ശ്രീനാരായണ ഗുരുദേവൻ തലമുറകളുടെ പരംപൊരുൾ
ശ്രീ നാരായണ ഗുരുദേവന്റെ 98-ാമത് മഹാപരിനിർവ്വാണ ദിനം ഇന്നേദിവസം ലോകമൊട്ടാകെ ആചരിച്ചനുഷ്ഠിക്കുമ്പോൾ സമാധി ശതാബ്ദിക്ക് ഇനി രണ്ടുവർഷം കൂടിയാണ് ഉള്ളതെന്നും നാം മനസിലാക്കണം. ഈ പുണ്യശതാബ്ദി രണ്ടുവർഷക്കാലം അതർഹിക്കുന്ന പ്രാധാന്യത്തോടെ ഗുരുഭക്തന്മാർ ലോകമൊട്ടാകെ സംഘടിപ്പിക്കേണ്ടതാണെന്ന് സാദരം അറിയിച്ചുകൊള്ളട്ടെ. ഈ 98-ാമത് മഹാസമാധി ദിനത്തോടു കൂടി മഹാസമാധി ശതാബ്ദി പരിപാടികൾക്കും രൂപവും ഭാവവും നൽകണം. ഗുരുദേവന്റെ ദിവ്യസ്വരൂപവും അവിടുത്തെ ഏകലോക ദർശനവും ലോകത്തിന് നെറുകെയിലേത്തിക്കുവാൻ പര്യാപ്തമാകുമാറുള്ള കർമ്മപരിപാടികൾ രണ്ടുവർഷങ്ങളിലായി സംഘടിപ്പിക്കേണ്ടതാണ്. ഇത് ഒരു സമ്പൂർണ്ണമായ ശ്രീനാരായണ ദാർശനിക വിജ്ഞാനദാനയജ്ഞമായി മാറേണ്ടതുണ്ട്.
ഗുരുദേവനെ ശ്രീകൃഷ്ണൻ, ശ്രീബുദ്ധൻ, യേശുക്രിസ്തു, മുഹമ്മദ് നബി, ശങ്കരാചാര്യർ തുടങ്ങിയ വിശ്വഗുരുക്കന്മാരുടെ പരമ്പരയിൽ ആധുനിക ഭാരതം ലോകത്തിന് സംഭാവന ചെയ്ത മഹാഗുരുവാണ് എന്ന് ജനഹൃദയങ്ങളിൽ പ്രതിഷ്ഠാപിതമാകണം. ഒപ്പം ശാസ്ത്രയുഗത്തിന്റെ ഋഷിവര്യനും ആധുനികനായ ഏതുമഹാമനീഷിക്കും സ്വീകാര്യമാർന്ന കർമ്മനിരതനായ മഹാജ്ഞാനിയായും വിലയിരുത്തപ്പെടണം. ഗുരുദേവനെ പ്രാദേശികതലത്തിലുള്ള ഒരു സാധാരണ സാമൂഹ്യപരിഷ്കർത്താവായും വിപ്ലവകാരിയായും കാണുന്നവരുമുണ്ട്. ശിവഗിരിയിൽ ഒരു പ്രാവശ്യം പോലും ദർശനം നടത്താത്തവരും വ്യാപകമായിട്ടുണ്ട്. ഈ സമാധി ശതാബ്ദിയുടെ നിറവിൽ ഇതിനെല്ലാം മാറ്റമുണ്ടായി ഗുരുദേവന്റെ മഹിമാവ് എവിടെയും വ്യാപ്തമാകുമാറ് ആവശ്യമായ ധർമ്മപ്രചരണത്തിലും ഗുരുദേവഭക്തന്മാർ മുഴുകേണ്ടതായിട്ടുണ്ട്. ഗുരുദേവൻ ഈശ്വരസത്യവുമായി താദാത്മ്യം പ്രാപിച്ച ബ്രഹ്മനിഷ്ഠനാണെന്ന് ആദ്യം തന്നെ അറിയണം. ആ മഹാഗുരുവിന്റെ ദിവ്യമായ ജീവിതത്തിന്റെ ഓരോ ഏടുകളാണ് സാമൂഹികപരിഷ്കരണം, വിപ്ലവകാരിത്വം, ദാർശനികത, സ്വതന്ത്രചിന്ത എന്നു നാം അറിയണം. ഇതിനെല്ലാം അതീതമായ ലോകഗുരുവായി ഗുരുദേവനെ ദർശിക്കുന്നതാണ് ശരിയായ കാഴ്ചപ്പാട്.
