എച്ച്- 1 ബി തൊഴിൽ വിസയ്ക്ക് ട്രംപിന്റെ ഇരുട്ടടി, വാർഷിക ഫീസ് 1,​00,​000 ഡോളർ

Sunday 21 September 2025 12:52 AM IST

വാഷിംഗ്ടൺ: ഇന്ത്യൻ ഐ.ടി പ്രൊഫഷണലുകളെയടക്കം കടുത്ത ഉത്കണ്ഠയിലാക്കി, എച്ച്- 1 ബി വർക്കർ വിസയ്ക്ക് ഒരുലക്ഷം ഡോളർ (88 ലക്ഷത്തിലേറെ രൂപ)​ വാർഷിക ഫീസ് ഏർപ്പെടുത്തി ട്രംപ് ഭരണകൂടം. ഇന്ത്യൻ സമയം ഇന്ന് രാവിലെ 9.30ന് നിയമം പ്രാബല്യത്തിൽ വരും.

എച്ച്- 1 ബി വിസയിൽ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കുന്ന അമേരിക്കയിലെ കമ്പനികളാണ് ഈ ഫീസ് സർക്കാരിന് നൽകേണ്ടത്. 5000- 6000 ഡോളർ മാത്രമായിരുന്നതാണ് ഒറ്റയടിക്ക് ഒരു ലക്ഷത്തിലേക്കുയർത്തിയത്. മൈക്രോസോഫ്റ്റ്, ജെ.പി മോർഗൻ, ആമസോൺ തുടങ്ങിയ കമ്പനികൾ എച്ച്- 1 ബി വിസക്കാർ യു.എസിൽ തുടരാൻ നിർദ്ദേശിച്ചു. യു.എസിന് പുറത്താണെങ്കിൽ ഇന്ത്യൻ സമയം ഇന്ന് രാവിലെ 9.30ന് മുമ്പ് തിരിച്ചെത്തണം.

അമേരിക്കൻ കമ്പനികൾക്ക് വിദഗ്ദ്ധ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കാൻ അനുവാദം നൽകുന്നതാണ് നോൺ ഇമിഗ്രന്റ് വിസയായ എച്ച്- 1 ബി. ചെറുകിട ടെക് സ്ഥാപനങ്ങളെയും സ്‌റ്റാർട്ടപ്പുകളെയും ഫീസുയർത്തൽ സാരമായി ബാധിക്കും.

വേതനം താഴ്ത്താൻ ചില തൊഴിലുടമകൾ പദ്ധതിയെ ദുരുപയോഗിച്ചെന്നും അമേരിക്കൻ പ്രൊഫഷണലുകളെ പ്രതികൂലമായി ബാധിക്കുന്നെന്നും ട്രംപ് ആരോപിച്ചു. എച്ച്- 1 ബി വിസകളിലൂടെ അമേരിക്കക്കാരുടെ തൊഴിലവസരം ഇന്ത്യക്കാരും ചൈനക്കാരും തട്ടിയെടുക്കുന്നെന്നാണ് ട്രംപ് അനുകൂലികൾ ആവർത്തിക്കുന്നത്.

ആമസോൺ, ആമസോൺ വെബ് സർവീസ് എന്നിവ ഇക്കൊല്ലം 12,000വും മൈക്രോസോഫ്റ്റ്, മെറ്റ എന്നിവ 5,000 വിസകൾക്കും അംഗീകാരം നൽകിയിരുന്നു.

71% വിസ നേടുന്നത് ഇന്ത്യക്കാർ

1. എച്ച്-1 ബി വിസ നേടുന്നവരിൽ 71% ഇന്ത്യക്കാർ. രണ്ടാം സ്ഥാനം ചൈന,​ 11.7 %

2. രണ്ട് കാറ്റഗറികളിലായി പ്രതിവർഷം അനുവദിക്കുന്ന വിസകൾ 85,000

3. താത്കാലിക വിസയ്ക്ക് 3 വർഷം കാലാവധി. 3 വർഷത്തേക്ക് കൂടി പുതുക്കാം

ട്രംപിന്റെ ലക്ഷ്യം

1. രാജ്യത്ത് അമേരിക്കൻ തൊഴിലാളികളുടെ നിയമനത്തിന് മുൻഗണന നൽകുക

2. കുടിയേറ്റ നിയന്ത്രണം. ഉന്നത യോഗ്യതയുള്ള വിദേശ തൊഴിലാളികൾ മാത്രം മതി

ഒട്ടേറെ പ്രൊഫഷണലുകളെ ബാധിച്ചേക്കും. ഇക്കാര്യം പഠിക്കുകയാണ്. യു.എസ് അധികൃതർ ഉചിതമായ മാറ്റം വരുത്തുമെന്നാണ് പ്രതീക്ഷ.

- രൺധീർ ജയ്‌സ്വാൾ,

വിദേശകാര്യ വക്താവ്

യു.എസ് കമ്പനികൾ സ്വന്തം ജനതയെ പരിശീലിപ്പിക്കുക. ഇവിടത്തെ ജോലികൾ ചെയ്യാൻ പുറത്തുനിന്ന് ആളെക്കൊണ്ടുവരുന്നത് അവസാനിക്കണം

- ഹൊവാർഡ് ലുട്‌നിക്,

യു.എസ് കൊമേഴ്സ് സെക്രട്ടറി