കബഡി മത്സരത്തിനിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് മരണം, രണ്ടുപേരുടെ നില ഗുരുതരം

Sunday 21 September 2025 12:05 PM IST

റായ്‌പൂർ: കബഡി മത്സരത്തിനിടെ കാണികൾക്കായി നിർമിച്ച ടെന്റ് വൈദ്യുതി ലൈനിൽ തട്ടി മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ചത്തീസ്‌‌ഗഡിലെ കൊണ്ടഗോണിലാണ് സംഭവം. ശനിയാഴ്‌ച രാത്രി റാവസ്‌വാഹി ഗ്രാമത്തിലാണ് അപകടമുണ്ടായത്.

കബഡി മത്സരം നടക്കുന്നതിനിടെ കനത്ത കാറ്റുവീശിയതാണ് അപകടത്തിന് കാരണമായത്. കാറ്റിൽപ്പെട്ട് ടെന്റ് നിർമിക്കാനായി ഉപയോഗിച്ചിരുന്ന ഇരുമ്പ് കമ്പി 11-കെവി വൈദ്യുതി ലൈനിൽ തട്ടി. പിന്നാലെ ടെന്റിലുണ്ടായിരുന്ന ആറുപേർക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് ഇവരെ സമീപത്തെ വിശ്രാംപൂരി ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്നുപേർ മരണപ്പെട്ടതായി ഡോക്‌ടർമാർ അറിയിച്ചു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമായതിനാൽ ഇവരെ മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റി.

സതീഷ് നേതാം, ശ്യാംലാൽ നേതാം, സുനിൽ ഛോരി എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.