'പുതിയ പരിഷ്‌കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തും, ജിഎസ്ടി ഇളവ് നികുതി ഭാരത്തിൽ നിന്നുളള മോചനം'

Sunday 21 September 2025 5:21 PM IST

ന്യൂഡൽഹി: ജിഎസ്ടി ഇളവ് സാധാരണ ജനങ്ങൾക്ക് വലിയ ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഞ്ച് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജിഎസ്ടി സേവിംഗ്സ് ഉത്സവത്തിന് നാളെ തുടക്കം കുറിക്കുമെന്നും മോദി കൂട്ടിച്ചേർത്തു. രാജ്യത്തിന് നവരാത്രി ആശംസകളും അദ്ദേഹം നേർന്നു.

'ഇത് രാജ്യത്തിന്റെ വളർച്ചയ്ക്ക് ഊർജം നൽകും. പുതിയ പരിഷ്‌കാരം ഇന്ത്യയുടെ വികാസത്തെ ത്വരിതപ്പെടുത്തും. മദ്ധ്യവർഗം, യുവാക്കൾ, കർഷകർ, ഉൾപ്പെടെ എല്ലാവർക്കും പ്രയോജനമാകും. നികുതി ഭാരത്തിൽ നിന്ന് മോചനമുണ്ടാകും. ജനാഭിലാഷം തിരിച്ചറിഞ്ഞാണ് സർക്കാരിന്റെ തീരുമാനം. ഒരു രാജ്യം ഒരു നികുതിയെന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുന്നു. ഈ പരിഷ്‌കാരത്തിന് തുടർച്ചയുണ്ടാകും.

നവരാത്രിയുടെ ആദ്യ ദിവസം രാജ്യത്തെ കോടാനുകോടി വീടുകളിലേക്ക് മധുരം എത്തും. രാജ്യത്തെ സമസ്ത മേഖലയ്ക്കും ജിഎസ്ടി 2.0 നേട്ടമായിരിക്കും. രാജ്യത്ത് മുൻപ് ഓരോ നികുതി ആയിരുന്നു. വ്യത്യസ്ത നികുതി ജനങ്ങളെ പ്രയാസപ്പെടുത്തി. നികുതി ഭാരത്തിൽ നിന്ന് രാജ്യത്തിന് മോചനം ലഭിക്കുകയാണ്. വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കുന്ന പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

സ്കൂട്ടർ, ബൈക്ക്, കാർ, ടിവി തുടങ്ങിയവയുടെ വില കുറയും. പുതിയ തീരുമാനവുമായി ബന്ധപ്പെട്ട് വ്യാപാരികൾ വലിയ സന്തോഷത്തിലാണ്. നിത്യോപയോഗ സാധനങ്ങൾക്കും മരുന്നുകൾക്കും വില കുറയും. പുതിയ വീട് നിർമിക്കുന്നവർക്ക് ചെലവ് കുറയും. യാത്രകൾ‌ക്കും ഹോട്ടലിലെ താമസത്തിനും ചെലവ് കുറയും. 99 ശതമാനം സാധനങ്ങളും അഞ്ച് ശതമാനം സ്ലാബിൽ വരും.

എല്ലാ സംസ്ഥാനങ്ങളുമായും ചർച്ച ചെയ്താണ് ഈ തീരുമാനമെടുത്തത്. നാളെ മുതൽ അഞ്ച്, 18 ശതമാനം ജിഎസ്ടി സ്ലാബുകൾ മാത്രമേ രാജ്യത്തുണ്ടാകൂ. പലതരം നികുതികളാണ് രാജ്യത്ത് വിലവർ‌ദ്ധനയ്ക്ക് കാരണമായിരുന്നത്. ജിഎസ്ടി ഈ പ്രതിസന്ധികൾ പരിഹരിച്ചു. എല്ലാ വിഭാഗത്തിനും നേട്ടമുണ്ടാക്കുന്ന തീരുമാനമാണ് സർ‌ക്കാരിന്റേത്. ദേശത്തിന്റെ സമൃദ്ധിക്ക് സ്വദേശി ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണം. വിദേശ ഉത്പനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കണം. നിരക്കുകളിലെ മാറ്റത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കും. പദയാത്രകൾ നടത്താനും തീരുമാനമായിട്ടുണ്ട്. നവ മദ്ധ്യ വർഗത്തിന് ഇരട്ടി ഐശ്വര്യമാണ് ഉണ്ടാവുക'- മോദി പറഞ്ഞു.