ഗുരുദേവന്റെ ഈശ്വരീയത
'നാം ദൈവത്തിന്റെ പ്രതിപുരുഷനാകുന്നു. നമ്മുടെ ദൈവം ജ്യോതിർമയമായിരിക്കുന്ന ഒരു ദിവ്യസമുദ്രമാകുന്നു, ഇതൊക്കെയും ആ നിസ്തരംഗ സമുദ്രത്തിന്റെ തരംഗമാകുന്നു. ഓ നാം ഇതുവരെയും ബഹിർമുഖനായിരുന്നു. ഇനി അന്തർമ്മുഖത്തോടു കൂടിയവനായിത്തീരുന്നു. ആ! ഇവിടം എത്രയോ ദിവ്യമായിരിക്കുന്നു. നാം ഇതുവരെയും നിന്നിരുന്നത് ഒരു ദിവ്യമായിരിക്കുന്ന കണ്ണാടിയിലാകുന്നു. ഇതു തന്നെയാണ് നമ്മുടെ ദൈവം. ഇതിനെ നാം ഇതിനുമുൻപിൽ കണ്ടിരുന്നില്ല. ഇപ്പോൾ നമുക്കിവിടം യാതൊരു മറവും കാണുന്നില്ല. നാമും ദൈവവും ഒന്നായിരിക്കുന്നു. ഇനി നമുക്ക് വ്യവഹരിക്കുന്നതിന് പാടില്ല. ഓ! ഇതാ! നാം ദൈവത്തിനോടു ഒന്നായിപ്പോകുന്നു."
ശ്രീനാരായണ ഗുരുദേവൻ എഴുതിയ 'ആത്മവിലാസം' എന്ന ഗദ്യകൃതിയിലെ ഭാഗമാണിത്. ആത്മവിലാസം ഗുരുദേവന്റെ ആത്മാനുഭൂതിയുടെ വാങ്മയ ചിത്രമാണ്. ഗുരുദേവൻ പരബ്രഹ്മസത്യവുമായി താദാത്മ്യം പ്രാപിച്ച് പരബ്രഹ്മഭാവത്തിലമർന്ന ശ്രീനാരായണഗുരുവിന്റെ നിജസ്വരൂപം ജനങ്ങൾക്ക് പകർന്ന് നല്‍കണം. അവിടുത്തെ 'ആത്മോപദേശശതകം, അദ്വൈതദീപിക, അറിവ്, ചിജ്ജഡചിന്തനം" തുടങ്ങി നിരവധി കൃതികളിലും ഗുരുവിന്റെ ഈശ്വരീയഭാവം സംദൃഷ്ടമാണ്. ബ്രഹ്മവിത്ത്, ബ്രഹ്മവിദ്വരൻ, ബ്രഹ്മവിദ്വരീയൻ, ബ്രഹ്മവിദ്വരിഷ്ഠൻ എന്നിങ്ങനെ ജ്ഞാനിയുടെ നാലുതലങ്ങളെക്കുറിച്ച് ഗുരുദേവൻ തന്നെ ദർശനമാലയിൽ ഉപദേശിക്കുന്നുണ്ട്.
