കോൺഗ്രസിന് പിന്നാലെ മോദിയുടെ അമ്മയുടെ വീഡിയോ ഇറക്കി ആർജെഡിയും, അധിക്ഷേപിച്ചെന്ന് ബിജെപി
ന്യൂഡൽഹി: രാഷ്ട്രീയ ജനതാ ദളിനെതിരെ (ആർജെഡി) രൂക്ഷവിമർശനവുമായി ബിജെപി. ആർജെഡിയെ "വൃത്തികെട്ട ചിന്തയുടെ പര്യായം" എന്നാണ് ബിജെപി നേതാവ് അമിത് മാളവ്യ വിശേഷിപ്പിച്ചത്. ആർജെഡി നേതാവായ തേജസ്വി യാദവ് പങ്കെടുത്ത റാലിക്കിടെ ഒരാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ അമ്മയെയും അധിക്ഷേപിക്കുന്നതായി കാണുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു മാളവ്യയുടെ പ്രതികരണം.
"സീതാ മാതാവിന്റെ ഭൂമിയായ ബിഹാറിൽ പ്രധാനമന്ത്രിയുടെ അന്തരിച്ച അമ്മയെ വീണ്ടും വീണ്ടും അപമാനിക്കുകയാണ്. ഇത്തരം ധിക്കാരപരമായ കാര്യങ്ങൾക്കാണ് കോൺഗ്രസ്, ആർജെഡി നേതാക്കൾ തങ്ങളുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിലൂടെ പ്രോത്സാഹനം നൽകുന്നത്. കഴിഞ്ഞ ദിവസം തേജസ്വി യാദവിന്റെ മുന്നിൽ വച്ച് ആർജെഡി പ്രവർത്തകർ പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചു. എന്നിട്ടും ലാലുവിന്റെ മകൻ മൗനം പാലിക്കുകയായിരുന്നു," മാളവ്യ എക്‌സിൽ കുറിച്ചു.
"പ്രധാനമന്ത്രിയുടെ അമ്മയെ അധിക്ഷേപിച്ചതിലൂടെ എന്ത് നേട്ടമാണ് ലഭിക്കാൻ പോകുന്നത്? രാഷ്ട്രീയത്തിൽ തരംതാഴുന്നത് നാണക്കേടാണ്. ആർജെഡി വൃത്തികെട്ട ചിന്തകളുടെ പര്യായം. ബിഹാറിൽ ആർജെഡി ഉള്ളിടത്തോളം കാലം ബിഹാർ നാണംകെട്ടുകൊണ്ടേയിരിക്കും," അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം അമിത് മാളവ്യയുടെ പരാമാർശങ്ങളോട് പ്രതികരിച്ച് ബിഹാർ മഹുവയിലെ ആർജെഡി എംഎൽഎ ഡോ. മുകേഷ് റോഷൻ രംഗത്തെത്തുകയും ചെയ്തു. ഒരു ആർജെഡി പ്രവർത്തകനും പ്രധാനമന്ത്രിയെ അധിക്ഷേപിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
"ഒരു ആർജെഡി പ്രവർത്തകനും പ്രധാനമന്ത്രിക്കെതിരെ മോശം വാക്കുകൾ പ്രയോഗിച്ചിട്ടില്ല. ബിജെപി പങ്കുവച്ച വീഡിയോയിൽ തേജസ്വി യാദവ് സംസാരിക്കുന്നത് കേൾക്കുന്നില്ല. ആർജെഡിയെ അപകീർത്തിപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി അവർ ദൃശ്യങ്ങൾ എഡിറ്റ് ചെയ്തതാണ്," മുകേഷ് റോഷൻ ഒരു സാമൂഹ്യമാദ്ധ്യമത്തിൽ കുറിച്ച പോസ്റ്റിൽ വ്യക്തമാക്കി.
ബിഹാറിലെ സമസ്തിപൂരിൽ നടന്ന ആർജെഡി നേതാവ് തേജസ്വി യാദവിന്റെ 'ബിഹാർ അധികാർ യാത്ര'ക്കിടെയാണ് പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ അന്തരിച്ച അമ്മയെയും അധിക്ഷേപിച്ചെന്ന വിവാദം പൊട്ടിപ്പുറപ്പെടുന്നത്.മോദിയുടെ അമ്മയെ അപകീർത്തിപ്പെടുത്തുന്ന മറ്റൊരു എഐ വീഡിയോയും ഇതിനോടകം പുറത്തുവന്നതാണ് വിവാദത്തിന് കനം കൂടിയത്. അധിക്ഷേപം ഉണ്ടായിട്ടും തേജസ്വി യാദവ് അതിൽ ഇടപെട്ടില്ലെന്ന് ബിജെപി ആരോപിച്ചു. ഇത് സ്ത്രീകളോടും പ്രധാനമന്ത്രിയുടെ കുടുംബത്തോടുമുള്ള അനാദരവാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
ഓഗസ്റ്റിൽ ദർഭംഗയിൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ പ്രധാനമന്ത്രിയെയും അമ്മയെയും അധിക്ഷേപിച്ചതിന് ഒരാളെ അറസ്റ്റ് ചെയ്ത സംഭവവും വിവാദമായിരുന്നു.പ്രതിപക്ഷം ഇതിന് മറുപടി പറയണമെന്ന് ബിജെപി നിരന്തരം ആവശ്യപ്പെട്ടിരുന്നു.