10 ലക്ഷം ഡോളറിന് ഫാസ്റ്റ്-ട്രാക്ക് വിസ: ഗോൾഡ് കാർഡ് അവതരിപ്പിച്ച് ട്രംപ്
വാഷിംഗ്ടൺ: പത്ത് ലക്ഷം ഡോളറോ അതിന് മുകളിലോ നൽകാൻ കഴിയുന്നവർക്ക് ഫാസ്റ്റ്-ട്രാക്ക് വിസാ പദ്ധതിയായ 'ദ ട്രംപ് ഗോൾഡ് കാർഡ്" അവതരിപ്പിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പദ്ധതിയുടെ രൂപീകരണം സംബന്ധിച്ച ഉത്തരവിൽ ട്രംപ് ഇന്നലെ ഒപ്പിട്ടു. പദ്ധതി നടപ്പാക്കുമെന്ന് ഫെബ്രുവരിയിൽ ട്രംപ് പ്രഖ്യാപിച്ചിരുന്നതാണ്. 80,000 വിസകൾ അനുവദിക്കുമെന്നും പദ്ധതി ഇപ്പോഴും നടപ്പാക്കൽ ഘട്ടത്തിലാണെന്നും യു.എസ് കൊമേഴ്സ് സെക്രട്ടറി ഹൊവാർഡ് ലുട്‌നിക് പറഞ്ഞു. സമ്പന്നരായ വിദേശികൾക്ക് സ്ഥിരതാമസം അടക്കം ഗ്രീൻ കാർഡ് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതാണ് ഗോൾഡ് കാർഡ് വിസ. സ്റ്റേറ്റ്, ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റുകളുടെ കർശന പരിശോധനകൾക്ക് ശേഷമേ വിസ അനുവദിക്കൂ.
അപേക്ഷകർ ഏകദേശം 15,000 ഡോളർ പ്രോസസിംഗ്, പരിശോധനാ ഫീസായി നൽകണം. സംരംഭകർ, നിക്ഷേപകർ തുടങ്ങി യു.എസ് സമ്പദ്‌വ്യവസ്ഥയിലേക്ക് സംഭാവന നൽകാൻ കഴിയുന്ന വിദേശികളെയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. വിദേശ നിക്ഷേപകർക്കുള്ള ഇ.ബി -1, ഇ.ബി -2 വിസകൾക്ക് ബദലാകും ഗോൾഡ് കാർഡ്. ' ട്രംപ് പ്ലാറ്റിനം കാർഡ് 'എന്ന പദ്ധതിയും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.
ട്രംപ് ഗോൾഡ് കാർഡ് - യു.എസ് ട്രഷറിയിലേക്ക് 10 ലക്ഷം ഡോളർ നൽകുന്ന വ്യക്തികൾക്ക് ട്രംപ് കോർപറേറ്റ് ഗോൾഡ് കാർഡ് - കമ്പനികൾക്ക് വിദേശ തൊഴിലാളികളെ സ്പോൺസർ ചെയ്യാം. ഒരു തൊഴിലാളിക്ക് 20 ലക്ഷം ഡോളർ വീതം നൽകണം
ട്രംപ് പ്ലാറ്റിനം കാർഡ് - യു.എസിൽ 50 ലക്ഷം ഡോളർ നിക്ഷേപം നടത്തുന്നവർക്ക്. യു.എസ്-ഇതര വരുമാനത്തിന് ടാക്സ് നൽകാതെ വർഷം 270 ദിവസം കഴിയാം. ഈ പദ്ധതിക്ക് കോൺഗ്രസിന്റെ അംഗീകാരം ലഭിക്കാനുണ്ട്
# എച്ച്- 1 ബി: യാത്രകൾ റദ്ദാക്കി ഇന്ത്യക്കാർ
വാഷിംഗ്ടൺ: എച്ച്- 1 ബി വർക്കർ വിസയ്ക്ക് ട്രംപ് ഭരണകൂടം ഒരു ലക്ഷം ഡോളർ വാർഷിക ഫീസ് പ്രഖ്യാപിച്ച പിന്നാലെ വിമാനത്താവളങ്ങളിൽ തിരക്ക്. എച്ച്- 1 ബി വിസക്കാർ യു.എസിൽ തുടരണമെന്നും യു.എസിന് പുറത്താണെങ്കിൽ ഇന്ത്യൻ സമയം ഇന്ന് രാവിലെ 9.30ന് മുമ്പ് തിരിച്ചെത്തണമെന്നും അമേരിക്കൻ കമ്പനികൾ ഇന്നലെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇതോടെ നാട്ടിലേക്ക് പോകാനിരുന്നവർ കൂട്ടത്തോടെ യാത്രകൾ റദ്ദാക്കി. യാത്ര തുടങ്ങി ട്രാൻസിറ്റ് വിമാനത്താവളങ്ങളിലെത്തിയ ശേഷം തിരിച്ച് യു.എസിലേക്ക് മടങ്ങിയവരും ഏറെയാണ്. എച്ച്- 1 ബി വിസക്കാരിൽ ഏറെയും ഇന്ത്യക്കാരാണ്. നവരാത്രി അടക്കം ആഘോഷങ്ങളിൽ പങ്കെടുക്കാൻ നാട്ടിലെത്തിയ ഇന്ത്യക്കാർ ഇന്നലെ അറിയിപ്പ് ലഭിച്ചയുടൻ യു.എസിലേക്ക് തിരിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി.
ഇതോടെ ഇന്ത്യ-യു.എസ് ഫ്ലൈറ്റ് ടിക്കറ്റ് നിരക്കും കുതിച്ചുയർന്നു. ന്യൂഡൽഹിയിൽ നിന്ന് ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിലേക്കുള്ള ഫ്ലൈറ്റ് നിരക്ക് ട്രംപിന്റെ പ്രഖ്യാപനം വന്ന് രണ്ട് മണിക്കൂറിനുള്ളിൽ 37,000 രൂപയിൽ നിന്ന് 70,000 - 80,000 രൂപ വരെ എത്തി.