സമാധിയും മഹാസമാധിയും
ഈ നാലുതലങ്ങളും മുക്താവസ്ഥയെ സംബന്ധിച്ച് ഒരുപോലെയാണ്. ഗുരുദേവൻ കഠിനമായ തപശ്ചര്യയാൽ ജ്ഞാനാവസ്ഥയിലെത്തി ബ്രഹ്മവിത്തായിത്തീർന്നു. ഇനിയും ആത്മാനുസന്ധാനത്തിൽ ധ്യാനനിഷ്ഠയിൽത്തന്നെ മുഴുകിയാൽ ബ്രഹ്മവിദ്വരൻ, വരീയാൻ, വരിഷ്ഠൻ എന്നീ നിലകളിലേക്ക് ആമഗ്നമാകാം. എന്നാൽ അതു മൂന്നും തനിക്ക് തത്ക്കാലം വേണ്ട എന്ന് ഗുരുദേവൻ ആത്മപ്രതിജ്ഞയെടുത്തിരിക്കുന്നു
ഈശ്വരനുമായി താദാത്മ്യം പ്രാപിച്ച് ഈശ്വരനിൽ ലയിക്കുന്ന അവസ്ഥയാണ് സമാധി എന്നുപറയാം. സമാധി എന്നത് ബുദ്ധിയുടെ സമമായ അവസ്ഥയാണ്. ഗുരുദേവൻ ഏതാണ്ട് 30-ാമത്തെ വയസിൽ സമാധിയായി. 73-ാം വയസിൽ മഹാസമാധിയും. അതായത് 30-ാമത്തെ വയസിൽ ഈശ്വരസ്വരൂപനായിത്തീർന്ന ഗുരുദേവൻ 73 വയസുവരെ ശരീരധാരണം ചെയ്ത് എല്ലാവരേയും ആ ദൈവമഹിമാവിലേക്ക് ഉയർത്തി ദൈവസ്വരൂപമാക്കി പ്രകാശിപ്പിക്കുവാൻ ശ്രമം ചെയ്തുവെന്നു താല്പര്യം.
മഹാസമാധിയും അമനീഭാവവും
ഭൗതികദേഹം ഉപേക്ഷിച്ച് പരബ്രഹ്മസ്വരൂപത്തിൽ സമ്പൂർണ്ണം വിലയം പ്രാപിക്കുന്നതിനെ മഹാസമാധി എന്നു പറയുന്നു. ജീവന്മുക്തന്റെ ശരീരവേർപാടാണ് അത്. വിദേഹമുക്തി എന്നും ഇതിനെ പറഞ്ഞുപോരുന്നു. രോഗാവസ്ഥയിലും പലരുടെയും രോഗങ്ങൾ മാറ്റിക്കൊണ്ടിരുന്ന ഗുരുദേവനോട് 'അങ്ങയുടെ രോഗവും മാറ്റിക്കൂടെ' എന്നു മഹാകവി ഉള്ളൂർ ചോദിച്ചപ്പോൾ 'ശരീരമല്ലയോ' എന്നായിരുന്നു മറുപടി. 'അവിടുന്ന് ഏറെ പ്രവർത്തിച്ചുവല്ലോ' എന്ന രവീന്ദ്രനാഥ ടാഗോറിന്റെ അഭിപ്രായത്തിന് 'നാമൊന്നും ചെയ്യുന്നില്ലല്ലോ' എന്നായിരുന്നു ഗുരുവിന്റെ പ്രത്യുത്തരം. അതുപോലെ 'എന്താ പ്രവൃത്തിയാരുടെ ജോലിയാണെന്നു തോന്നുന്നു' എന്നു ഗുരുദേവന്റെ കർമ്മത്തെ വിലയിരുത്തിയ ചട്ടമ്പിസ്വാമിയോടു 'പ്രവൃത്തിയുണ്ട് ആരില്ല' എന്നായിരുന്നു ഗുരുവിന്റെ മറുപടി.
മരണവുമില്ല പുറപ്പുമില്ല വാഴ്വും
നരസുരരാദിയുമില്ല നാമരൂപം,
മരുവിലമർന്ന മരീചിനീരുപോൽ നി-
ല്പൊരു പൊരുളാം പൊരുളല്ലിതോർത്തിടേണം.
