സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയിൽ
കൊടുങ്ങല്ലൂർ : അടിയന്തര പ്രതികരണ സംവിധാനത്തിന്റെ (ഇ.ആർ.എസ്.എസിൽ) ലഭിച്ച വിവരത്തെ തുടർന്ന് അതിവേഗ നടപടി. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ പ്രതി പിടിയിൽ. പൊലീസ് എട്ട് മിനിറ്റിനുള്ളിൽ സ്ഥലത്തെത്തി പ്രതിയെ പിടികൂടി. വെള്ളിയാഴ്ച വൈകീട്ട് എറിയാട് സ്‌കൂളിന് സമീപം നിൽക്കുകയായിരുന്ന സ്ത്രീകളുടെ അന്തസ് ഹനിക്കുന്ന രീതിയിൽ പെരുമാറിയതിന് പ്രതിയായ എറിയാട് ആറാട്ടുവഴി പള്ളത്ത് ധന്യനാണ് (36) പിടിയിലായത്.
പ്രതി സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സമയം സ്ത്രീകളിൽ ഒരാൾ അടിയന്തര സാഹചര്യങ്ങളിൽ വിളിക്കേണ്ട എമർജൻസി നമ്പർ 112ലേക്ക് വിളിച്ച് വിവരം അറിയിച്ചു. തുടർന്ന് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ വാഹനം വെറും എട്ട് മിനിറ്റിൽ സ്ഥലത്തെത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർമാരായ കശ്യപൻ, ഷാബു, സിവിൽ പൊലീസ് ഓഫീസർ അമൽദേവ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.