പനി ഭീതിയിൽ ഗ്രാമങ്ങൾ

Sunday 21 September 2025 12:49 AM IST

കിളിമാനൂർ: ഗ്രാമങ്ങൾ പനിയിലകപ്പെടുന്നു. വൈറൽപ്പനി ഉയർന്നതോടെ ആശുപത്രികൾ പനിക്കാരെ കൊണ്ട് നിറഞ്ഞു. പനി,ചുമ,മൂക്കൊലിപ്പ്,തലവേദന,ഉയർന്ന ശരീര താപനില,ശരീരവേദന,വിശപ്പില്ലായ്മ,നിർജ്ജലീകരണം എന്നീ ലക്ഷണങ്ങളോടെ എല്ലാ പ്രായത്തിലുള്ളവർക്കും വൈറൽ പനി വ്യാപിക്കുന്നു.ചികിത്സ തേടി 2,​3 ദിവസങ്ങൾക്കുള്ളിൽ പനി മാറുമെങ്കിലും ചുമയും മറ്റ് ശാരീരിക അസ്വസ്ഥതകളും ആഴ്ചകൾ നീണ്ടുനിൽക്കും. ഡെങ്കിപ്പനി മുതലായ പനികളും ഉള്ളതിനാൽ പനിയുടെ ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.

 മാറിവരുന്ന മഴയും വെയിലുമാണ് വൈറൽ പനി വ്യാപിക്കാൻ കാരണം

 പനി ബാധിതർ കൃത്യസമയത്ത് ചികിത്സ തേടുന്നില്ല

സ്വയം ചികിത്സ വേണ്ട

മാസ്ക് ധരിക്കാത്തതും പനി പടരാൻ കാരണമാണ്

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക

കൊതുക് കടിയേൽക്കാതെ ശ്രദ്ധിക്കണം

കൈകാലുകളിൽ മുറിവുള്ളപ്പോൾ വെള്ളക്കെട്ടിൽ ഇറങ്ങരുത്. പകർച്ചവ്യാധികൾ പ്രതിരോധിക്കാൻ മുൻകരുതൽ സ്വീകരിക്കണം സ്വയംചികിത്സ അപകടകരമാണ്.

ചൂടിനൊട്ടും കുറവില്ല

പകർച്ച വ്യാധികൾക്കൊപ്പം ഗ്രാമങ്ങളിൽ പിടിമുറുക്കി ചിക്കൻപോക്സും. ഇടയ്ക്കിടെ വേനൽമഴ ലഭിക്കുന്നുണ്ടെങ്കിലും ചൂടിന് കുറവില്ല. ചൂട് കൂടുന്നതോടെ വിവിധയിടങ്ങളിൽ ചിക്കൻപോക്സും പടരുന്നുണ്ട്. നേരത്തെ രോഗം ബാധിച്ചിട്ടില്ലാത്തവരിലോ ചിക്കൻപോക്സ് വാക്സിൻ എടുക്കാത്തവരിലോ വളരെ എളുപ്പത്തിൽ ബാധിക്കാം.

ചി​ക്ക​ൻപോ​ക്സ് വ്യാപനവും

വൈറസ് ബാധിച്ച് 10 മുതൽ 21 ദിവസങ്ങൾക്കുള്ളിൽ ശരീരത്തിൽ കുമിളകൾ പ്രത്യക്ഷപ്പെടും. ഇത് കുറച്ചുദിവസം നീണ്ടുനിൽക്കും. കുമിളകൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് പനി, വിശപ്പില്ലായ്മ, തലവേദന, ക്ഷീണവും സുഖമില്ലെന്ന തോന്നലുമെല്ലാം അനുഭവപ്പെടാം.രോഗിയുടെ വായ്,മൂക്ക് എന്നിവിടങ്ങളിൽ നിന്നുള്ള സ്രവങ്ങളാണ് പ്രധാനമായും രോഗം പരത്തുക.സ്പർശനം മൂലവും ചുമയ്ക്കുമ്പോൾ പുറത്തുവരുന്ന ജലകണങ്ങൾ വഴിയും രോഗം പടരും.