എന്നും 'നാം ശരീരമല്ല, അറിവാകുന്നു. ശരീരമുണ്ടാകുന്നതിന് മുൻപിലും അറിവായ നാം ഉണ്ടായിരുന്നു. ഇനി ഇതൊക്കെയും ഇല്ലാതെ പോയാലും നാം ഇപ്രകാരം പ്രകാശിച്ചുകൊണ്ടുതന്നെയിരിക്കും
ഭഗവാന്റെ മഹാസമാധി
അന്നൊരു ചാറ്റൽമഴയുള്ള ദിവസമായിരുന്നു. ഉച്ചയായപ്പോഴേക്കും മാനം ശരത്കാലത്തേതുപോലെ നല്ലവണ്ണം തെളിഞ്ഞു. തൃപ്പാദങ്ങൾ കല്പിച്ചപ്രകാരം അന്ന് എല്ലാവർക്കും ഭക്ഷണം നൽകി. ഗുരുദേവശിഷ്യനായ മാമ്പലം വിദ്യാനന്ദസ്വാമികൾ തൃപ്പാദസന്നിധിയിൽ 'യോഗവാസിഷ്ഠം ജീവന്മുക്തി പ്രകരണം' വായിച്ചുകൊണ്ടിരിരുന്നു. സമയം ഏതാണ്ട് മൂന്നേകാൽ മണിയോടടുക്കുന്നു. 'നമുക്ക് നല്ല ശാന്തി അനുഭവപ്പെടുന്നു' എന്നരുളി. ഗുരു കിടക്കയിൽ എഴുന്നേറ്റിരിക്കുവാനൊരുങ്ങി. തൃപ്പാദശിഷ്യനായ അച്യുതാനന്ദസ്വാമികൾ ആ ദിവ്യകളേബരത്തെ താങ്ങിപ്പിടിച്ചു. അപ്പോൾ ശരീരം പത്മാസനത്തിൽ ബന്ധിച്ചിരുന്നു.
1928 സെപ്തംബർ 20 (1104 കന്നി 5) ശുക്ലഷഷ്ഠി, വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30. ശിവഗിരി വൈദികമഠത്തിലെ കിടക്കയിൽ ബ്രഹ്മചൈതന്യ സ്വരൂപനായിരിക്കുന്ന ആ മഹാഗുരുവിന്റെ തിരുസന്നിധിയിൽ ഉണ്ടായിരുന്ന തൃപ്പാദശിഷ്യന്മാർ 'ദൈവദശകം' ആലാപിച്ചു തുടങ്ങി. തിരുസന്നിധാനത്തിൽ ധർമ്മതീർത്ഥ സ്വാമികൾ, സുഗുണാനന്ദഗിരി സ്വാമികൾ, അച്യുതാനന്ദസ്വാമികൾ, നരസിംഹസ്വാമികൾ തുടങ്ങിയ ശിഷ്യന്മാരും ബ്രഹ്മചാരികളുമുണ്ടായിരുന്നു. സാന്ദ്രവും ദിവ്യവുമായ നിർവ്വാണത്തിന്റെ സാന്ദ്രസുന്ദരമായ പ്രശാന്തി എങ്ങും നിറഞ്ഞു വ്യാപിക്കവെ, ദൈവദശകം ആലാപനം ചെയ്യവെ ആഴമേറും നിൻ മഹസ്സാമാഴിയിൽ ഞങ്ങളാകവേ ആഴണം വാഴണം നിത്യം വാഴണം വാഴണം സുഖം എന്നു ചൊല്ലിക്കഴിയവേ ഭഗവാൻ ശ്രീനാരായണ പരമഹംസദേവന്റെ തൃക്കണ്ണുകൾ സാവധാനം അടഞ്ഞു. ഭഗവാൻ മഹാസമാധിസ്ഥനായി.
