എച്ച്- 1 ബി തൊഴിൽ വിസ; ഒരു ലക്ഷം ഡോളർ ഒറ്റത്തവണ മാത്രം ഈടാക്കുന്ന ഫീസ്, ആശങ്ക വേണ്ടെന്ന് വൈറ്റ് ഹൗസ്
വാഷിംഗ്ടൺ: എച്ച്- 1 ബി വർക്കർ വിസയ്ക്ക് ഒരുലക്ഷം ഡോളർ (88 ലക്ഷത്തിലേറെ രൂപ) വാർഷിക ഫീസ് ഏർപ്പെടുത്തിയതിൽ വ്യക്തത വരുത്തി വൈറ്റ് ഹൗസ്. പുതിയ അപേക്ഷകർക്കാണ് ഫീസ് വർദ്ധനവ് ബാധകമാവുക. നിലവിലെ വിസ പുതുക്കുമ്പോൾ വർദ്ധനവ് ബാധകമാകില്ല. അമേരിക്കൻ പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു ലക്ഷം ഡോളർ വാർഷിക ഫീസ് അല്ല. ഒറ്റത്തവണത്തേയ്ക്ക് മാത്രം ഈടാക്കുന്ന ഫീസ് ആണ്. പുതുക്കുമ്പോൾ ഒരു ലക്ഷം ഡോളർ നൽകേണ്ടതില്ല. നിലവിൽ രാജ്യത്തിന് പുറത്തുള്ള, എച്ച്- 1 ബി വർക്കർ വിസ കൈവശമുള്ളവർക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ ഒരു ലക്ഷം ഡോളർ ഫീസ് നൽകേണ്ടതില്ല.
Fact Sheet: President Donald J. Trump Suspends the Entry of Certain Alien Nonimmigrant Workershttps://t.co/k46jPq4pg5
— Karoline Leavitt (@PressSec) September 20, 2025
എച്ച്- 1 ബി വിസയിൽ വിദേശ തൊഴിലാളികളെ ജോലിക്കെടുക്കുന്ന അമേരിക്കയിലെ കമ്പനികളാണ് ഈ ഫീസ് സർക്കാരിന് നൽകേണ്ടത്. 5000- 6000 ഡോളർ മാത്രമായിരുന്നതാണ് ഒറ്റയടിക്ക് ഒരു ലക്ഷത്തിലേക്കുയർത്തിയതാണ് ആശങ്കയായത്. മൈക്രോസോഫ്റ്റ്, ജെ.പി മോർഗൻ, ആമസോൺ തുടങ്ങിയ കമ്പനികൾ എച്ച്- 1 ബി വിസക്കാർ യു.എസിൽ തുടരാൻ നിർദ്ദേശിച്ചു. യു.എസിന് പുറത്താണെങ്കിൽ ഇന്ത്യൻ സമയം ഇന്ന് രാവിലെ 9.30ന് മുമ്പ് തിരിച്ചെത്തണമെന്നാണ് നിർദേശം.