ഓട അടച്ചതോടെ ഏല വെള്ളത്തിൽ

Sunday 21 September 2025 12:43 AM IST

കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ 6,13 വാർഡുകളിൽ ഉൾപ്പെടുന്ന പൊന്നാംകോണം, മങ്ങാട്ടുവാതുക്കൽ ഏല വെള്ളത്തിനടിയിലായിട്ട് മാസങ്ങളായി.റോഡ്‌ വികസനവുമായി ബന്ധപ്പെട്ട് മങ്ങാട്ടുവാതുക്കൽ റോഡിന്റെ കുറുകെ ഓട നിർമ്മിക്കുന്നതുമൂലമാണ് നിലവിലെ ഓടഅടച്ചത്.ഇതാണ് വെള്ളക്കെട്ടിന് കാരണം. 3 ഏക്കർ കൃഷിഭൂമി ഇപ്പോൾ വെട്ടത്തിനടിയിലായിട്ടുണ്ട്. വാഴ,മരിച്ചീനി,ചേമ്പ്,ചേന,ഇഞ്ചി മുതലായ വിളകളെല്ലാം വെള്ളത്തിനടിയിലാണ്. കൃഷിക്കാർക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടമായി. മാസങ്ങളായി വെള്ളത്തിന്റെ ഒഴുക്ക് നിലച്ച് വെള്ളം കെട്ടി നിൽക്കുന്നതിനാൽ ഏല കൊതുക് വളർത്തൽ കേന്ദ്രമായും മാറിയിട്ടുണ്ട്.ഏലായ്ക്ക് സമീപം താമസിക്കുന്ന നിർദ്ധനരായ കർഷകരും മറ്റും അനുഭവിക്കുന്ന ദുരിതം കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും ഓട എത്രയും പെട്ടെന്ന് പുനസ്ഥാപിച്ച് വെള്ളക്കെട്ട് ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് വാർഡ് മെമ്പർ നാവായിക്കുളം അശോകൻ പഞ്ചായത്ത്, കൃഷി ഓഫീസർ, വില്ലേജ് ഓഫീസർ, ദേശീയ പാതാ അതോറിട്ടി മുതലായവർക്ക് പരാതി നൽകി.

രോഗഭയത്താൽ വീട്

മാറേണ്ട അവസ്ഥയും

ഏലായ്ക്ക്‌ ഇരുവശവും അറുപതോളം വീടുകളുണ്ട്. കൊതുകുശല്യം രൂക്ഷമായതിനാൽ രോഗഭയം മൂലം പലരും വീട് മാറാനുള്ള തയാറെടുപ്പിലാണ്. മാസങ്ങളായി വെള്ളം കെട്ടി നിൽക്കുന്നതിനാൽ വെള്ളത്തിൽ ഇറങ്ങുന്ന കർഷകർക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാകില്ല.