'അവാർഡ് വിവരം ആദ്യം അറിയിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന്, നാളെ ദൃശ്യം 3 തുടങ്ങും'
കൊച്ചി: 48 വർഷത്തെ സിനിമ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി താൻ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തെ കാണുന്നുവെന്ന് നടൻ മോഹൻലാൽ. ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിലെത്തിയ മോഹൻലാൽ കൊച്ചിയിൽ മാദ്ധ്യമങ്ങളോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.
പുരസ്കാരത്തിനായി തന്നെ തിരഞ്ഞെടുത്ത ജൂറിയ്ക്കും കേന്ദ്ര സർക്കാരിനും അദ്ദേഹം നന്ദി അറിയിച്ചു. വാർത്താസമ്മേളനത്തിൽ കേക്ക് മുറിച്ചാണ് മോഹൻലാൽ സന്തോഷം പങ്കിട്ടത്. നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, രഞ്ജിത്ത്, സംവിധായകൻ തരുൺ മൂർത്തി എന്നിവരും മോഹൻലാലിനൊപ്പം വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
'48 വർഷത്തെ എന്റെ സിനിമ ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അംഗീകാരമായി ഞാൻ ഈ അവാർഡിനെ കാണുന്നു. ജൂറിയോടും കേന്ദ്ര സർക്കാരിനോടും നന്ദി പറയുന്നു. ആദ്യം തന്നെ ഈശ്വരനോടും എന്റെ കുടുംബത്തോടും പ്രേക്ഷകരോടും കൂടെ അഭിനയിച്ചവരോടും നന്ദി പറയുന്നു. ഈ അവാർഡ് ഞാൻ മലയാള സിനിമയ്ക്ക് നൽകുന്നു. അമ്മയെ പോയി കണ്ടു. അവാർഡിന്റെ കാര്യം പറഞ്ഞിട്ടുണ്ട്. അമ്മയുടെ അനുഗ്രഹം വാങ്ങിയിട്ടാണ് മാദ്ധ്യമങ്ങളെ കാണാൻ ഞാൻ എത്തിയത്. 48 വർഷത്തിനിടെ എന്റെ ഒപ്പം പ്രവർത്തിച്ച പലരും ഇന്ന് ഇല്ല അവരെ ഞാൻ ഈ നിമിഷം ഓർക്കുന്നു.
ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ അവാർഡ് മലയാള സിനിമയ്ക്ക് കിട്ടിയതിൽ വലിയ സന്തോഷം. ഒരുപാട് അവാർഡ് കിട്ടിയിട്ടുണ്ട് . പക്ഷേ ഈ അവാർഡ് വളരെ പ്രത്യേകതകൾ നിറഞ്ഞതാണ്. നാളെ ദൃശ്യം 3 തുടങ്ങാനിരിക്കുകയാണ്. അവാർഡ് വിവരം ആദ്യം അറിയിച്ചത് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ്. ആദ്യം കേട്ടപ്പോൾ ഞാൻ ഒന്നുകൂടെ പറയാനാണ് ആവശ്യപ്പെട്ടത്. അതിൽ വ്യക്തത വരുത്താനായിരുന്നു അത്. 48 വർഷം സിനിമാ മേഖലയിൽ നിൽക്കാൻ കഴിഞ്ഞതിൽ സന്തോഷം. '- മോഹൻലാൽ വ്യക്തമാക്കി.