ഇന്ന് സംഭവിക്കാൻ പോകുന്നത് ഈവർഷത്തെ അവസാനത്തെ സൂര്യഗ്രഹണം, ഇന്ത്യയിൽ ദൃശ്യമാകാത്തതിനുപിന്നിൽ

Sunday 21 September 2025 10:41 AM IST

കാൻബെറ: ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന് ദൃശ്യമാകും. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ ദൃശ്യമാകുന്ന ഈ പ്രതിഭാസം കാണുന്നതിനായി ആകാശ നിരീക്ഷകർ കാത്തിരിക്കുകയാണ്. ഓസ്‌ട്രേലിയ, അന്റാർട്ടിക്ക, പസഫിക് സമുദ്രം എന്നിവിടങ്ങളിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.29 ഓടെ സൂര്യഗ്രഹണം ദൃശ്യമാകുമെന്നാണ് റിപ്പോർട്ട്.

ഭൂമിക്കും സൂര്യനും ഇടയിൽ ചന്ദ്രൻ കടന്നുപോകുമ്പോൾ സൂര്യപ്രകാശത്തിന്റെ ഒരു ഭാഗമോ അല്ലെങ്കിൽ മുഴുവൻ ഭാഗമോ ഭൂമിയിലേക്ക് എത്തുന്നത് തടയുന്നതാണ് സൂര്യഗ്രഹണം. ചന്ദ്രൻ സൂര്യന്റെ ഒരു ഭാഗം മാത്രം മൂടുമ്പോഴാണ് ഭാഗിക സൂര്യഗ്രഹണം സംഭവിക്കുന്നത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.29 ആരംഭിച്ച് പുലർച്ചെ 3.23 ഓടെ അവസാനിക്കും. പുലർച്ചെ 1.11 ഓടെ ചന്ദ്രൻ സൂര്യന്റെ ഭൂരിഭാഗവും മൂടുന്ന ഘട്ടമുണ്ടാകും. ഈ സമയം കൃത്യമായ നേത്രസംരക്ഷണം നടത്തി മാത്രമേ സൂര്യഗ്രഹണം നിരീക്ഷിക്കാവൂ.

സ്‌പേസ് ഡോട്ട് കോമിന്റെ റിപ്പോർട്ടനുസരിച്ച് അന്റാർട്ടിക്കയിൽ പുലർച്ചെ 4.49 മുതൽ വൈകുന്നോരം 6.53 വരെയും ഓസ്‌ട്രേലിയയിൽ രാവിലെ 6.13 മുതൽ രാവിലെ 7.36 വരെയും സൂര്യഗ്രഹണം ദൃശ്യമാകും. ന്യൂസിലൻഡിൽ രാവിലെ 5.41 മുതൽ രാവിലെ 8.36 വരെയും ദൃശ്യമാകും. അതേസമയം, ഇന്ത്യയിൽ സൂര്യഗ്രഹണം ദൃശ്യമാകില്ല. ഓൺലൈൻ ലൈവ് സ്ട്രീമുകൾ വഴി ഇന്ത്യയിലുളളവർക്ക് സൂര്യഗ്രഹണം നിരീക്ഷിക്കാവുന്നതാണ്.

ഇത്തവണത്തെ സൂര്യഗ്രഹണം ഈ വർഷത്തെ അവസാനത്തേതാണ്. അടുത്ത സൂര്യഗ്രഹണം 2026 ഫെബ്രുവരി 17നായിരിക്കും സംഭവിക്കുക. ആഫ്രിക്ക, ദക്ഷിണ അമേരിക്ക, പസഫിക് സമുദ്രം, അ​റ്റ്ലാന്റിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ ഭാഗിക ഗ്രഹണം ദൃശ്യമാകും. അടുത്ത വർഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം ഓഗസ്​റ്റിലായിരിക്കും ദൃശ്യമാകുക. അത് പൂർണ സൂര്യഗ്രഹണമായിരിക്കും. കൃത്യമായ നേത്ര സംരക്ഷണ ഉപകരണത്തോടെ മാത്രമേ സൂര്യഗ്രഹണം നിരീക്ഷിക്കാവൂയെന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്.