തണ്ണിമത്തൻ കുരു വെറുതെ കളയല്ലേ; മുടി തഴച്ചുവളരണോ? അഞ്ചുപൈസ ചെലവില്ലാതെ ഹെയർമാസ്‌ക് തയ്യാറാക്കാം

Sunday 21 September 2025 12:51 PM IST

ചൂട് കാലത്ത് വളരെ സുലഭമായി കിട്ടുന്ന പഴവർഗമാണ് തണ്ണിമത്തൻ. വളരെ വിലക്കുറവായതിനാലും എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നായതിനാലും മിക്ക വീടുകളിലും ഇത് വാങ്ങാറുണ്ട്. സാധാരണയായി തണ്ണിമത്തൻ കഴിച്ചതിനുശേഷം മിക്കവാറും എല്ലാവരും കുരു കളയുകയാണ് പതിവ്. എന്നാൽ മുടിവളർച്ചയ്ക്ക് വളരെ ഫലപ്രദമായ ഒന്നാണ് തണ്ണിമത്തൻ കുരുവെന്ന് പലർക്കും അറിവുണ്ടാവുകയില്ല.

മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ പോഷകങ്ങളാൽ നിറഞ്ഞതാണ് തണ്ണിമത്തൻ കുരു. സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. തണ്ണിമത്തൻ കുരുവിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണയാണ് മുടിയുടെ സംരക്ഷണത്തിനായി ഉപയോഗിക്കുന്നത്. ഈ എണ്ണ മുടിയുടെ ബലം വർദ്ധിപ്പിക്കുന്നതിനും മുടി തിളക്കമുള്ളതാക്കാനും സഹായിക്കുന്നു. മാത്രമല്ല, മുടി വരണ്ട് പൊട്ടുന്നതും തടയുന്നു.

തണ്ണിമത്തൻ ഓയിൽ തയ്യാറാക്കാം

ആദ്യം തണ്ണിമത്തൻ കുരു നന്നായി കഴുകിയെടുത്ത് ഉണക്കണം. ശേഷം ഇത് മിക്‌സി ജാറിലിട്ട് നന്നായി പൊടിച്ചെടുക്കാം. ശേഷം പൊടിയിൽ അൽപ്പം വെള്ളംചേർത്ത് കുഴച്ചെടുക്കണം. ഇനി ഇത് ഉരുളകളാക്കി നന്നായി അമർത്തി എണ്ണ പിഴിഞ്ഞെടുക്കണം. ഈ എണ്ണയിൽ അൽപം തൈര് ചേർത്ത് തലയോട്ടിയിൽ നന്നായി തേച്ചുപിടിപ്പിച്ചതിനുശേഷം ഒരുമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയാം. എണ്ണയോടൊപ്പം കറ്റാർവാഴ ജെൽ, തേൻ എന്നിവചേർത്തും ഹെയർമാസ്‌ക് തയ്യാറാക്കാവുന്നതാണ്.