ഇതെന്ത് ലുക്ക്? എയർ ഇന്ത്യ ജീവനക്കാരുടെ പുതിയ സാരിപാന്റ് യൂണിഫോം എയറിൽ, രൂക്ഷ വിമർശനം

Sunday 21 September 2025 3:47 PM IST

ന്യൂഡൽഹി: ടാ​റ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുളള വിമാനക്കമ്പനിയായ എയർ ഇന്ത്യ വീണ്ടും വാർത്തകളിൽ ഇടംപിടിച്ചിരിക്കുകയാണ്. വനിതാ ക്യാബിൻ ക്രൂ അംഗങ്ങൾക്കായി പുതുതായി ഡിസൈൻ ചെയ്തിരിക്കുന്ന യൂണിഫോമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. സെലിബ്രിറ്റി സ്‌​റ്റൈലിസ്​റ്റ് മനീഷ് മൽഹോത്രയാണ് സാരി പാന്റെന്ന പുതിയ യൂണിഫോം ഡിസൈൻ ചെയ്തിരിക്കുന്നത്. ഇത് സോഷ്യൽ മീഡിയയിൽ പല ആശയക്കുഴപ്പങ്ങൾക്കും കാരണമാക്കിയിട്ടുണ്ട്.

പരമ്പരാഗത രീതികളും ആധുനികതയും ഒരുമിച്ചുചേർന്ന തരത്തിലുളള ലുക്കാണ് പുതിയ യൂണിഫോം സമ്മാനിക്കുന്നത്. എന്നാൽ പലരും ഇത് ശരിയല്ലെന്ന് വാദിച്ചിട്ടുണ്ട്. മുംബയിലെ ബിജെപി നേതാവായ പല്ലവി സിടിയും ഈ ചർച്ചയിൽ ഭാഗമായി. അവരുടെ എയർഇന്ത്യയുടെ തീരുമാനത്തെ വിമർശിച്ചിരിക്കുകയാണ്. ഇത് രണ്ട് വളളങ്ങളിൽ കയറി വീഴാൻ പോകുന്നപോലെയാണെന്നും പുതിയ യൂണിഫോമിന് സാരിയുടെ ഭംഗിയോ പാന്റിന്റെ സ്മാർട്ട്‌നെസോ ഇല്ലെന്നും വിമർശിച്ചു.

ക്രൂ അംഗങ്ങൾക്ക് അനുയോജ്യമായ തരത്തിലാണ് പുതിയ യൂണിഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പാന്റിസിനോടൊപ്പം റെഡി യു വെയർ സാരിയും ബോട്ട് നെക്ക് ബ്ലൗസും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരാൾ പ്രതികരിച്ചത് ഇങ്ങനെ, മനീഷ് മൽഹോത്ര എയർ ഇന്ത്യയെയും അതിന്റെ ഉപഭോക്താക്കളെയും ട്രോളുകയാണെന്നാണ് തോന്നുന്നത്. അല്ലെങ്കിൽ അദ്ദേഹത്തിന് സാരിയോടുളള വെറുപ്പായിരിക്കാം, എന്തായാലും വളരെ മോശമാണ്. ഈ യൂണിഫോം വളരെ വിചിത്രമാണെന്നാണ് മ​റ്റൊരാൾ പറഞ്ഞത്.

കഴിഞ്ഞ വർഷം സെപ്തംബറിലാണ് ക്യാബിൻ ക്രൂ അംഗങ്ങൾക്ക് പുതിയ ഡിസൈനിലുളള യൂണിഫോം അവതരിപ്പിക്കുമെന്ന് എയർ ഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചത്. എയർഇന്ത്യയുമായുളള സഹകരണത്തെക്കുറിച്ച് മനീഷ് മൽഹോത്ര പ്രതികരിക്കുകയുണ്ടായി. ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സത്ത ഉൾക്കൊണ്ടുളള യൂണിഫോം സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യമെന്നും അതോടൊപ്പം മോഡേൺ ലുക്കും ചേർത്തെന്ന് അദ്ദേഹം വിശദീകരണം നൽകി.