മിഗ് 21 26ന് പടിയിറങ്ങും
ന്യൂഡൽഹി: രാജ്യത്തിന്റെ സൈനിക ചരിത്രത്തിന്റെ ഭാഗമായ മിഗ്-21 വിമാനങ്ങൾ ആറ് പതിറ്റാണ്ടിലേറെ നീണ്ട സേവനത്തിനൊടുവിൽ 26ന് പടിയിറങ്ങും. ചണ്ഡിഗർ വ്യോമതാവളത്തിൽ അന്ന് ഔദ്യോഗിക യാത്ര അയപ്പ് നൽകും. ന്യൂ ജനറേഷൻ ഫൈറ്റർ ജെറ്റുകളിലേക്ക് രാജ്യം മാറിയതിനിടെയാണിത്. മിഗ് 21ന് പകരക്കാരൻ തേജസ് മാർക് 1എ യുദ്ധവിമാനങ്ങൾ ആയിരിക്കുമെന്നാണ് സൂചന. ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായിരുന്നു മിഗ് 21. 1963ലാണ് സേനയുടെ ഭാഗമായത്. റഷ്യയിൽ നിന്ന് വാങ്ങിയ മിഗ് 21 ഇന്ത്യയുടെ ആദ്യ സൂപ്പർസോണിക് ജെറ്റ് വിമാനമാണ്. ഇന്ത്യ-പാക് യുദ്ധങ്ങളിലും അതിർത്തി സംഘർഷങ്ങളിലും ഇന്ത്യൻ ആകാശത്തെ സംരക്ഷിച്ചു. 1971ലെ യുദ്ധത്തിൽ പാകിസ്ഥാനെ മുട്ടുകുത്തിച്ചതിൽ നിർണായക ശക്തിയായിരുന്നു. ധാക്കയിലെ ഗവർണറുടെ വസതിക്ക് നേർക്ക് മിഗ് 21 ആക്രമണം നടത്തിയിരുന്നു. കാർഗിൽ യുദ്ധത്തിലും പങ്കെടുത്തു.
നിലവിൽ രണ്ട് സ്ക്വാഡ്രണുകൾ
കാലാനുസൃത മാറ്റങ്ങൾ വരുത്തിയ 36 മിഗ്-21 ബൈസണുകൾ അടങ്ങിയ രണ്ട് സ്ക്വാഡ്രണുകളാണ് നിലവിലുള്ളത്. അത്യാധുനിക ആശയവിനിമയ സംവിധാനങ്ങളും ഇലക്ട്രോണിക് യുദ്ധമുറ സ്യൂട്ടുകളും അടക്കം മാറ്റങ്ങൾ വരുത്തിയെങ്കിലും എൻജിന്റെ പ്രകടനവും ഭാരം വഹിക്കാനുള്ള ശേഷിയും വർദ്ധിപ്പിക്കാനായില്ല. പരിശീലനത്തിനിടെ 400ലധികം മിഗ്-21 വിമാനങ്ങൾ അപകടത്തിൽപ്പെട്ടിരുന്നു. 100ലധികം പൈലറ്റുമാരും സിവിലിയൻമാരും കൊല്ലപ്പെട്ടു. 2019ലെ ബാലക്കോട്ട് സർജിക്കൽ ആക്രമണത്തിൽ വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ പറത്തിയ ബൈസൺ പാക് സേന വെടിവച്ചിട്ടിരുന്നു.