ആശ്രിതത്വം ഇനി വേണ്ടെന്ന് മോദി,​ ആത്മനിർഭറിലൂടെ മുന്നേറാം

Sunday 21 September 2025 12:37 AM IST

ന്യൂഡൽഹി: ഇന്ത്യയുടെ മുഖ്യശത്രു മറ്റു രാജ്യങ്ങളെ ആശ്രയിക്കുന്ന പ്രവണതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആശ്രിതത്വം മറികടക്കാൻ ആത്മനിർഭർ ഭാരതിലൂടെ കഴിയണം. ഗുജറാത്തിലെ ഭാവ്‌നഗറിൽ 'സമുദ്ര് സേ സമൃദ്ധി" പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

സമാധാനം,​ സ്ഥിരത,​ ക്ഷേമം എന്നിവയ്‌ക്ക് ഭാരതം സ്വയം പര്യാപ്‌തമാകണം. സെമികണ്ടക്‌ടർ ചിപ്പ് മുതൽ കപ്പൽ വരെ തദ്ദേശീയമായി നിർമ്മിക്കണം. എച്ച് 1ബി വിസയ്‌ക്ക് ട്രംപ് ഭരണക്കൂടം ഒരു ലക്ഷം ഡോളർ ഫീസ് ചുമത്തിയതിനു പിന്നാലെയാണ് മോദിയുടെ ആഹ്വാനം. സമുദ്ര മേഖലയുടെ വികസനത്തിന് 7870 കോടിയുടെ പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കമിട്ടു. റോഡ് ഷോയും നടത്തി.

ഗുജറാത്തിൽ ആകെ 26,​354 കോടിയുടെ പദ്ധതികൾക്ക് തറക്കല്ലിട്ടു. സമുദ്രം, ഊർജ്ജം, ആരോഗ്യം, ഗതാഗതം, നഗരവികസന മേഖലകളിലാണ് പദ്ധതികൾ. 4500 കോടി മുടക്കി നാഷണൽ മാരിടൈം ഹെറിറ്റേജ് കോംപ്ലക്‌സ് വികസിപ്പിക്കും.

സ്വയംപര്യാപ്തത

കോൺ. തടഞ്ഞു

ഇന്ത്യയുടെ വികസന സാദ്ധ്യതകൾ കോൺഗ്രസ് അവഗണിച്ചെന്ന് മോദി പറഞ്ഞു. സ്വാതന്ത്ര്യം നേടി ഏഴു പതിറ്റാണ്ട് പിന്നിട്ടിട്ടും ഇന്ത്യ അർഹിക്കുന്ന നേട്ടങ്ങൾ കൈവരിച്ചിട്ടില്ല. നീണ്ട കാലം കോൺഗ്രസ് സർക്കാരുകൾ രാജ്യത്തെ ലൈസൻസ് ക്വാട്ട രാജിൽ തളച്ചിടുകയും ലോകവിപണിയിൽ നിന്ന് മാറ്റിനിറുത്തുകയും ചെയ്‌തു. ആഗോളവത്കരണം വന്നപ്പോൾ ഇറക്കുമതിയുടെ വഴി മാത്രം തിരഞ്ഞെടുത്തു. കോടിക്കണക്കിന് രൂപയുടെ അഴിമതി നടന്നു. കോൺഗ്രസ് നയങ്ങൾ യുവാക്കൾക്ക് വലിയ നഷ്‌ടമാണുണ്ടാക്കിയത്.