കിട്ടാനില്ല യൂറിയ

Monday 22 September 2025 1:12 AM IST

കോട്ടയം : ഒന്നാം കൃഷി ആരംഭവേളയിൽ യൂറിയക്ഷാമം രൂക്ഷമായതും, രാസവളം വില വർദ്ധിച്ചതും കർഷകരെ പ്രതിസന്ധിയിലാക്കുന്നു. വളം കമ്പനികൾ കൃത്രിമ ക്ഷാമം ഉണ്ടാക്കുന്നതായാണ് ആക്ഷേപം. യൂറിയയ്ക്കൊപ്പം വിലക്കൂടുതലുള്ള മൈക്രോ ന്യൂട്രിയന്റുകൾ കർഷകരെ അടിച്ചേൽപ്പിക്കുകയാണ്. 50 കിലോ യൂറിയയ്ക്ക് ശരാശരി 300 രൂപ വരെയാണ് ഈടാക്കുന്നത്. രണ്ട് ചാക്ക് യൂറിയ ആവശ്യപ്പെട്ട് വരുന്നവർക്ക് രണ്ടിരട്ടി വിലവരുന്ന 25 കിലോ തൂക്കം വരുന്ന മൈക്രോഫുഡുകൾ കൂടി വാങ്ങിയാലേ യൂറിയ വിതരണം ചെയ്യൂ. മിശ്രിത വളങ്ങൾക്ക് മൂന്നിരട്ടി വില നൽകണം. അതിന് യഥാർത്ഥ ഗുണം ലഭിക്കുകയുമില്ലെന്നാണ് കർഷകർ പറയുന്നത്. മിക്ക സഹകരണ സംഘങ്ങൾക്കും യൂറിയ സ്റ്റോക്ക് ചെയ്യാനുളള ഗോഡൗൺ സംവിധാനം കുറവാണ്. നടീൽ കഴിഞ്ഞ് ഒരുമാസത്തിനകവും കതിര് വരുന്നതിന് മുൻപായും നൽകേണ്ട വളങ്ങളിൽ പ്രധാനമാണ് യൂറിയ.

വിളവ് കുറയുമെന്ന് ആശങ്ക

നെൽകൃഷി കൂടാതെ കൈത, കപ്പ, വാഴ, റബർ എന്നിവയ്ക്കാണ് യൂറിയ കൂടുതലായി ഉപയോഗിക്കുന്നത്. അമോണിയം ഫോസ്‌ഫേറ്റടങ്ങുന്ന ഫാക്ടംഫോസ് കൃഷിയ്ക്ക് അഭിവാജ്യമാണ്. യൂറിയയും പൊട്ടാഷും മിശ്രിതമാക്കിയാണ് ഇടേണ്ടത്. ഇത് കിട്ടിയില്ലെങ്കിൽ കൂട്ടുവളമാണ് പിന്നെ ആശ്രയം. യൂറിയ നെൽച്ചെടികൾക്ക് കൃത്യ അളവിൽ നൽകിയില്ലെങ്കിൽ വിളവ് കുറയുമെന്ന ആശങ്കയിലാണ് കർഷകർ. ഒരു ഏക്കറിന് 50 കിലോ ഫാക്ടംഫോസ്, 20 കിലോ പൊട്ടാഷ്, 15 മുതൽ 25 കിലോ വരെ യൂറിയ എന്ന ക്രമത്തിലാണ് നെൽച്ചെടികൾക്ക് വളം നൽകുന്നത്.

കടത്ത് വ്യാപകമെന്ന് ആക്ഷേപം

മലയോര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് യൂറിയ കടത്ത് വ്യാപകമാണ്. പെരുമ്പാവൂരിലേക്കാണ് കൂടുതലായി കൊണ്ടു പോകുന്നത്. എൻ.പി.കെ അടിസ്ഥാനത്തിലാണ് വളപ്രയോഗം നടത്തേണ്ടതെങ്കിലും യൂറിയ മാത്രം അമ്പത് ചാക്ക് വാങ്ങിയാണ് കടത്തുന്നത്. തമിഴ്‌നാട്ടിൽ നിന്നാണ് സംസ്ഥാനത്തേക്ക് ആവശ്യമായ വളങ്ങൾ കൊണ്ടുവരുന്നത്.

''കൂട്ടവളങ്ങൾ നിർമ്മിക്കുന്നതിനും യൂറിയ ആവശ്യമാണ്. നിലവിൽ ആവശ്യമായ വളങ്ങളുടെ പകുതി ലോഡ് പോലും സംസ്ഥാനത്തേയ്ക്ക് എത്താത്ത സ്ഥിതിയാണ്. കൃത്യമായ അലോട്ട്‌ന്റെ് നൽകുന്നതിലുണ്ടായ അനാസ്ഥയും ക്ഷാമത്തിന് ഇടയാക്കുന്നു.

ജോണി, കർഷകൻ