ട്രെയിൻ യാത്രയ്ക്കിടെ ടിക്കറ്റ് പരിശോധിക്കാൻ ചെക്കറെത്തി, പിന്നാലെ ഫോൺ നോക്കിയതോടെ ഞെട്ടി; ദുരനുഭവം പങ്കുവച്ച് യുവതി

Sunday 21 September 2025 12:12 PM IST

സ്ത്രീകൾക്ക് സുരക്ഷിതമായി യാത്ര ചെയ്യാൻ റെയിൽവേ ഗതാഗതമാണ് നല്ലതെന്നാണ് പൊതുവേ കരുതപ്പെടുന്നത്. വനിതാ റിസർവേഷനുകളുളള കംപാർട്ട്‌മെന്റുകൾ, സിസിടിവി നിരീക്ഷണം, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന്റെ (ആർപിഎഫ്) നിരീക്ഷണം, ഹെൽപ്പ്‌ലൈൻ നമ്പറുകൾ തുടങ്ങി ഒട്ടനവധി കാര്യങ്ങളാണ് യാത്രക്കാർക്കായി റെയിൽവേ ഒരുക്കിയിരിക്കുന്നത്. എന്നാൽ ഒ​റ്റയ്ക്ക് ട്രെയിനുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ കൂടുതൽ ജാഗ്രത പാലിക്കേണ്ട ആവശ്യകതയുണ്ട്.

ഇതുമായി ബന്ധപ്പെട്ട ഒരു സംഭവമാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ട്രെയിനിൽ യാത്ര ചെയ്ത ഒരു യുവതി റെഡ്ഡി​റ്റിൽ പോസ്​റ്റ് ചെയ്ത കുറിപ്പാണ് പുറത്തുവന്നിരിക്കുന്നത്. യാത്രയ്ക്കിടയിൽ ടിക്ക​റ്റ് ചെക്കറിൽ നിന്നുണ്ടായ ദുരനുഭവമാണ് യുവതി പങ്കുവച്ചിരിക്കുന്നത്. തന്റെ ടിക്ക​റ്റ് പരിശോധിച്ച ഉദ്യോഗസ്ഥൻ പിന്നാലെ തന്നെ ഇൻസ്​റ്റഗ്രാമിൽ റിക്വസ്​റ്റ് അയച്ചെന്നാണ് യുവതി ആരോപിച്ചിരിക്കുന്നത്.

'അടുത്തിടെ ഞാൻ ട്രെയിനിൽ യാത്ര ചെയ്യുകയുണ്ടായി. ടിക്ക​റ്റ് ചെക്കർ എന്റെ ടിക്ക​റ്റ് പരിശോധിച്ചു. അതിനുശേഷം ഉദ്യോഗസ്ഥൻ എങ്ങനെയോ എന്റെ ഇൻസ്​റ്റഗ്രാം പ്രൊഫൈൽ കണ്ടെത്തി ഫോളോ റിക്വസ്​റ്റ് അയച്ചു. റിസർവേഷൻ ചാർട്ടിൽ നിന്നാണ് ഉദ്യോഗസ്ഥന് എന്റെ പേരും മ​റ്റുവിവരങ്ങളും ലഭിച്ചത്. ഇത് അൽപം ഭയങ്കരമായി തോന്നി. യാത്രക്കാർ ടിക്ക​റ്റെടുക്കാൻ നൽകുന്ന സ്വകാര്യ വിവരങ്ങൾ ഇങ്ങനെയും ഉപയോഗിക്കാനാകുമോ?'- യുവതി കുറിച്ചു.

പോസ്​റ്റ് വൈറലായതോടെ പലരും ട്രെയിനിലെ യാത്രയുമായി ബന്ധപ്പെട്ടുളള ആകുലതകൾ പങ്കുവയ്ക്കാൻ ആരംഭിക്കുകയായിരുന്നു. പരാതി നൽകണമെന്ന് പലരും യുവതിക്ക് നിർദ്ദേശം നൽകി. ടിക്ക​റ്റ് പരിശോധനയ്ക്ക് എത്തുന്നവരുമായി ഇടപഴകുമ്പോൾ ശ്രദ്ധ പുലർത്തണമെന്നാണ് ചിലർ പറഞ്ഞത്. മ​റ്റൊരാൾ പറഞ്ഞത് ഫോളോ റിക്വസ്​റ്റ് അക്സപ്​റ്റ് ചെയ്താൽ തുടർച്ചയായി സന്ദേശങ്ങൾ ലഭിക്കുമെന്നാണ്. ചിലർ ടിക്ക​റ്റ് ചെക്കർമാരിൽ നിന്ന് നേരിട്ട പല മോശം അനുഭവങ്ങളും പങ്കുവച്ചു. ഒരു ടിക്ക​റ്റ് ചെക്കർ ടിക്ക​റ്റ് പരിശോധിച്ചതിനുശേഷം അയാളോടൊപ്പം വരാൻ ആവശ്യപ്പെടുകയായിരുന്നു. നമ്പർ നൽകാനും സൗഹൃദത്തിലാകാനും പ്രേരിപ്പിച്ചെന്ന് ഒരു യുവതി പറഞ്ഞു.