സ്റ്റേഡിയത്തിലെ "പന്തുകളി" വിവാദട്രാക്കിൽ
തൃശൂർ: അത്‌ലറ്റിക്‌സിന് സിന്തറ്റിക് ട്രാക്ക് വേണമെന്ന ആവശ്യം ഉയരുന്നതിനിടെ, കോർപറേഷൻ സ്റ്റേഡിയം സ്വകാര്യ ഫുട്ബാൾ അക്കാഡമിക്ക് കൈമാറുന്നത് വിവാദത്തിലേക്ക്. സംസ്ഥാനതല അത്‌ലറ്റിക് മത്സരങ്ങളും നാഷണൽ ആൾ ഇന്ത്യ യൂണിവേഴ്‌സിറ്റി മത്സരങ്ങളും നടന്ന സ്‌റ്റേഡിയമാണ് മുഴുവനായി ഫുട്ബാൾ അക്കാഡമിക്ക് കൈമാറുന്നത്. സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്ക് നിർമ്മിക്കണമെന്നും എല്ലാ അത്‌ലറ്റുകൾക്കും പരിശീലനത്തിന് സൗകര്യമുണ്ടാക്കണമെന്നും ആവശ്യപ്പെട്ട് അത്‌ലറ്റിക്‌സ് വെൽഫെയർ അസോസിയേഷൻ, സ്‌പോർട്‌സ് ലെഗസി, മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് അസോസിയേഷനും മേയർക്ക് നിവേദനം നൽകി. എട്ടിലധികം ഒളിമ്പ്യൻമാരും പതിനഞ്ചോളം ഏഷ്യൻ മെഡലിസ്റ്റുകളും നൂറിലധികം ദേശീയ അത്‌ലറ്റുകളും പിറവിയെടുത്ത സ്‌റ്റേഡിയമാണിത്. സ്വകാര്യ കമ്പനിക്ക് കൈമാറുന്നതോടെ പേരിനുള്ള അത്‌ലറ്റിക് ട്രാക്കും ഇല്ലാതാകും. 2015ലെ നാഷണൽ ഗെയിംസിൽ വനിതാ ഫുട്ബാൾ നടത്താനായി ഗ്രൗണ്ട് ആർട്ടിഫിഷ്യൽ ടർഫായി മാറ്റിയപ്പോൾ സ്‌റ്റേഡിയത്തിലുണ്ടായിരുന്ന എട്ട് ലെയിൻ ട്രാക്കും ജംപിംഗ് പിറ്റും ത്രോയിംഗ് സെക്ടറും ഇല്ലാതായി. ഇതോടെ അത്‌ലറ്റിക് മത്സരങ്ങൾ കോർപറേഷൻ സ്റ്റേഡിയത്തിൽ നിന്ന് അകന്നു. ഇതോടെ കഴിഞ്ഞ സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക് മീറ്റ് കുന്നംകുളത്തേക്ക് മാറ്റി.
ട്രാക്ക് പണിയാനാകില്ല
സ്റ്റേഡിയം ഏറ്റെടുത്താൽ ഫുട്ബാൾ മൈതാനം പുതുക്കി പണിയാനാണ് സ്വകാര്യ കമ്പനിയുടെ തീരുമാനം. 106 മീറ്റർ നീളത്തിലും 70 മീറ്റർ വീതിയിലും മൈതാനം പുനരുദ്ധരിക്കും. ഇത്തരത്തിലുള്ള നിർമ്മാണം ട്രാക്കിലേക്കും കടക്കും.
മന്ത്രിയുടെ വാഗ്ദാനം, മേയർ പ്രതിമ !
മന്ത്രി എ.സി.മൊയ്തീൻ കായിക വകുപ്പിന്റെ ചുമതല ഉണ്ടായിരുന്നപ്പോൾ കോർപറേഷൻ സ്റ്റേഡിയം നവീകരിച്ച് സിന്തറ്റിക് ട്രാക്ക് നിർമ്മിച്ച് നൽകാമെന്ന് വാഗ്ദാനം നൽകിയിരുന്നു. കോർപറേഷൻ മുൻകൈയെടുത്ത് എസ്റ്റിമേറ്റ് നൽകണമെന്നും അറിയിച്ചിരുന്നു. എന്നാൽ മേയറും ബന്ധപ്പെട്ടവരും മുൻകൈയെടുത്തില്ല. ഇതോടെയാണ് സ്‌റ്റേഡിയം നവീകരണവും സിന്തറ്റിക് ട്രാക്കും കുന്നംകുളത്ത് നിർമ്മിച്ചത്. പി.ടി. ഉഷ തൃശൂരിലെത്തിയപ്പോഴും സിന്തറ്റിക് ട്രാക്ക് നിർമ്മിക്കുമെന്ന വാഗ്ദാനം നൽകി. എന്നാൽ ആ അവസരത്തിലും കോർപറേഷൻ തുടർനടപടി സ്വീകരിച്ചില്ല.
പിന്തുണച്ച് ഡി.എഫ്.എ
സ്റ്റേഡിയത്തിലെ ഫുട്ബാൾ ഗ്രൗണ്ട് നവീകരണത്തിനെതിരെ സങ്കുചിത താൽപര്യക്കാരാണ് പ്രചരണം നടത്തുന്നതെന്ന് ഡിസ്ട്രിക്ട് ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികൾ. ഗ്രൗണ്ടിന് കേടുപാടുകൾ സംഭവിച്ചതിനാലാണ് ഗ്രൗണ്ട് നവീകരണത്തിനായി സ്വകാര്യ ഫുട്ബാൾ കമ്പനിക്ക് കൈമാറുന്നതെന്ന് പ്രസിഡന്റ് സി.സുമേഷ് പറഞ്ഞു.
സ്റ്റേഡിയത്തിന്റെ നിയന്ത്രണം മുഴുവനായി കൈമാറുന്നുവെന്നത് ശരിയല്ല. സ്റ്റേഡിയം അഞ്ച് വർഷത്തേക്ക് യൂണിഫൈഡ് ഫുട്‌ബോൾ സ്‌പോർട്‌സ് ഡെവലപ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിനാണ് കരാർ നൽകിയിരിക്കുന്നത്.
എം.കെ.വർഗീസ് മേയർ