'അമോഘ് ഫ്യൂറി' പാക് അതിർത്തിക്ക് സമീപം കരസേനയുടെ ശക്തിപ്രകടനം
ജയ്പൂർ: പാക് അതിർത്തിക്ക് സമീപം ഥാർ മരുഭൂമിയിൽ കരസേനയുടെ ശക്തിപ്രകടനം.
ശക്തിപ്രകടനം സപ്തശക്തി കമാൻഡറിന്റെ നേതൃത്വത്തിൽ. രാത്രിയും പകലുമായി നീണ്ടുനിന്ന പരിശീലനത്തിൽ ടാങ്കുകളും പീരങ്കികളും ഉൾപ്പെടെയുള്ള സർവ സന്നാഹങ്ങളും അഭ്യാസപ്രകടനത്തിന്റെ ഭാഗമായി. മഹാജൻ ഫീൽഡ് ഫയറിംഗ് റേഞ്ചുകളിലാണ് 'അമോഘ് ഫ്യൂറി' എന്ന് പേരിട്ട ശക്തിപ്രകടനം നടന്നത്.
ഉന്നത നിലവാരത്തിലുള്ള സൈനികാഭ്യാസമായിരുന്നു. വിവിധ സേനാവിഭാഗങ്ങളെ ഏകോപിപ്പിച്ച് സംയുക്തമായ യുദ്ധമുറകൾ നടന്നു.
യഥാർത്ഥ യുദ്ധസാഹചര്യങ്ങളെ നേരിടാനുള്ള പോരാട്ടവീര്യവും ഏകോപനവും പ്രവർത്തന മികവും പരീക്ഷിച്ചു. യുദ്ധ ടാങ്കുകൾ, കാലാൾപ്പട വാഹനങ്ങൾ, അറ്റാക്ക് ഹെലികോപ്ടറുകൾ, ദീർഘദൂര ആർട്ടിലറി, ഡ്രോണുകൾ തുടങ്ങി വിവിധ പ്ലാറ്റ്‌ഫോമുകൾ ഈ അഭ്യാസത്തിൽ പങ്കെടുത്തു എന്നാണ് റിപ്പോർട്ട്.
നെറ്റ്‌വർക്ക് കേന്ദ്രീകൃതമായ ആശയവിനിമയം, തത്സമയ നിരീക്ഷണം, നൂതന കമാൻഡ് ആൻഡ് കൺട്രോൾ സംവിധാനങ്ങൾ തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളും പരിശീലനത്തിൽ ഉപയോഗിച്ചു. സൈനികാഭ്യാസത്തിൽ സേനാവിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം, പ്രവർത്തന മികവ്, സാങ്കേതിക വിദ്യകളുടെ സംയോജനം എന്നിവയ്ക്ക് സൈന്യം ഊന്നൽ നൽകി.
പാകിസ്ഥാൻ ആർട്ടിലറിയും ഡ്രോണുകളും ഉപയോഗിച്ച് ജമ്മു കാശ്മീർ, രാജസ്ഥാൻ, പഞ്ചാബ് അതിർത്തികളിലെ പ്രതിരോധ മേഖലകളെയും സാധാരണക്കാരെയും ലക്ഷ്യമിട്ട് നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയാണ് സൈനികാഭ്യാസം നടന്നതെന്നതും ശ്രദ്ധേയമാണ്.