'വിമാനത്താവളം തിരികെ നൽകണം, ഇല്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കും' താലിബാനെ ഭീഷണിപ്പെടുത്തി ട്രംപ്
വാഷിംഗ്ടൺ: ബഗ്രാം എയർബേസ് തിരികെ നൽകിയില്ലെങ്കിൽ താലിബാന് കനത്ത തിരിച്ചടികൾ നേരിടേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമൂഹമാദ്ധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ മുന്നറിയിപ്പ്. ബഗ്രാം വ്യോമതാവളം അമേരിക്കയാണ് നിർമ്മിച്ചത്. അത് തിരികെ നൽകിയില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്നും ട്രംപ് പോസ്റ്റിൽ കുറിച്ചു.
രണ്ട് പതിറ്റാണ്ടോളം അമേരിക്കൻ, നാറ്റോ സൈനിക സഖ്യത്തിന്റെ പ്രവർത്തന കേന്ദ്രമായിരുന്നു അഫ്ഗാനിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളമായ ബഗ്രാം. 2021 ജൂലായിൽ അമേരിക്കൻ സൈന്യം പിന്മാറിയതിന് പിന്നാലെ താലിബാൻ ഈ എയർബേസിന്റെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഭീകരതക്കെതിരായ യുദ്ധം എന്ന പേരിൽ അമേരിക്ക ഇവിടെ തടവുകാരോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് ആംനസ്റ്റി ഇന്റർനാഷണൽ, ഹ്യൂമൻ റൈറ്റ്സ് വാച്ച് ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ നേരത്തെ വിമർശിച്ചിരുന്നു.
ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലും ട്രംപ് ബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. "ഞങ്ങൾ അത് തിരികെ പിടിക്കാൻ ശ്രമിക്കുകയാണ്. അവർക്ക് നമ്മുടെ സഹായം ആവശ്യമാണ്," ട്രംപ് പറഞ്ഞു. വാഷിംഗ്ടണിൽ നടന്ന പത്രസമ്മേളനത്തിൽ യുഎസ് സൈന്യവുമായി എത്തി എയർബേസ് തിരിച്ചുപിടിക്കുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ ട്രംപ് തയ്യാറായില്ല. "അതിനെക്കുറിച്ച് ഇപ്പോൾ സംസാരിക്കുന്നില്ല. അഫ്ഗാനിസ്ഥാനുമായി ചർച്ച നടത്തുകയാണ്. ഉടൻ തന്നെ നമുക്കത് തിരികെ ലഭിക്കണം. അവർ അത് വിട്ടുതന്നില്ലെങ്കിൽ ഞാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് നിങ്ങൾ ഉടൻ അറിയും," ട്രംപ് വ്യക്തമാക്കി.
2021-ലെ സൈനിക പിൻമാറ്റത്തെ ട്രംപ് നേരത്തെയും വിമർശിച്ചിട്ടുണ്ട്. ചൈനയുടെ സ്വാധീനം വർദ്ധിക്കുന്ന സാഹചര്യത്തിൽ ബഗ്രാമിന്റെ നഷ്ടം തന്ത്രപരമായ വെല്ലുവിളിയാണെന്നും അദ്ദേഹം വാദിച്ചു. ബഗ്രാം തിരിച്ചുപിടിക്കാൻ ഏത് തരത്തിലുള്ള നയതന്ത്ര നീക്കങ്ങളാണ് നടത്തുന്നതെന്നോ 'മോശം കാര്യങ്ങൾ' എന്താണെന്നോ യുഎസ് ഉദ്യോഗസ്ഥർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.