്ടു.ഭീഷണി തുടർന്നതോടെയാണ് യുവതി പൊലീസിൽ പരാതിയുമായെത്തിയത്. 30,000 രൂപ പണമായും ബാക്കി തുക ഗൂഗിൾ പേ വഴിയുമാണ് ഇയാൾ കൈക്കലാക്കിയതെന്ന് പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.