ഗർജ്ജിക്കുന്ന ഭാഗ്യചിഹ്നങ്ങൾ !
ന്യൂയോർക്ക്: ടോം ആൻഡ് ജെറി കാർട്ടൂൺ ആരംഭിക്കുമ്പോൾ ഗർജ്ജിക്കുന്ന ഒരു സിംഹത്തെ നമുക്ക് കാണാം. ടോം ആൻഡ് ജെറി ഉൾപ്പെടെയുള്ള നിരവധി ലോകപ്രശസ്‌ത കാർട്ടൂണുകളുടെയും സിനിമകളുടെയും നിർമ്മാതാക്കളായ മെട്രോ ഗോൾഡ്‌വെയ്ൻ മെയർ അഥവാ എം.ജി.എമ്മിന്റെ ഭാഗ്യചിഹ്നമാണ് ഈ സിംഹം. യഥാർത്ഥ സിംഹത്തെ തന്നെയാണ് എം.ജി.എം ഇവിടെ ഉപയോഗിക്കുന്നത്.
എന്നാൽ, ആദ്യകാലം മുതൽ ഇപ്പോൾ വരെ കാണുന്നത് ഒരേ സിംഹമല്ല. ഏഴ് സിംഹങ്ങളെയാണ് എം.ജി.എം ഇതുവരെ തങ്ങളുടെ ഭാഗ്യചിഹ്നമായി ഉപയോഗിച്ചിട്ടുള്ളത്. ഏഴ് സിംഹങ്ങൾ പ്രത്യക്ഷപ്പെട്ടെങ്കിലും എല്ലാവരെയും 'ലിയോ ദ ലയൺ' എന്ന ട്രേഡ് മാർക്കിലാണ് എം.ജി.എം അവതരിപ്പിക്കുന്നത്.
സ്‌ലേറ്റ്സ് (1924 - 1928), ജാക്കി (1928 - 1956), ടെല്ലി ( 1928 - 1932), കോഫി ( 1932 - 1935), ടാനർ (1934 - 1956), ജോർജ് ( 1956 - 1958), ലിയോ ( 1957 മുതൽ ) എന്നിവരാണ് എം.ജി.എമ്മിന്റെ ഭാഗ്യചിഹ്നമായി പ്രത്യക്ഷപ്പെട്ട സിംഹങ്ങൾ. ഇക്കൂട്ടത്തിൽ, ഏഴാമനായ ലിയോയുടെ പേരും എം.ജി.എമ്മിന്റെ ട്രേഡ് മാർക്കും (ലിയോ ദ ലയൺ) ഒന്ന് തന്നെയാണെന്ന സവിശേഷതയുമുണ്ട്.
ലിയോയെ ആണ് എം.ജി.എം ഇപ്പോൾ ഉപയോഗിക്കുന്നതും. എം.ജി.എമ്മിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ലോഗോയിൽ പ്രത്യക്ഷപ്പെട്ട സിംഹവും ലിയോ ആണ്. പക്ഷേ, ഇക്കൂട്ടത്തിൽ ഏറ്റവും പ്രസിദ്ധൻ രണ്ടാമനായി എത്തിയ ജാക്കിയാണ്.
ജാക്കിയെന്ന ഭാഗ്യവാൻ !
രണ്ടാമതാണ് എത്തിയതെങ്കിലും ലോഗോയ്ക്ക് വേണ്ടി ആദ്യമായി റെക്കോഡ് ചെയ്യപ്പെട്ട ശബ്‌ദം ജാക്കിയുടേതാണ്. 'ലിയോ ദ ലക്കി' എന്നാണ് ജാക്കി അറിയപ്പെടുന്നത്. വളരെ പേരു കേട്ട കുടുംബമാണ് ജാക്കിയുടേത്. ജാക്കിയുടെ അമ്മ സ്റ്റബ്ബി ഒരു അമേരിക്കൻ ട്രാവലിംഗ് ഷോയുടെ ഭാഗമായിരുന്നു. ജാക്കിയുടെ മുത്തശ്ശി മാമി ആകട്ടെ അമേരിക്കൻ സിനിമയിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മൃഗങ്ങളിൽ ഒന്നാണ്. ജാക്കിയും നൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ജോണി വിസ്‌മുള്ളർ പ്രധാനവേഷത്തിലെത്തിയ 'ടാർസൻ' ആണ് ഇക്കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയം.