ഗുരുദേവ മഹാസമാധിയിൽ വിലപിച്ചുകൊണ്ട് തിയോസഫിക്കൽ സൊസൈറ്റിയുടെ മുഖപത്രമായ സനാതനധർമ്മം മുഖപ്രസംഗം എഴുതി. 'കേരളം ഇതാ ഇരുട്ടിലായിരിക്കുന്നു. കഴിഞ്ഞ ആയിരക്കണക്കിന് വർഷങ്ങളായി ഭാരതത്തിൽ ശ്രീനാരായണഗുരുദേവനെപ്പോലെ ആരാദ്ധ്യനായ ഒരു മഹാത്മാവ് ഉണ്ടായിട്ടില്ല. ബുദ്ധൻ, ക്രിസ്തു, നബി, ശങ്കരാചാര്യർ, പതഞ്ജലി, മനു, തുടങ്ങിയ ഗുരുക്കന്മാരുടെ മൂർത്തരൂപമായ ഗുരു 73 വർഷം ലീലയാടി സ്വസ്ഥാനത്തേക്ക് മടങ്ങിപ്പോയിരിക്കുന്നു' സഹോദരൻ അയ്യപ്പൻ വിലപിച്ചു. 'ഒഴുകും കണ്ണീരാലുദകം വീട്ടുന്നു മലയാളക്കര മുഴുവൻ സദ്ഗുരു'. മുപ്പതോളം പത്രങ്ങൾ മഹാസമാധി സംബന്ധിച്ച് മുഖപ്രസംഗങ്ങളെഴുതി. കേരളകൗമുദി മുഖപ്രസംഗം എഴുതാതെ ശൂന്യമായി ഇട്ടുകൊണ്ടാണ് മഹാഗുരുവിനോട് ആദരവ് പ്രകടിപ്പിച്ചത്. ഏതാണ്ട് നാൽപ്പതോളം മഹാകവികൾ മഹാസമാധി വിലാപഗാനങ്ങൾ എഴുതി.
ഗുരുദേവ മഹാസമാധി ദുഃഖിക്കാനുള്ളതല്ല. ദുഃഖസൂചകമായ പ്രാർത്ഥനകളോ കറുത്തകൊടി കെട്ടുകയോ മൗനമാചരിക്കുകയോ ചെയ്യേണ്ടതില്ല. സമ്പൂർണ്ണം ഗുരുദേവസമാരാധനയിലും ആത്മദ്ധ്യാനത്തിലും മുഴുകി ആത്മാനുസന്ധാന നിരതരാകണം. ശിവഗിരിയിലെന്നതുപോലെ പ്രഭാതം മുതൽ മഹാസമാധി സമയം വരെ ഉപവാസവും അഖണ്ഡനാമജപവും നടത്തുന്നത് നന്നായിരിക്കും. പ്രഭാഷണങ്ങൾ ശാന്തിദായകമായിരിക്കണം. ഘോരഘോരമുള്ള പ്രഭാഷണങ്ങളും മറ്റ് വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകളും ഒഴിവാക്കണം. 3.30 മണിക്ക് മഹാസമാധിപൂജയും ആവശ്യമെങ്കിൽ അഷ്ടാക്ഷരി നാമജപത്തോടെ ശാന്തിയാത്രയും തുടർന്ന് അന്നദാനവും നടത്താവുന്നതാണ്. ഗുരുദേവമഹാപരിനിർവ്വാണ ശതാബ്ദി സമാഗതമായിരിക്കുന്നുവെന്ന് മനസിലാക്കിക്കൊണ്ട് ഓരോ ഗുരുദേവഭക്തനും തദേകനിഷ്ഠയിൽത്തന്നെ മനസിരുത്തി രണ്ടുവർഷക്കാലം മഹാസമാധി ശതാബ്ദി പരിപാടികൾ സംഘടിപ്പിക്കുവാൻ മുന്നോട്ടുവരണമെന്ന് അഭ്യർത്ഥിച്ചുകൊള്ളുന്നു. എല്ലാവർക്കും ഗുരുദേവകാരുണ്യം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു.