വിചാരണ നീണ്ട് നീണ്ട് പോക്സോ കേസുകൾ, തീർപ്പാക്കാനുണ്ട് 6,522 കേസുകൾ
കൊച്ചി: സംസ്ഥാനത്തെ കോടതികളിൽ തീർപ്പാക്കാൻ ശേഷിക്കുന്നത് 6,522 പോക്‌സോ കേസുകൾ. 2025 ജൂലായ് വരെയുള്ള കണക്കിൽ ഏറ്റവും കൂടുതൽ കേസുകൾ കെട്ടിക്കിടക്കുന്നത് തിരുവനന്തപുരത്താണ്. 1370 എണ്ണം. കുറവ് പത്തനംതിട്ടയിലും. 131 കേസുകൾ. ഫോറൻസിക് ലാബ് റിപ്പോർട്ടുകൾ കിട്ടാൻ വൈകുന്നതും കൊവിഡ് വ്യാപനവും മറ്റും വിചാരണ നീളാൻ കാരണമായെന്ന് ആഭ്യന്തരവകുപ്പിന്റെ രേഖകൾ വ്യക്തമാക്കുന്നു.
പീഡനക്കേസുകളും പോക്‌സോ കേസുകളും വേഗത്തിൽ വിചാരണ നടത്താൻ 14 എക്‌സ്‌ക്ലൂസീവ് പോക്‌സോ കോടതികൾ ഉൾപ്പെടെ 56 അതിവേഗ പ്രത്യേക കോടതികൾ സംസ്ഥാനത്തുണ്ട്. കൂടാതെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതികളെയും മറ്റ് ജില്ലകളിലെ ഫസ്റ്റ് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതികളെയും ചിൽഡ്രൻസ് കോർട്ടായി വിജ്ഞാപനം ചെയ്തിട്ടുണ്ട്.
കൊവിഡ് വിചാരണകളെ സാരമായി ബാധിച്ചെങ്കിലും പ്രത്യേക പോക്‌സോ കോടതികൾ സ്ഥാപിക്കുന്നതിന് മുമ്പുള്ള സാഹചര്യങ്ങളുമായി തട്ടിച്ചുനോക്കിയാൽ കേസുകൾ തീർപ്പാക്കുന്നതിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും ആഭ്യന്തരവകുപ്പിന്റെ രേഖകൾ
28 തസ്തിക
ഫോറൻസിക് ലാബുകളിലെ കാലതാമസം ഒഴിവാക്കാൻ 28 സയന്റിഫിക് ഓഫീസർ തസ്തികകൾ അനുവദിച്ചു. ഇത് നടപടികൾ വേഗത്തിലാക്കും. കേസുകളുടെ ഫയലിംഗും തീർപ്പാക്കിയ കേസുകളുടെയും തീർപ്പാക്കാനുള്ള കേസുകളുടെയും എണ്ണവും പോക്‌സോ ആക്ടിന് കീഴിലുള്ള കേസുകളുടെ എണ്ണവും വിചാരണയുടെ പുരോഗതിയും ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി നിരന്തരം നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്.
ജില്ല കേസുകൾ
തിരുവനന്തപുരം 1370 കൊല്ലം 463 പത്തനംതിട്ട 131 കോട്ടയം 219 ആലപ്പുഴ 468 തൊടുപുഴ 362 എറണാകുളം 704 തൃശൂർ 368 പാലക്കാട് 519 മലപ്പുറം 578 കോഴിക്കോട് 642 വയനാട് 241 കണ്ണൂർ 225 കാസർകോട് 232