മരണത്തെ മുഖാമുഖം കണ്ട ജാക്കി ആറ് തവണയാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. രണ്ട് ട്രെയിൻ അപകടങ്ങൾ, ഒരു ഭൂകമ്പം, ഒരു ബോട്ടപകടം, എം.ജി.എം സ്‌റ്റുഡിയോയിലുണ്ടായ തീപ്പിടിത്തം എന്നിവയെ ജാക്കി അതിജീവിച്ചു. കൂടാതെ, 1927ൽ അരിസോണയിലെ കാടുകളിൽ ജാക്കി സഞ്ചരിച്ചിരുന്ന ചെറുവിമാനം തകർന്നു വീഴുകയും ചെയ്തു. !
കമ്പനിയുടെ പ്രശസ്തി വർദ്ധിപ്പിക്കാനായി യു.എസിലുടനീളം വിമാനമാർഗം ജാക്കി സഞ്ചരിച്ചു. പ്രത്യേകം തയ്യാറാക്കിയ കൂട്ടിലാണ് ജാക്കി പറന്നിരുന്നത്. അങ്ങനെയിരിക്കെ, 1927 സെപ്റ്റംബർ 16ന് സാൻഡിയാഗോയിൽ നിന്ന് ന്യൂയോർക്കിലേക്ക് ജാക്കിയുമായി പറന്ന ചെറുവിമാനം അരിസോണയിലെ കാടുകളിൽ തകർന്നു വീഴുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് മാർട്ടിൻ ജെൻസെനും ജാക്കിയ്ക്കും ഗുരുതരമായ പരിക്കുകളുണ്ടായില്ല. ജെൻസെൻ തന്റെ കൈവശമുണ്ടായിരുന്ന പാലും വെള്ളവും സാൻഡ്‌വിച്ചുകളും കൂട്ടിലുണ്ടായിരുന്ന ജാക്കിക്ക് നൽകിയ ശേഷം സഹായം തേടി പോയി. എന്നാൽ, നാല് ദിവസത്തിന് ശേഷമാണ് ജെൻസന് സ്‌റ്റുഡിയോയുമായി ബന്ധപ്പെടാൻ കഴിഞ്ഞത്. ജാക്കി സുരക്ഷിതനാണോ എന്നായിരുന്നു സ്റ്റുഡിയോ അധികൃതർ ആദ്യം തിരക്കിയത്.
ഉടൻ തന്നെ, ജാക്കിയെ രക്ഷിക്കാൻ പ്രത്യേക സംഘം പാഞ്ഞെത്തി. മുറിവുകളുമായി ക്ഷീണിതനായിരുന്ന ജാക്കിയ്ക്ക് ആഹാരവും വെള്ളവും നൽകിയതോടെ വീണ്ടും പഴയ ഉത്സാഹം തിരിച്ചുപിടിച്ചു. ഈ അപകടത്തോടെയാണ് ജാക്കിയ്ക്ക് 'ലിയോ ദ ലക്കി' എന്ന ഓമനപ്പേര് ലഭിച്ചത്. പെരുമാറ്റത്തിലും സ്വഭാവത്തിലും തികഞ്ഞ അച്ചടക്കമായിരുന്നു ജാക്കിയ്ക്ക്. മെൽവിൻ കൂന്റ്സ് എന്നയാളായിരുന്നു ജാക്കിയുടെ പരിശീലകൻ. 23 വയസുവരെ ജീവിച്ച ജാക്കി 1935ൽ പ്രായാധിക്യം മൂലമുള്ള പ്രശ്നങ്ങളെ തുടർന്നാണ് വിടപറഞ്ഞത്.