49ാം വയസിൽ ഡ്രൈവിംഗ് പഠിച്ചു; മിനിവാൻ ഓടിച്ച് സ്വന്തമായി കച്ചവടം നടത്തുന്ന 70കാരി വലിയ മാതൃകയാണ്
തിരുവനന്തപുരം: പല രീതിയിലും ജീവിതം തളർത്താൻ ശ്രമിച്ചിട്ടും അതിനെയെല്ലാം ചെറുപുഞ്ചിരിയോടെ നേരിട്ടു. ക്യാൻസർ ബാധിതയായി ബ്രെസ്റ്റ് നീക്കം ചെയ്യേണ്ടി വന്നപ്പോഴും ആത്മവിശ്വാസത്തിൽ കുറവുവന്നില്ല. പ്രതിസന്ധികളെയെല്ലാം അതിജീവിച്ച 70കാരി രമകുമാരി ഇന്നൊരു സംരംഭകയാണ്. മധുരപലഹാരങ്ങളും ഇടനേരങ്ങളിലെ കടികളുമുൾപ്പെടെ നെയ്യാറ്റിൻകര അമരവിളയിലുള്ള രമകുമാരിയുടെ വീടിന്റെ പിൻവശത്ത് ഒരുങ്ങും. മൂന്നുജീവനക്കാരുണ്ടിവിടെ.
സർക്കാർ ജോലി നേടുകയായിരുന്നു രമകുമാരിയുടെ സ്വപ്നം. പ്രീഡിഗ്രിക്ക് ശേഷം ഐ.ടി.ഐ കോഴ്സും ടൈപ്പിംഗും പഠിച്ചെങ്കിലും ജോലി ലഭിച്ചില്ല. ജോലിയില്ലെങ്കിലും വരുമാനം നേടണമെന്നായി പിന്നീടുള്ള ലക്ഷ്യം. 28-ാം വയസിൽ ലോണെടുത്ത് ബേക്കറി തുടങ്ങി. 38-ാം വയസിൽ വിവാഹം. പത്തുവർഷത്തോളം കച്ചവടം വിപുലപ്പെടുത്തി. എന്നാൽ 45-ാം വയസിൽ ക്യാൻസർ വില്ലനായെത്തി. അന്ന് എന്റെ രണ്ടാമത്തെ പ്രസവത്തിന്റെ ഡേറ്റ് അടുത്ത കാലം. ക്യാൻസർ ശസ്ത്രക്രിയയ്ക്കായി സമ്പാദ്യം മുഴുവൻ ചെലവാക്കി. രോഗം ഭേദമായപ്പോഴേക്കും ബേക്കറി അടച്ചുപൂട്ടേണ്ടിവന്നു. പക്ഷെ വെറുതെ ഇരിക്കാൻ രമകുമാരി തയാറായില്ല.
ശിവാലയം കുടുംബശ്രീയിൽ നിന്നും രണ്ടായിരം രൂപ കടം വാങ്ങി വീട്ടിൽ മധുരപലഹാരങ്ങളുണ്ടാക്കാൻ ആരംഭിച്ചു. അതൊരു പോരാട്ടമായിരുന്നു. നാലുവർഷം മുൻപ് ഭർത്താവ് ശ്രീകുമാരൻ നായർ മരിച്ചതോടെ വീണ്ടും തളർന്നു. എന്നാൽ പ്രശ്നങ്ങളിൽ തളരാതെ ഇപ്പോഴും രമകുമാരി സംരംഭം തുടരുന്നു. ആരോഗ്യപ്രശ്നങ്ങളിൽ തളരാതെ എരിവും മധുരവുമുള്ള പതിനഞ്ചോളം വിഭവങ്ങളാണിന്ന് വില്പന നടത്തുന്നത്.
ഡ്രൈവിംഗും പഠിച്ചു
നെയ്യാറ്റിൻകരയിലും പരിസരപ്രദേശത്തുമായാണ് രമകുമാരിയുടെ പലഹാര വില്പന. മറ്റാരെയും ആശ്രയിക്കാതെ കച്ചവടം ചെയ്യാൻ 49-ാം വയസിൽ ഡ്രൈവിംഗ് പഠിച്ചു. മിനിവാനിലാണ് വില്പന. സംരംഭത്തിൽ നിന്ന് ലഭിച്ച പണം കൊണ്ട് വീടുവച്ചു. രണ്ടുപെൺമക്കളെ വിവാഹവും കഴിപ്പിച്ചു.