വൈദ്യുതി വിഭാഗത്തിലെ തസ്തിക വെട്ടിക്കുറച്ച ഉത്തരവ് മരവിപ്പിച്ചു
തൃശൂർ: കോർപറേഷൻ വൈദ്യുതി വിഭാഗത്തിലെ തസ്തിക വെട്ടിക്കുറച്ച ഉത്തരവ് സംസ്ഥാന സർക്കാർ മരവിപ്പിച്ചു. സ്റ്റാഫ് പാറ്റേൺ പരിഷ്‌കരിച്ചുകൊണ്ടുള്ള ഉത്തരവ് നടപ്പിലാക്കുന്നത് തദ്ദേശ വകുപ്പ് മരവിപ്പിച്ചതായി മേയർ എം.കെ.വർഗീസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച ഉത്തരവ് തദ്ദേശ വകുപ്പ് അണ്ടർ സെക്രട്ടറി ഇറക്കിയത്. സ്വന്തമായി വൈദ്യുതി വിതരണം നടത്തുന്ന തൃശൂർ കോർപറേഷനിലെ വൈദ്യുതി വിഭാഗത്തിൽ 229 ജീവനക്കാരുണ്ടായിരുന്നത് തദ്ദേശ സ്വയംഭരണ വകുപ്പ് 103 ആക്കി വെട്ടിച്ചുരുക്കിയാണ് ഉത്തരവ് ഇറക്കിയത്. ഈ വിഷയത്തിൽ ചൊവ്വാഴ്ച മേയറുടെ നേതൃത്വത്തിൽ മന്ത്രി എം.ബി.രാജേഷുമായി ചർച്ച നടത്തും. ഉത്തരവ് ഇറങ്ങിയതിന് പിന്നാലെ കോർപറേഷന്റെ വൈദ്യുതി വിഭാഗത്തെ സംരക്ഷിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട് സർക്കാരുമായി ചർച്ച നടത്തുമെന്നും കോർപറേഷൻ കൗൺസിലിൽ മേയർ ഉറപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് ഉത്തരവ് മരവിപ്പിച്ചത്. വാർത്താസമ്മേളനത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.കെ.ഷാജൻ, വർഗീസ് കണ്ടംകുളത്തി എന്നിവരും പങ്കെടുത്തു.
ചർച്ചയിൽ തൊഴിലാളി നേതാക്കളും വേണമെന്ന് മേയർ
കോർപറേഷൻ വൈദ്യുതി വിഭാഗത്തിലെ തസ്തിക വെട്ടിക്കുറച്ചതും ശമ്പള പരിഷ്‌കരണവും സംബന്ധിച്ച് 23 ന് മന്ത്രി എം.ബി.രാജഷിന്റെ ഓഫീസിൽ നടക്കുന്ന ചർച്ചയിലേക്ക് യൂണിയൻ നേതാക്കളെ വിളിച്ചില്ലെന്ന് പരാതി. താൻ പങ്കെടുക്കണമെങ്കിൽ തൊഴിലാളി നേതാക്കളെയും വിളിക്കണമെന്ന് മേയർ പറഞ്ഞു. മേയർ, പ്രിൻസിപ്പൽ സെക്രട്ടറി, സംസ്ഥാന ഓഡിറ്റ് വകുപ്പ് ഡയറക്ടർ എന്നിവരെയാണ് വിളിച്ചത്.
ശമ്പള പരിഷ്‌കരണം ആവശ്യം
കെ.എസ്.ഇ.ബിക്ക് സമാനമായി ജോലി ചെയ്യുന്ന ജീവനക്കാർക്ക് ശമ്പള പരിഷ്‌കരണമെന്നത് ദീർഘകാല ആവശ്യമായിരുന്നു. സ്റ്റാഫ് പാറ്റേൺ പുനർനിർണയിച്ചശേഷം പരിഗണിക്കാമെന്നായിരുന്നു സർക്കാർ ഉറപ്പ്. എന്നാൽ പുതിയ സ്റ്റാഫ് പാറ്റേണിൽ പകുതിയിലേറെ ജീവനക്കാരെയാണ് വെട്ടിക്കുറച്ചത്. 2013ൽ നടപ്പാക്കേണ്ട ശമ്പള പരിഷ്‌കരണം 2018ലാണ് നടപ്പാക്കിയതെന്ന് തൊഴിലാളികൾ പറയുന്നു. പിന്നീട് കെ.എസ്.ഇ.ബി ജീവനക്കാർക്ക് ശമ്പളം വർദ്ധിപ്പിച്ചെങ്കിലും ഏഴുവർഷക്കാലമായി കൂട്ടിയില്ലെന്നാണ് കോർപറേഷൻ വൈദ്യുത ജീവനക്കാരുടെ പരാതി.