'ജയിലർ 2' ക്ലൈമാക്സ് വാളയാറിൽ; രജനികാന്തിന്റെ വരവ് ആഘോഷമാക്കി ആരാധകർ

Sunday 21 September 2025 2:36 PM IST

നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത 'ജയിലർ' എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗിനായി വാളയാറിലെത്തി സൂപ്പർസ്റ്റാർ രജനികാന്ത്. നേരത്തെ ഏപ്രിലിൽ വാളയാറിൽ ഷൂട്ടിംഗ് നടന്നിരുന്നു. അന്ന് തീരുമാനിച്ചിരുന്ന സ്റ്റണ്ട് സീനുകളുടെ ഷൂട്ടിംഗ് കാലാവസ്ഥ മോശമായതിനെ തുടർന്ന് മുടങ്ങിയതിനാലാണ് ടീം വാളയാറിലേക്ക് തിരിച്ചെത്തിയത്. വനമേഖലയോട് ചേർന്നുള്ള നടുപ്പതി ആദിവാസി ഉന്നതിയിലും മലബാർ സിമന്റ്‌സ് പരിസരത്തുമായാണ് ചിത്രീകരണം പുരോഗമിക്കുന്നത്. ഇവിടെ സിനിമയ്ക്കായി വലിയ സെറ്റുകളും ഒരുക്കിയിട്ടുണ്ട്. ലൊക്കേഷനിലേക്കുള്ള സൂപ്പർസ്റ്റാറിന്റെ അപ്രതീക്ഷിത വരവ് ആരാധകരുടെ ആവേശം ഇരട്ടിയാക്കി.

മലബാർ സിമന്റ്‌സിൽ എത്തിയ രജനികാന്ത് വെള്ള ജുബ്ബയും മുണ്ടുമായിരുന്നു ധരിച്ചിരുന്നത്. 'തലൈവാ' വിളികളുമായി അടുത്തുകൂടിയ ആരാധകരെ അദ്ദേഹം കൈവീശിയും, കൈകൂപ്പിയും അഭിവാദ്യം ചെയ്തു. മലബാർ സിമന്റ്‌സ് അധികൃതരും ജീവനക്കാരും ചേർന്ന് അദ്ദേഹത്തിന് വമ്പൻ സ്വീകരണമാണ് നൽകിയത്. കൂടാതെ, മാനേജ്‌മെന്റ് പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും, ആരാധക‌‌‌ർക്കൊപ്പം ഫോട്ടോയെടുക്കാൻ സമയം കണ്ടെത്തുകയും ചെയ്തു. കഴിഞ്ഞ ദിവസം മലബാർ സിമന്റ്‌സിന് സമീപമുള്ള കുന്നുകളിലും വനപാതകളിലുമായി സംഘട്ടനരംഗങ്ങൾ ചിത്രീകരിച്ചിരുന്നു.

ഷൂട്ടിംഗ് ലൊക്കേഷനിൽ കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അണിയറപ്രവർത്തകർ ചിത്രത്തിന്റെ കഥയെക്കുറിച്ചുള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. അടുത്ത മൂന്നു ദിവസത്തിനുള്ളിൽ ക്ലൈമാക്സ് രംഗങ്ങൾ വാളയാറിൽ വച്ച് ചിത്രീകരിക്കുമെന്നാണ് സൂചന. വാളയാർ സിനിമാ ചിത്രീകരണത്തിന് ഒരു പ്രധാന കേന്ദ്രമായി മാറിയിട്ടുണ്ട്.മുമ്പ് മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരങ്ങളും മലബാർ സിമന്റ്‌സ് പരിസരത്ത് ഷൂട്ടിംഗിനായി എത്തിയിട്ടുണ്ട്. പൃഥ്വിരാജ് നായകനായ 'വിലായത്ത് ബുദ്ധ', ശിവയും ഗ്രേസ് ആന്റണിയും അഭിനയിച്ച 'പറന്ത് പോ' തുടങ്ങിയ ചിത്രങ്ങളും ഇവിടുത്തെ വനങ്ങളും മലനിരകളും ഗോത്രമേഖലകളും പശ്ചാത്തലമാക്കിയിട്ടുണ്ട്.