ഫാൽക്കെയ്ക്ക് ഒരു 'മോഹൻലാൽ പുരസ്കാരം' കൊടുക്കണം; വെറൈറ്റി അഭിനന്ദനവുമായി പ്രമുഖ സംവിധായകൻ
മലയാളിയുടെ സ്വകാര്യ അഹങ്കാരമായ മഹാനടൻ മോഹൻലാൽ ഇന്ത്യൻ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരത്തിന് അർഹനയായിരിക്കുകയാണ്. ഒരു മലയാളി നടന് ഈ പുരസ്‌കാരം ലഭിക്കുന്നത് ഇത് ആദ്യമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുളള രാഷ്ട്രീയ രംഗത്തെയും സിനിമാ മേഖലയിലെയും പ്രമുഖരും ആരാധകരും മോഹൻലാലിന് അഭിനന്ദനപ്രവാഹവുമായി എത്തിയിരിക്കുകയാണ്.
അതിനിടയിൽ ബോളിവുഡ് സംവിധായകനായ രാം ഗോപാൽ വർമ്മയുടെ വേറിട്ട അഭിനന്ദനമാണ് ശ്രദ്ധേയമായിരിക്കുന്നത്. ദാദാസാഹേബ് ഫാൽക്കെയ്ക്ക് ഒരു 'മോഹൻലാൽ പുരസ്‌കാരം' കൊടുക്കണമെന്നാണ് തനിക്ക് തോന്നുന്നതെന്ന് രാം ഗോപാൽ വർമ്മ എക്സിലൂടെ കുറിച്ചു. തനിക്ക് ദാദാസാഹേബ് ഫാൽക്കയെക്കുറിച്ച് കാര്യമായി അറിയില്ലെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.
"അദ്ദേഹമാണ് ആദ്യമായി സിനിമ എടുത്തതെന്ന കാര്യമൊഴിച്ച് എനിക്ക് ദാദാസാഹേബ് ഫാല്‍ക്കെയെക്കുറിച്ച് കാര്യമായി അറിയില്ല. ആ സിനിമ ഞാൻ കണ്ടിട്ടില്ല. ആ സിനിമ കണ്ട ആരെയും എനിക്ക് കണ്ടുമുട്ടാനുമായില്ല. എന്നാൽ മോഹന്‍ലാലിനെ ഞാന്‍ കണ്ടിട്ടും അറിഞ്ഞിട്ടുമുണ്ട്. അതുവച്ച് നോക്കുമ്പോള്‍ ദാദാസാഹേബ്ഫാല്‍ക്കെയ്ക്ക് ഒരു 'മോഹന്‍ലാല്‍ അവാര്‍ഡ്' കൊടുക്കണമെന്നാണ് എനിക്ക് തോന്നുന്നത്"- രാം ഗോപാൽ വർമ്മ കുറിച്ചു.
ഫാൽക്കെ നേടുന്ന രണ്ടാമത്തെ മലയാളിയും ആദ്യ മലയാള നടനുമാണ് ലാൽ. 2004ൽ സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണന് സമ്മാനിച്ചിരുന്നു. ഇന്ത്യൻ സിനിമയുടെ വളർച്ചയ്‌ക്ക് നൽകിയ വിസ്‌മയകരമായ സംഭാവനകളാണ് ലാലിനെ അവാർഡിനർഹനാക്കിയത്. പ്രതിഭ, വൈദഗ്ദ്ധ്യം, കഠിനാധ്വാനം എന്നിവയിലൂടെ ഇന്ത്യൻ സിനിമയിൽ സുവർണാദ്ധ്യായം മോഹൻലാൽ രചിച്ചെന്ന് പുരസ്‌കാര നിർണയ സമിതി വിലയിരുത്തി. നടൻ മിഥുൻ ചക്രവർത്തി, ഗായകൻ ശങ്കർ മഹാദേവൻ, സംവിധായകൻ അശുതോഷ് ഗോവരിക്കർ എന്നിവരുൾപ്പെട്ടതാണ് സമിതി. ഇന്ത്യൻ സിനിമയുടെ പിതാവും ആദ്യ സമ്പൂർണ ഫീച്ചർ ഫിലിമായ രാജാ ഹരിശ്ചന്ദ്രയുടെ സംവിധായകനുമായ ദാദാസാഹേബ് ഫാൽക്കെയുടെ പേരിൽ 1969ലാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്.