രാജ്‌നാഥ് സിംഗ് നാളെ മൊറോക്കോയിലേക്ക്; വിദേശത്ത് ഇന്ത്യ നിർമ്മിച്ച പ്രതിരോധ നിർമ്മാണ പ്ലാന്റ് ഉദ്ഘാടനം ചെയ്യും
ന്യൂഡൽഹി: വിദേശത്ത് ഇന്ത്യ നിർമ്മിച്ച ആദ്യത്തെ പ്രതിരോധ നിർമ്മാണ പ്ലാന്റ് ഉദ്ഘാടനത്തിന് തയ്യാറായി. മൊറോക്കയിലെ ബെറെചിഡിലെ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് പ്ലാന്റ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നാളെ ഉദ്ഘാടനം ചെയ്യും. രണ്ടു ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹം നാളെ തിരിക്കും. ആദ്യമായാണ് ഇന്ത്യൻ പ്രതിരോധ മന്ത്രി ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലെത്തുന്നത്. മൊറോക്കൻ സൈന്യവുമായി ചേർന്നാണ് പ്ലാന്റ് സ്ഥാപിക്കൽ. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസും ഡിഫൻസ് റിസർച്ച് ഡെവലപ്‌മെന്റ് ഓർഗനൈസേഷനും (ഡി.ആർ.ഡി.ഒ) സംയുക്തമായി വികസിപ്പിച്ച, ഏത് ഭൗമസാഹചര്യത്തിലും ഉപയോഗിക്കാനാകുന്ന സൈനിക വാഹനം പ്ലാന്റിൽ നിർമ്മിക്കും. വാഹന നിർമ്മാണത്തിനായി കഴിഞ്ഞ സെപ്‌തംബറിലാണ് ടാറ്റ ഗ്രൂപ്പുമായി മൊറോക്കൻ സൈന്യം കരാർ ഒപ്പുവച്ചത്. ഒരു വർഷം ഇത്തരത്തിലുള്ള 100 വാഹനങ്ങൾ നിർമ്മിക്കുകയാണ് ലക്ഷ്യം. ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസ് നിർമ്മിച്ച 92 ആറുചക്ര സൈനിക ട്രക്കുകൾ 2023ൽ മൊറോക്കൻ സൈന്യത്തിന് കൈമാറിയിരുന്നു. 2445 ഡിഫൻസ് ഡംപ് ട്രക്കുകൾക്കായും കരാറുണ്ട്.
നിർണായക കൂടിക്കാഴ്ചകൾ
പ്രതിരോധ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തൽ ലക്ഷ്യമിട്ട് മൊറോക്കൻ പ്രതിരോധ മന്ത്രി അബ്‌ദേൽതിഫ് ലൗഡിയിയുമായി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും. വ്യവസായ മേഖലയിലെ സഹകരണത്തിനായി മൊറോക്കൻ വ്യവസായ-വാണിജ്യ മന്ത്രി റയദ് മെസോറുമായും ചർച്ച നടത്തും. റാബാതിൽ ഇന്ത്യൻ സമൂഹവുമായി സംവദിക്കും. പ്രതിരോധ മേഖലയിലെ സഹകരണത്തിനായി ഇരുരാജ്യങ്ങളും ധാരണാപത്രങ്ങൾ ഒപ്പുവച്ചേക്കും. ആയുധ കൈമാറ്റം, പരിശീലനം ഉൾപ്പെടെ പ്രതിരോധ മേഖലയിലെ പരസ്‌പര സഹകരണം ശക്തിപ്പെടുത്തുന്നതായിരിക്കും ധാരണാപത്രം. അടുത്ത വർഷം നടക്കുന്ന ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടിക്ക് മുന്നോടിയായാണ് സന്ദർശനം. 2015ൽ മൊറോക്കോ രാജാവ് മുഹമ്മദ് ആറാമൻ ഇന്ത്യ സന്ദർശിച്ചതിനുശേഷമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മികച്ച തലത്തിലേക്കെത്തിയത്.